23000 അടി ഉയരത്തില്‍ കിര്‍ഗിസ്ഥാനിലെ കൊടുമുടിയില്‍ പരിക്കേറ്റ് കുടുങ്ങി പര്‍വ്വതാരോഹിക; മൈനസ് 23 ഡിഗ്രി തണുപ്പില്‍ നിന്ന് രക്ഷപ്പെടാനാവാതെ സഹായം ചോദിച്ച് കഴിയുന്നത് പത്താം ദിവസം; ഒരു രക്ഷാപ്രവര്‍ത്തകന്‍ അതിശൈത്യത്തില്‍ മരിച്ചതോടെ മലമുകളില്‍ നതാലിയയെ മരിക്കാന്‍ വിട്ടുകൊടുക്കേണ്ടി വന്നേക്കുമോ എന്ന ആശങ്ക
23000 അടി ഉയരത്തില്‍ കിര്‍ഗിസ്ഥാനിലെ കൊടുമുടിയില്‍ പരിക്കേറ്റ് കുടുങ്ങിയ റഷ്യന്‍ പര്‍വതാരോഹിക നതാലിയയുടെ ആരോഗ്യ നിലയില്‍ ആശങ്ക ശക്തം. കിര്‍ഗിസ്ഥാനിലെ കൊടുമുടിയില്‍ 22,965 അടി (ഏകദേശം 7,000 മീറ്റര്‍) ഉയരത്തില്‍ കാലൊടിഞ്ഞ് പത്ത് ദിവസത്തോളം കുടുങ്ങിക്കിടക്കുകയാണ് നതാലിയ. നതാലിയയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കടുപ്പമേറിയ കാലാവസ്ഥയും കൊടും തണുപ്പും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത വെല്ലുവിളിയായി.
ഓഗസ്റ്റ് 12-നാണ് നതാലിയക്ക് പരിക്കേല്‍ക്കുന്നത്. ഉടന്‍തന്നെ കൂടെയുണ്ടായിരുന്ന പങ്കാളി പ്രാഥമിക സഹായങ്ങള്‍ നല്‍കി താഴെയിറങ്ങി സഹായം തേടി. എന്നാല്‍ അതിനുശേഷം താപനില മൈനസ് 23 ഡിഗ്രി സെല്‍ഷ്യസ് വരെയായി താഴ്ന്നു. ഹെലികോപ്റ്ററും പര്‍വതാരോഹകരെ ഉപയോഗിച്ചുള്ള നേരിട്ടുള്ള രക്ഷാപ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെ നിരവധി ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇതിനിടെ ഒരു രക്ഷാപ്രവര്‍ത്തകനും മരിച്ചു. നതാലിയക്ക് സ്ലീപ്പിംഗ് ബാഗ്, ടെന്റ്, ഭക്ഷണസാധനങ്ങള്‍, വെള്ളം, ഗ്യാസ് കുക്കര്‍ എന്നിവ എത്തിക്കാന്‍ ശ്രമിച്ച ഇറ്റാലിയന്‍ പര്‍വതാരോഹകന്‍ ലൂക്കാ സിനിഗാഗ്ലിയ (49) ആണ് ഓക്‌സിജന്റെ അഭാവം അടക്കം കാരണം മരണത്തിന് കീഴടങ്ങിയത്.
നാല് ദിവസങ്ങള്‍ക്ക് മുന്‍പുവരെ ഡ്രോണ്‍ ഫൂട്ടേജില്‍ നതാലിയ കൂടാരത്തിനുള്ളില്‍ ചലിക്കുന്നത് കണ്ടിരുന്നു. ഇത് ഒരു നേരിയ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും, രക്ഷാപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തില്‍ എത്തിയില്ല. ഇത് വലിയ പ്രതിസന്ധിയായി മാറുന്നുണ്ട്. നതാലിയ ജീവനോടെയുണ്ടാകാന്‍ സാധ്യത 'അതിവിദൂരമാണ്' എന്ന് കിര്‍ഗിസ് മൗണ്ടനീയറിംഗ് ഫെഡറേഷന്‍ തലവന്‍ എഡ്വാര്‍ഡ് കുബാറ്റോവ് ബിബിസിയോട് സ്ഥിരീകരിക്കുന്നുണ്ട്. അപ്പോഴും രക്ഷാദൗത്യം തുടരുകയാണ്. ആരും പ്രതീക്ഷ കൈവിട്ടിട്ടില്ല.
നതാലിയയുടെ പോരാട്ടവീര്യം ലോകമറിഞ്ഞതാണ്. 2021-ല്‍ 22,000 അടി ഉയരത്തില്‍ വെച്ച് ഭര്‍ത്താവ് സെര്‍ഗേയിക്ക് ഹൃദയാഘാതമുണ്ടായപ്പോള്‍ അദ്ദേഹത്തെ ഉപേക്ഷിച്ച് താഴെയിറങ്ങാന്‍ വിസമ്മതിച്ച്, കൂടെ നിന്ന ധീരയായ പര്‍വതാരോഹകയാണവര്‍. ആ സംഭവം അന്ന് വലിയ വാര്‍ത്തയായിരുന്നു. ലോകം അംഗീകരിച്ച ഒരു പര്‍വതാരോഹകയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഏവരുടേയും പ്രതീക്ഷ.