2024 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ എത്തിയ അയല്‍രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങള്‍ക്ക് ഇനി പൗരത്വ ഭേദഗതി നിയമത്തിന്റെ ആനുകൂല്യം കിട്ടും; പ്രവേശനത്തിനുള്ള കട്ട് ഓഫ് തീയതി പത്തു കൊല്ലം കൂടി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം; സിഎഐയില്‍ വീണ്ടും സുപ്രധാന നീക്കം

Update: 2025-09-03 07:55 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) പ്രകാരമുള്ള ഇന്ത്യയിലേക്കുള്ള പ്രവേശനത്തിനുള്ള കട്ട്-ഓഫ് തീയതി 2024 ഡിസംബര്‍ 31 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനം മൂലം ഇന്ത്യയില്‍ അഭയം തേടിയ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. പൗരത്വം നേടുന്നതിനുള്ള പ്രവേശന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്ന സുപ്രധാന നീക്കമാണിത്.

സിഎഎ നിയമം അനുസരിച്ച്, 2014 ഡിസംബര്‍ 31-നോ അതിനുമുമ്പോ ഇന്ത്യയില്‍ പ്രവേശിച്ച, രേഖകളില്ലാത്ത മുസ്ലീം ഇതര മതന്യൂനപക്ഷങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍, പുതിയ വിജ്ഞാപനത്തിലൂടെ ഈ കാലാവധി പത്ത് വര്‍ഷം കൂടി നീട്ടിക്കൊണ്ട് 2024 ഡിസംബര്‍ 31 ആക്കി മാറ്റിയിരിക്കുകയാണ്. ഇത് ദീര്‍ഘകാലമായി പൗരത്വത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്യും. മതപരമായ പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയവര്‍ക്കാണ് ആനുകൂല്യം കിട്ടുക.

2024 ഡിസംബര്‍ 31-നോ അതിനുമുമ്പോ സാധുവായ യാത്രാരേഖകളില്ലാതെയോ അല്ലെങ്കില്‍ കാലാവധി കഴിഞ്ഞ രേഖകളോടെയോ ഇന്ത്യയില്‍ പ്രവേശിച്ചവര്‍ക്ക് പാസ്പോര്‍ട്ടോ മറ്റ് യാത്രാരേഖകളോ ഹാജരാക്കുന്നതില്‍ നിന്ന് ഇളവ് ലഭിക്കും എന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. അതായത്, ശരിയായ രേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ചവര്‍ക്കും പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരം ലഭിക്കും. ഇന്ത്യയില്‍ അഞ്ച് വര്‍ഷം താമസിച്ചവര്‍ക്കാണ് പൗരത്വത്തിന് അര്‍ഹതയുണ്ടാവുക.

പാര്‍ലമെന്റ് നാല് വര്‍ഷം മുമ്പ് പാസാക്കിയ സിഎഎ നിയമങ്ങള്‍ ഈ വര്‍ഷം മാര്‍ച്ച് 11-നാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. നിയമം നടപ്പിലാക്കുന്നതിനായുള്ള ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതിന് പിന്നാലെയാണ് ഇപ്പോള്‍ കട്ട്-ഓഫ് തീയതി നീട്ടിക്കൊണ്ടുള്ള സുപ്രധാനമായ ഈ നിര്‍ദ്ദേശം വരുന്നത്. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കുടിയേറിയവര്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ് നിയമഭേദഗതി നടത്തിയത്. ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്‌സി വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കും.

2016ല്‍ ആദ്യ ബില്‍. ലോക്‌സഭ പാസാക്കി. രാജ്യസഭ കടന്നില്ല. പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക് വിട്ടു. 2019 ഡിസംബര്‍ 10ന് ലോക്‌സഭ പാസാക്കി. 2019 ഡിസംബര്‍ 11ന് രാജ്യസഭ പാസാക്കി. 2019 ഡിസംബര്‍ 12ന് രാഷ്ട്രപതി അംഗീകാരം നല്‍കി. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സിഎഎ. നിയമമായെങ്കിലും ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാതെ നീട്ടി. മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നത് ഭരണഘടനാവിരുദ്ധമെന്ന വിമര്‍ശനം. ആരുടെയും പൗരത്വം എടുത്ത് കളയാനല്ലെന്ന് സര്‍ക്കാര്‍ വാദം.

Tags:    

Similar News