ആദ്യം അഭയാര്‍ഥികളെ ആഡംബര ഹോട്ടലുകളില്‍ സര്‍ക്കാര്‍ താമസിപ്പിച്ചു; ഇപ്പോള്‍ സൗജന്യ ത്രീ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളില്‍ സുഖവാസം; വാടക കൊടുത്താല്‍ പോലും നാട്ടുകാര്‍ക്ക് വീടില്ല; രോഷം കൊണ്ട് തിളയ്ക്കുന്ന ബ്രീട്ടീഷുകാര്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ പ്രതിഷേധത്തില്‍
ബ്രീട്ടീഷുകാര്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ പ്രതിഷേധത്തില്‍
ലണ്ടന്‍: ബ്രിട്ടനില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കായി സര്‍ക്കാര്‍ നല്‍കിയ ആഡംബര ജീവിതത്തില്‍ കടുത്ത അതൃപ്തിയിലാണ് നാട്ടുകാര്‍. സഫോക്കിലെ ഒരു ഗ്രാമത്തില്‍ മൂന്ന് ലക്ഷം പൗണ്ട് വില വരുന്ന ടൗണ്‍ഹൗസിലാണ് അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരിക്കുന്നത്. മൂന്ന് കിടപ്പുമുറികളുള്ള ഓരോ അപ്പാര്‍ട്ട്മെന്റിലും വന്‍ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധത്തിലാണ് ഇവിടുത്തെ നാട്ടുകാര്‍.
നാല് കെട്ടിടങ്ങളിലും എന്‍-സ്യൂട്ട് ബാത്ത്റൂമുകള്‍, ആധുനിക അടുക്കളകള്‍, അണ്ടര്‍ഫ്ലോര്‍ ഹീറ്റിംഗ്, ഇലക്ട്രിക് വാഹന ചാര്‍ജിംഗ് പോയിന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വളരെ വിശാലമായ ഒരു സ്ഥലത്താണ് ഈ അപ്പാര്‍ട്ട്മെന്റുകള്‍ സ്ഥിതി ചെയ്യുന്നത്.
വാടകയായി അഭയാര്‍ത്ഥികള്‍ ഒരു രൂപ പോലും നല്‍കേണ്ടതില്ല. എന്നാല്‍ സര്‍ക്കാര്‍ ഓരോന്നിനും പ്രതിമാസം 1200 പൗണ്ട് വാടകയായി നല്‍കുന്നു എന്നാണ് പറയപ്പെടുന്നത്. ഹോം ഓഫീസുമായുള്ള കരാര്‍ പ്രകാരം പൊതു സേവന സ്ഥാപനമായ സെര്‍കോയാണ് വീടുകള്‍ പാട്ടത്തിന് എടുത്തിരിക്കുന്നത്. ഇതുവരെ ഒരു കുടുംബം മാത്രമേ ടൗണ്‍ഹൗസുകളിലേക്ക് താമസം മാറിയിട്ടുള്ളൂ.
അതേ സമയം ഇവര്‍ സാധാരണയായി അഭയാര്‍ത്ഥികള്‍ വരുന്നത് പോലെ ചെറു ബോട്ട് വഴിയല്ല നിയമപരമായ വഴിയിലൂടെയാണ് എത്തിയതെന്നാണ് കരുതപ്പെടുന്നത്. തങ്ങളെ അറിയിക്കാതെ രഹസ്യമായിട്ടാണ് ഇവരെ പാര്‍പ്പിക്കാന്‍ തീരുമാനിച്ചത് എന്നാണ് നാട്ടുകാര്‍
ആരോപിക്കുന്നത്. കൂടാതെ നാട്ടുകാരെ വാടക നല്‍കിയാല്‍ പോലും ഇവിടെ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തത് എന്ത് കൊണ്ടാണ് എന്നും അവര്‍ ചോദിക്കുന്നു.
ഇവിടെ വീടുകള്‍ ലഭിക്കാനായി എണ്ണൂറോളം പേര്‍ അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് അഭയാര്‍ത്ഥികളെ കൊണ്ടു വന്ന് താമസിപ്പിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ പണം നല്‍കാന്‍ തയ്യാറായിട്ടും സൗജന്യമായി കുറേ പേരെ കൊണ്ടു വന്ന് താമസിപ്പിക്കുന്നത് തെറ്റായ നടപടിയാണ് എന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
അതേ സമയം ഇവിടെ കുറേ ആളുകള്‍ അഭയാര്‍ത്ഥികളെ താമസിക്കുന്നതിനോട് യോജിപ്പും പ്രകടിപ്പിച്ചിട്ടുണ്ട്. 2029 ഓടെ അഭയാര്‍ത്ഥികളെ
ആഡംബര ഹോട്ടലുകളില്‍ താമസിപ്പിക്കുന്നത് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ സൂചന നല്‍കിയിരുന്നു. പ്രതിദിനം ഏകദേശം 9 മില്യണ്‍ പൗണ്ടാണ് 400 ഓളം ഹോട്ടലുകാര്‍ക്കായി സര്‍ക്കാര്‍ നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം സ്വീകരിച്ച പുതിയ നടപടികളിലൂടെ ഹോട്ടലുകള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ ഏകദേശം ഒരു ബില്യണ്‍ പൗണ്ട് കുറവ് വന്നിട്ടുണ്ട്.