നമസ്‌തേ സദാ വത്സലേ മാതൃഭൂമേ..' എന്ന് തുടങ്ങുന്ന പ്രാര്‍ഥനാ ഗാനം ആലപിക്കുന്ന ഡികെ; കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയുടെ ഗാനാലാപനത്തെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ബിജെപി; കോണ്‍ഗ്രസ് നേതാവിന്റെ ഗണഗീതം ചൊല്ലല്‍ വൈറല്‍; കര്‍ണ്ണാടകയിലെ നിയമസഭയില്‍ സംഭവിച്ചത് എന്ത്?
ബെംഗളൂരു: നിയമസഭയില്‍ ആര്‍എസ്എസ് പ്രാര്‍ഥനാഗാനം ആലപിച്ച കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ വൈറല്‍. ഇത് വിവാദവുമായിട്ടുണ്ട്. ആര്‍എസ്എസ് ശാഖകളില്‍ ചൊല്ലുന്ന 'നമസ്‌തേ സദാ വത്സലേ മാതൃഭൂമേ..' എന്ന് തുടങ്ങുന്ന പ്രാര്‍ഥനാ ഗാനം ആലപിക്കുന്ന ശിവകുമാറിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്. വ്യാഴാഴ്ച, കര്‍ണാടക നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍എസ്എസിന്റെ പ്രാര്‍ഥനാഗാനം ചൊല്ലിയത്.
വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ, താന്‍ എക്കാലവും കോണ്‍ഗ്രസുകാരന്‍ ആയിരിക്കുമെന്ന് വ്യക്തമാക്കി ശിവകുമാര്‍ രംഗത്തുവന്നു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എസ്എസിനെക്കുറിച്ച് പരാമര്‍ശിച്ചതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. എന്നാലിപ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ ആലോചിക്കുകയാണോ എന്ന വിമര്‍ശനം സജീവമാണ്. 'ചെങ്കോട്ടയുടെ മുകളില്‍ നിന്ന് പ്രധാനമന്ത്രി മോദി ആര്‍എസ്എസിന്റെ സംഭാവനകളെക്കുറിച്ച് സംസാരിച്ചതിന് ശേഷം, കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും ഇപ്പോള്‍ ആര്‍എസ്എസിനെ പുകഴ്ത്തുകയാണ്. ശശി തരൂര്‍ മുതല്‍ ഡി.കെ. ശിവകുമാര്‍ വരെ കോണ്‍ഗ്രസില്‍ ആരും രാഹുലിനെ ഗൗരവമായി കാണുന്നില്ല!' ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എക്‌സില്‍ കുറിച്ചത് ഇങ്ങനെയാണ്.
'ജന്മനാ ഞാനൊരു കോണ്‍ഗ്രസുകാരനാണ്. ഒരു നേതാവെന്ന നിലയില്‍ എന്റെ എതിരാളികളെയും സുഹൃത്തുക്കളെയും ഞാന്‍ അറിയണം. അവരെക്കുറിച്ച് ഞാന്‍ പഠിച്ചിട്ടുണ്ട്. ബിജെപിയുമായി കൈകോര്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും വേണ്ട. ഞാന്‍ കോണ്‍ഗ്രസിനെ നയിക്കും. ജനിച്ചകാലം മുതല്‍ ഞാന്‍ കോണ്‍ഗ്രസിനൊപ്പമാണ്.' ശിവകുമാര്‍ പറഞ്ഞു. ഡി.കെ. ശിവകുമാര്‍ ഒരുകാലത്ത് ആര്‍എസ്എസ് വേഷം ധരിച്ചിരുന്നു എന്ന പ്രതിപക്ഷ നേതാവ് ആര്‍. അശോകയുടെ ആരോപണത്തിന് മറുപടിയായാണ് അദ്ദേഹം തമാശരൂപേണ ആര്‍എസ്എസ് പ്രാര്‍ഥന ചൊല്ലിയത്.
ആര്‍സിബി വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഡി കെ ശിവകുമാര്‍ ഒരു ആര്‍എസ്എസ് ഗീതം ആലപിച്ചത്. ബിജെപി നിയമസഭാംഗങ്ങള്‍ മേശയില്‍ അടിച്ചുകൊണ്ട് ഗീതത്തെ സ്വാഗതം ചെയ്തു. കോണ്‍ഗ്രസ് അംഗങ്ങളെല്ലാം നിശബ്ദമായി ഇരിക്കുന്നതും വീഡിയോയില്‍ കാണാം. 73 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉപമുഖ്യമന്ത്രി നമസ്‌തേ സദാ വത്സലേ മാതൃഭൂമി എന്ന ആര്‍എസ്എസ് ഗീതം ആലപിക്കുന്നത് കാണാം.
വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലും വ്യാപകമായ ചര്‍ച്ച ആരംഭിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന് ഡി കെ ശിവകുമാര്‍ നല്‍കുന്ന സൂചനയാണ് ഇതെന്നും ഉടന്‍ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ബിജെപിയില്‍ ചേരുമെന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നതെന്നുമാണ് സമൂഹ മാധ്യമങ്ങളിലെ വിലയിരുത്തലുകള്‍.