'നീ നേതാവ് കളിക്കേണ്ടെന്ന് പറഞ്ഞ് കോളറില്‍ കയറിപ്പിടിച്ചു; ആദ്യ അടിയില്‍ കര്‍ണ്ണപടം പൊട്ടി; കേള്‍വി പ്രശ്‌നമായി; കാലിനടിയില്‍ ലാത്തികൊണ്ട് അടിച്ചു; വെള്ളം കുടിക്കാന്‍ ചോദിച്ചെങ്കിലും തന്നില്ല'; കുന്ദംകുളം പൊലീസ് സ്‌റ്റേഷനിലെ ക്രൂരത ഓര്‍ത്തെടുത്ത് വി.എസ്. സുജിത്ത്

കുന്ദംകുളം പൊലീസ് സ്‌റ്റേഷനിലെ ക്രൂരത ഓര്‍ത്തെടുത്ത് വി.എസ്. സുജിത്ത്

Update: 2025-09-03 13:23 GMT

തൃശൂര്‍: പൊലീസ് മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാന്‍ രണ്ടു വര്‍ഷമായി തീവ്രമായ പോരാട്ടമാണ് നടത്തിയതെന്നും അവ പുറത്തുവന്നതോടെയാണ് പൊതുജനങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും കാര്യങ്ങള്‍ വ്യക്തമായതെന്നും മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്ത്. ഓരോ തവണ വിവരാവകാശം വയ്ക്കുമ്പോഴും ദൃശ്യങ്ങള്‍ തരാന്‍ നിര്‍വാഹമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും സുജിത്ത് വിശദീകരിച്ചു.

കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ നേരിട്ട മര്‍ദനം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിന്റേത്. സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസ് ലാത്തികൊണ്ട് കാലിന് പതിനഞ്ച് മിനുട്ടോളം അടിച്ചെന്നും കുടിക്കാന്‍ വെള്ളം ചോദിച്ചിട്ട് തന്നില്ലെന്നും സുജിത്ത് പറയുന്നു. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസിന്റെ ക്രൂരത. നീ ആരാണ് ഇടപെടാന്‍ എന്ന് ചോദിച്ച പൊലീസ്, തന്റെ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് ജീപ്പില്‍ കയറ്റിയെന്നും സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നും സുജിത്ത് പറഞ്ഞു.

'രണ്ട് വര്‍ഷം മുന്‍പ് വീടിന് സമീപത്ത് ഇരിക്കുമ്പോഴാണ് പൊലീസുകാര്‍ എത്തുന്നത്. സുഹൃത്തുക്കളോട് പൊലീസുകാര്‍ ചൂടായി സംസാരിക്കുകയും ലാത്തി വീശുകയും ഒക്കെയുണ്ടായി. സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചത് അറിയിച്ച പ്രകാരമാണ് താന്‍ അവിടെ എത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്ന് പറഞ്ഞപ്പോള്‍, നീ നേതാവ് കളിക്കേണ്ടെന്ന് പറഞ്ഞ് കോളറില്‍ കയറിപ്പിടിക്കുകയായിരുന്നു. പിന്നീട് നടക്കടാ സ്റ്റേഷനിലേക്ക് എന്ന് പറഞ്ഞ് ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയാണ് ഉണ്ടായത്,' ആ ദിവസം സുജിത്ത് ഓര്‍ത്തെടുത്തു.

'എസ്‌ഐയും ഡ്രൈവറും ചേര്‍ന്നാണ് എന്നെ അവിടെ നിന്നും കൊണ്ടുവന്നത്. സ്റ്റേഷനിലേക്ക് എത്തുന്നതിനു മുന്‍പ് തന്നെ ശശിധരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തലയ്ക്ക് അടിച്ചു. അതിന് ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഒന്നാം നിലയില്‍ നടന്ന മര്‍ദനത്തേക്കാള്‍ കൂടുതല്‍ മര്‍ദിച്ചത് മുകള്‍നിലയില്‍ വച്ചാണ്. ആദ്യത്തെ അടിയില്‍ തന്നെ കര്‍ണ്ണപടം പൊട്ടുകയും തലകറങ്ങുകയും ചെയ്തിരുന്നു. താന്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ തയ്യാറാവാതെ അവര്‍ മര്‍ദിക്കുകയായിരുന്നു,' സുജിത്ത് നടുക്കുന്ന പൊലീസ് ക്രൂരത വെളിപ്പെടുത്തി.

മര്‍ദനത്തിന് പിന്നാലെ ഇടത് ചെവിക്ക് കേള്‍വി പ്രശ്‌നം നേരിട്ടെന്നും യുവാവ് പറയുന്നു. എസ് ഐയുടെ നിര്‍ദേശപ്രകാരമാണ് പൊലീസുകാര്‍ മര്‍ദിച്ചതെന്നും താന്‍ പാര്‍ട്ടി പ്രവര്‍ത്തകനായതിനാലാകാം മര്‍ദിച്ചതെന്നും സുജിത്ത് പറയുന്നു. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും പറയുന്നത് കേള്‍ക്കാന്‍ പൊലീസ് തയ്യാറായില്ല. സിസിടിവിയില്‍ കാണുന്നതിന് പുറമെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ കൊണ്ടുപോയി മര്‍ദിച്ചു. ചുമരിനോട് ചേര്‍ത്ത് ഇരുത്തി കാല്‍ നീട്ടിവെപ്പിച്ച് കാലിനടിയില്‍ ലാത്തികൊണ്ട് തല്ലി. തല്ലിയതിന് ശേഷം നിവര്‍ന്ന് നിന്ന് ചാടാന്‍ പറഞ്ഞു. ഇങ്ങനെ പതിനഞ്ച് തവണയെങ്കിലും ചെയ്യിപ്പിച്ചു. വെള്ളം കുടിക്കാന്‍ ചോദിച്ചെങ്കിലും തന്നില്ലെന്നും യുവാവ് പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിലാണ് പൊലീസ് മര്‍ദനത്തെകുറിച്ച് തുറന്നു പറഞ്ഞതെന്നും ശരീരം മോശം അവസ്ഥയിലായിരുന്നുവെന്നും സുജിത്ത് പറഞ്ഞു.

സിസിടിവി ദൃശ്യം പരിശോധിക്കണമെന്ന് താനാണ് ആവശ്യപ്പെട്ടതെന്നും എന്നാല്‍ ദൃശ്യങ്ങള്‍ തരാന്‍ പൊലീസ് വിസമ്മതിച്ചെന്നും സുജിത്ത് പറയുന്നു. കേസ് ഒതുക്കിതീര്‍ക്കാന്‍ സംസാരങ്ങളുണ്ടായെങ്കിലും അതിന് വഴങ്ങിയില്ല. സസ്പെന്‍ഷന്‍ മാത്രം പോര പൊലീസില്‍ തുടരാന്‍ അവര്‍ അര്‍ഹരല്ലെന്നും കരുതിക്കൂട്ടിയാണ് തന്നെ മര്‍ദിച്ചതെന്നും സുജിത്ത് പറഞ്ഞു.

2023 ഏപ്രില്‍ അഞ്ചാം തീയതി ചൊവ്വന്നൂരില്‍ വെച്ചാണ് സംഭവം നടന്നത്. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ നുഹ്‌മാന്‍, സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടര്‍ന്ന് സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ വൈദ്യ പരിശോധനയില്‍ പൊലീസ് ആക്രമണത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്ന് വ്യക്തമായി.

പിന്നാലെ സുജിത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. എന്നാല്‍ പൊലീസ് ഈ പരാതിയില്‍ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് തെളിവുകള്‍ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുന്നംകുളം പൊലീസുകാര്‍ക്കെതിരെ നേരിട്ട് കേസെടുത്തു.

സുജിത്ത് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നല്‍കാന്‍ തയ്യാറായിരുന്നില്ല. സുജിത്ത് നല്‍കിയ അപ്പീല്‍ അപേക്ഷയില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ടു. വിവരാവകാശ കമ്മീഷന്‍ പൊലീസിനെയും സുജിത്തിനെയും നേരിട്ട് വിളിച്ചു വരുത്തി രണ്ട് പേരുടെയും വാദം കേട്ടു. തുടര്‍ന്ന് സുജിത്ത് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ നല്‍കാവാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Similar News