ലണ്ടനിൽ നിന്ന് ന്യൂയോർക്ക് നഗരം ലക്ഷ്യമാക്കി പറന്നുയർന്നു; 40,000 അടി ഉയരത്തിൽ കാഴ്ചകൾ കണ്ട് സഞ്ചാരം; പൊടുന്നനെ യാത്രക്കാരെ ഭയപ്പെടുത്തി കോക്ക്പിറ്റ് വാതിൽ തുറന്നു; ആരും...പേടിക്കണ്ട എന്ന് വിളിച്ചുപറഞ്ഞ് ക്യാബിൻ ക്രൂ; വീട്ടുകാരെ ഒന്ന് കാണിക്കാൻ പൈലറ്റ് ചെയ്തത് ആന മണ്ടത്തരം
ലണ്ടൻ: ഇപ്പോൾ വർധിച്ചുവരുന്ന വിമാനാപകടങ്ങൾ കാരണം ആളുകൾക്ക് ആകാശത്ത് പറക്കുന്നത് ഒരു പേടിസ്വാപ്നമായി മാറിയിരിക്കുകയാണ്.ചിലപ്പോൾ വിമാനത്തിലെ യാത്രക്കാരുടെ അല്ലെങ്കിൽ ജീവനക്കാരുടെ ഇടപെടലും വലിയ അപകടങ്ങൾക്ക് വഴി തെളിയിക്കുകയും ചെയ്യുന്നു. അത്തരമൊരു സംഭവമാണ് ലണ്ടനിൽ സംഭവിച്ചിരിക്കുന്നത്.
തന്റെ കുടുംബാംഗങ്ങൾക്ക് വിമാനം പറപ്പിക്കുന്നത് കാണിച്ചു കൊടുക്കുന്നതിനായി കോക്ക്പിറ്റ് വാതിൽ തുറന്നിട്ട ബ്രിട്ടീഷ് എയർവേയ്സ് പൈലറ്റ് ജാക്ക് സ്റ്റാൻഡേർഡിനെ കമ്പനി സസ്പെൻഡ് ചെയ്തു. കഴിഞ്ഞയാഴ്ച ഹീത്രൂവിൽ നിന്ന് ന്യൂയോർക്കിലേക്ക് തിരിച്ച വിമാനത്തിലാണ് നാടകീയ സംഭവം നടന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കാര്യം പുറം ലോകം അറിഞ്ഞത്. വിമാനത്തിലുണ്ടായിരുന്ന തന്റെ കുടുംബത്തെ വിമാനം പറപ്പിക്കുന്നത് നേരിട്ട് കാണിക്കാനാണ് പൈലറ്റ് കോക്ക്പിറ്റ് വാതിൽ തുറന്നിട്ടതെന്നാണ് റിപ്പോർട്ടുകൾ. ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിലൂടെയാണ് പൈലറ്റ് തന്നെ വിശദീകരണവുമായി എത്തിയത്. പറന്നുയർന്നതിന് ശേഷമാണ് കോക്ക്പിറ്റ് വാതിൽ തുറന്നതെന്നും ഇത് അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നുമാണ് പൈലറ്റ് വീഡിയോയിൽ വിശദീകരിച്ചത്.
എന്നാൽ, കോക്ക്പിറ്റ് വാതിൽ തുറന്നുകിടക്കുന്നത് കണ്ട യാത്രക്കാരും മറ്റ് ജീവനക്കാരും പരിഭ്രാന്തരായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മറ്റ് ക്രൂ അംഗങ്ങൾ ബ്രിട്ടീഷ് എയർവേയ്സ് അധികൃതരെ അറിയിക്കുകയായിരുന്നു.
പൈലറ്റിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയതിനെ തുടർന്ന്, ഓഗസ്റ്റ് 8-ന് ലണ്ടനിലെത്തേണ്ടിയിരുന്ന ന്യൂയോർക്ക്-ലണ്ടൻ വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കി. ഈ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന യാത്രക്കാർക്ക് മറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ കമ്പനി ഒരുക്കി നൽകിയിട്ടുണ്ട്.
സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ബ്രിട്ടീഷ് എയർവേയ്സ് അധികൃതർ വ്യക്തമാക്കി. വിമാനയാത്രയുടെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച ഈ സംഭവം ഗൗരവമായാണ് അധികൃതർ കാണുന്നത്.
അതേസമയം, മറ്റൊരു സംഭവത്തിൽ വിമാനവും ആയുള്ള കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിലെ രണ്ട് ജീവനക്കാർക്ക് പരിക്ക്. വെള്ളിയാഴ്ച യു.എസിലെ ഹോളിവുഡ് ബർബാങ്ക് എയർപോർട്ടിൽ നിന്ന് ലാസ് വേഗാസിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം നടന്നത്. പറന്നുയർന്ന് ആറ് മിനിറ്റിനുള്ളിൽ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിന് കുറുകെയുള്ള ദിശയിൽ ഒരു സ്വകാര്യ ജെറ്റ് പ്രത്യക്ഷപ്പെടുകയായിരുന്നു. പെട്ടെന്ന് വിമാനം 500 അടി താഴ്ത്തി.
യാത്ര തുടർന്ന വിമാനം ലാസ് വേഗാസിൽ വിജയകരമായി ലാൻഡ് ചെയ്തെന്നും യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു. ഈ മാസം 18ന് നോർത്ത് ഡക്കോട്ടയിൽ ഡെൽറ്റാ എയർലൈൻസ് വിമാനത്തിന്റെ ദിശയിൽ യു.എസ് വ്യോമസേനയുടെ ബി 52 സ്ട്രാറ്റോഫോർട്രസ് ബോംബർ പ്രത്യക്ഷപ്പെട്ടിരുന്നു. ഡെൽറ്റാ പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ തലനാരിഴയ്ക്കാണ് ആകാശ ദുരന്തം ഒഴിവായത്.