കാക്കിയ്ക്കുള്ളിലെ കൊടുംക്രൂരത! വഴിയരികില്‍ നിന്ന സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന് മര്‍ദ്ദനം; എസ്‌ഐയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തല്ലിച്ചതച്ചു; ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചു; രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ 2023ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
യൂത്ത് കോണ്‍ഗ്രസ് നേതാവിന് പോലീസിന്റെ ക്രൂരമര്‍ദനം
തൃശൂര്‍: വഴിയരികില്‍ നിന്ന സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനില്‍ വെച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ നടന്ന പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങളാണിപ്പോള്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണിപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവന്നത്. 2023 ഏപ്രില്‍ അഞ്ചിനാണ് സംഭവം.
തൃശൂര്‍ ചൊവ്വന്നൂരില്‍ വെച്ച് വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്. ഐ. നുഹ്‌മാന്‍ സുജിത്തിനെ പൊലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഷര്‍ട്ടടക്കം ഊരിമാറ്റിയ നിലയിലാണ് സുജിത്തിനെ പൊലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവരുന്നത്. സ്റ്റേഷനില്‍ എത്തിയത് മുതല്‍ മൂന്നിലധികം പൊലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ടായിരുന്നു മര്‍ദനം. സ്റ്റേഷനില്‍ വെച്ച് കുനിച്ചുനിര്‍ത്തി സുജിത്തിന്റെ പുറത്തും മുഖത്തുമടക്കം അടിക്കുന്നത് ദൃശ്യത്തിലുണ്ട്.
എസ്‌ഐ നുഹ്‌മാന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. എന്നാല്‍, സംഭവത്തില്‍ മദ്യപിച്ചു പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലില്‍ അടക്കാനായിരുന്നു പൊലീസ് നീക്കം. തുടര്‍ന്ന് വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്നും വ്യക്തമായി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല. പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരമെടുത്ത കേസ് വിചാരണ ഘട്ടത്തിലാണിപ്പോള്‍. പിന്നാലെയാണ് വിവരാവകാശപ്രകാരം മര്‍ദ്ദന ദൃശ്യങ്ങള്‍ പരാതിക്കാരന് ലഭിച്ചത്.
വഴിയരികില്‍ നിന്ന സുഹൃത്തുക്കളെ പോലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മര്‍ദനം. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കി, പൊലീസിനെ കൃത്യനിര്‍വഹണം ചെയ്യാന്‍ തടസമുണ്ടാക്കി എന്ന വ്യാജക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കുകയായിരുന്നു. ജാമ്യം ലഭിച്ച സുജിത്ത് വിവരാവകാശ നിയമ പ്രകാരമാണ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നേടിയെടുത്തത്. ഈ വീഡിയോ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. അഞ്ച് പൊലീസുകാര്‍ ചേര്‍ന്നാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ആദ്യം ഒരു മുറിയിലിട്ട് മര്‍ദിക്കുകയും പിന്നീട് മറ്റൊരു മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. നാല് പോലീസുകാര്‍ ചേര്‍ന്നാണ് സുജിത്തിനെ മര്‍ദിക്കുന്നത്. എസ്ഐയായിരുന്ന നുഹ്‌മാന്‍, സിപിഒമാരായിരുന്ന ശശിധരന്‍, സന്ദീപ്, സജീവന്‍ എന്നീ പോലീസുകാരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടത്.
ഇതിന് പിന്നാലെ പോലീസ് സുജിത്തിനെതിരേ കേസെടുക്കുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. എഫ്ഐആര്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് സുജിത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു.