ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്ക് മിസൈലുകളും ഡ്രോണുകളും നിര്‍വീര്യമാക്കിയ വ്യോമപ്രതിരോധം; ഇന്ത്യയെ പോറലേല്‍പ്പിക്കാതെ കാത്ത 'സുദര്‍ശന്‍ചക്ര'; ആകാശ കവചമൊരുക്കാന്‍ യുഎസ് ഭീഷണി അവഗണിച്ച് റഷ്യയില്‍നിന്ന് കൂടുതല്‍ എസ്-400 സംവിധാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ; ചൈനിസ് അതിര്‍ത്തിയില്‍ രണ്ടെണ്ണം കൂടി വിന്യസിക്കാന്‍ നീക്കം

കൂടുതല്‍ എസ് 400; റഷ്യയുമായി ചര്‍ച്ച

Update: 2025-09-03 06:15 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാന്റെ പ്രത്യാക്രമണങ്ങള്‍ നിര്‍വീര്യമാക്കാന്‍ ഇന്ത്യ ഉപയോഗിച്ച പ്രതിരോധ സംവിധാനമാണ് 'സുദര്‍ശന്‍ ചക്ര' എന്ന വിളിപ്പേരുള്ള എസ് 400 . പാക് ഡ്രോണുകളെയും മിസൈലുകളെയും ഞൊടിയിടയില്‍ തകര്‍ത്ത ഇന്ത്യയുടെ ആകാശ കവചം. ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും നൂതനവും ശക്തവുമായ വ്യോമ പ്രതിരോധ സംവിധാനമാണ് റഷ്യന്‍ നിര്‍മിതമായ എസ് 400.

ഓപ്പറേഷന്‍ സിന്ദൂറിലെ മികച്ച പ്രകടനത്തിന് പിന്നാലെ റഷ്യയില്‍നിന്ന് കൂടുതല്‍ എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യ. ഇതിനായുള്ള ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആരംഭിച്ചതായി റഷ്യ സ്ഥിരീകരിച്ചു. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് ( TASS) ആണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളേ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതിനെതിരെ ഇന്ത്യയ്ക്കെതിരെ യുഎസ് രംഗത്ത് വന്നിരുന്നു. അത് വകവയ്ക്കാതെയാണ് ഇന്ത്യയുടെ നീക്കം. നിലവില്‍ ഇന്ത്യയുടെ ആയുധശേഖരത്തില്‍ ഉള്ളവയില്‍ അധികവും റഷ്യന്‍ സാങ്കേതിക വിദ്യകളാണ്. ഫ്രാന്‍സ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളാണ് റഷ്യ കഴിഞ്ഞാല്‍ ഇന്ത്യ ആയുധങ്ങള്‍ക്കായി ആശ്രയിക്കുന്ന മറ്റ് രാജ്യങ്ങള്‍.

എസ് 400 വ്യോമപ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടത് 2018ലാണ്. ചൈന വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലായിരുന്നു കരാര്‍. മൂന്നു യൂണിറ്റുകള്‍ ഇതുവരെ കൈമാറിയിട്ടുണ്ട്. അവശേഷിക്കുന്ന രണ്ടു യൂണിറ്റുകള്‍ 2027നകം കൈമാറാനാണ് ആലോചന. പ്രതിരോധ സംവിധാനം കൈമാറുന്നത് പല കാരണങ്ങളാല്‍ നീണ്ടിരുന്നു. എത്രയും വേഗം കരാര്‍ പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ നിര്‍ണായക പങ്കാണ് എസ് 400 വഹിച്ചത്. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.

കൂടുതല്‍ എസ് 400 സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നതിന് ഇന്ത്യയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. 2018 ഒക്ടോബറിലാണ് ഇന്ത്യ 5 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇടപാട് റഷ്യയുമായി ഒപ്പുവയ്ക്കുന്നത്. അഞ്ച് യൂണിറ്റുകള്‍ വാങ്ങുന്നതിനായിരുന്നു കരാര്‍. എസ് 400 വാങ്ങിയാല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇന്ത്യ കരാറില്‍ ഒപ്പുവച്ചത്. റഷ്യയുടെ ഏറ്റവും മികച്ച ദീര്‍ഘദൂര സര്‍ഫസ് ടു എയര്‍ മിസൈല്‍ പ്രതിരോധ സംവിധാനമെന്നാണ് എസ് 400 അറിയപ്പെടുന്നത്. 600 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും തിരിച്ചറിയാനും 400 കിലോമീറ്റര്‍ വരെ അകലെ വച്ച് അവയെ തകര്‍ക്കാനും ശേഷിയുള്ളതാണ് എസ് 400 വ്യോമ പ്രതിരോധ സംവിധാനം.

ചൈനീസ് അതിര്‍ത്തിയില്‍ പ്രതിരോധം കടുക്കും

നിലവില്‍ റഷ്യന്‍ നിര്‍മിത എസ്-400 സംവിധാനം ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങുന്നതിനേപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി റഷ്യന്‍ ഫെഡറല്‍ സര്‍വീസ് ഫോര്‍ മിലിട്ടറി - ടെക്നിക്കല്‍ കോര്‍പ്പറേഷന്‍ മേധാവി ദിമിത്രി ഷുഗയേവ് വ്യക്തമാക്കി. എന്നാല്‍, എത്ര എസ്-400 സംവിധാനങ്ങളാകും വാങ്ങുക എന്നതിനേപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. കുറഞ്ഞത് രണ്ട് എസ്-400 സംവിധാനങ്ങള്‍ കൂടി ഇന്ത്യ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്ത്യ- ചൈന, ഇന്ത്യ- പാക് അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുകയാണ് നിലവില്‍ ഇന്ത്യയുടെ പക്കലുള്ള എസ്-400 സംവിധാനങ്ങള്‍. രണ്ടെണ്ണം ചൈനിസ് അതിര്‍ത്തിയോട് ചേര്‍ന്നും ഒരെണ്ണം പാക്കിസ്ഥാനില്‍ നിന്നുള്ള ആക്രമണങ്ങളെ നേരിടുന്നതിനും വേണ്ടിയാണ് വിന്യസിച്ചിരിക്കുന്നത്. പുതിയതായി വാങ്ങുന്നുണ്ടെങ്കില്‍ ചൈനിസ് അതിര്‍ത്തിയില്‍ രണ്ടെണ്ണം കൂടി വിന്യസിച്ചേക്കും.

2018-ല്‍ അഞ്ച് എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാന്‍ റഷ്യയുമായി ഇന്ത്യ കരാറൊപ്പിട്ടിരുന്നു. 550 കോടി ഡോളറിന്റെ ( ഏകദേശം 48,426 കോടി രൂപ) ഇടപാടിനാണ് അന്ന് ഒപ്പുവെച്ചത്. കരാര്‍ പ്രകാരം ഇനി രണ്ട് എസ്-400 യൂണിറ്റുകള്‍ കൂടി ഇന്ത്യയ്ക്ക് റഷ്യ കൈമാറേണ്ടതുണ്ട്. യുക്രൈനുമായുള്ള യുദ്ധത്തെ തുടര്‍ന്ന് ഇത് വൈകുന്നുണ്ട്. 2027-ഓടെ ശേഷിക്കുന്ന എസ്-400 സംവിധാനങ്ങള്‍ ഇന്ത്യയ്ക്ക് റഷ്യ കൈമാറിയേക്കും. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാക്കിസ്ഥാന്റെ അവാക്സ് വിമാനത്തെ 300 കിലോമീറ്റര്‍ ദൂരെനിന്ന് എസ്-400 സംവിധാനം വെടിവെച്ചിട്ടിരുന്നു. ഇന്ത്യ വാങ്ങിയ എസ്-400 സംവിധാനങ്ങള്‍ക്ക് സുദര്‍ശന്‍ ചക്ര എന്നാണ് നല്‍കിയിരിക്കുന്ന പേര്.

മിസൈലുകള്‍, ഡ്രോണുകള്‍, റോക്കറ്റുകള്‍, എയര്‍ ക്രാഫ്റ്റുകള്‍ മുതല്‍ യുദ്ധവിമാനങ്ങളെ വരെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ വജ്രായുധമാണിത്. ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേ സമയം ആക്രമിക്കാനുള്ള ശേഷിയുണ്ട്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരുസമയം 36 ആക്രമണങ്ങളെ വരെ എസ് 400 ചെറുക്കും. എസ് 400 ലെ റഡാറിന് 600 കിലോമീറ്റര്‍ പരിധിയിലുള്ളവയെ വരെ ട്രാക്ക് ചെയ്യാന്‍ സാധിക്കും, കൂടാതെ 400 കിലോമീറ്റര്‍ പരിധിയിലുള്ളവയെ ലക്ഷ്യം വയ്ക്കാനും സാധിക്കും.


ഇന്ത്യയുടെ വജ്രായുധം

റഷ്യയുടെ അല്‍മാസ് സെന്‍ട്രല്‍ ഡിസൈന്‍ ബ്യൂറോ വികസിപ്പിച്ചെടുത്ത ദീര്‍ഘദൂര ഉപരിതല-വായു മിസൈല്‍ സംവിധാനമാണ് എസ്-400. ലോകത്തിലെ ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സംവിധാനങ്ങളില്‍ ഒന്നാണിത്, ഡ്രോണുകള്‍, സ്റ്റെല്‍ത്ത് എയര്‍ക്രാഫ്റ്റുകള്‍, ക്രൂയിസ് മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയുള്‍പ്പെടെ വിവിധ വ്യോമ ഭീഷണികള്‍ കണ്ടെത്താനും ട്രാക്ക് ചെയ്യാനും തകര്‍ക്കാനും ഇതിന് സാധിക്കും.

ഓരോ എസ്-400 സ്‌ക്വാഡ്രണിലും രണ്ട് ബാറ്ററികള്‍ ഉണ്ട്. ഒരു ബാറ്ററിക്ക് 128 മിസൈല്‍ വരെ തൊടുക്കാന്‍ സാധിക്കും. ഓരോ സ്‌ക്വാഡ്രണിലും ആറ് ലോഞ്ചറുകള്‍, ഒരു കമാന്‍ഡ്-ആന്‍ഡ്-കണ്‍ട്രോള്‍ സിസ്റ്റം, നിരീക്ഷണ റഡാര്‍, എന്‍ഗേജ്മെന്റ് റഡാര്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

ഒരേ സമയം 160 ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാനും ഒരേസമയം 72 ലക്ഷ്യങ്ങളെ ആക്രമിക്കാനും എസ് 400 ന് സാധിക്കും. ഇന്ത്യക്ക് പുറമെ ചൈനയ്ക്കും റഷ്യ ഈ ആയുധം വിറ്റിരുന്നു. ആദ്യം വിറ്റത് ചൈനയ്ക്കാണെന്നതും പ്രധാനമാണ്. അതേസമയം പാകിസ്ഥാന്റെ കൈവശം ഈ ആയുധമില്ല.

Tags:    

Similar News