'നിന്റെ പപ്പായുമായി എനിക്ക് നല്ല ബന്ധം ഉണ്ട്; അവനെ ഒരിക്കലും മറക്കാൻ പറ്റില്ല..'; ഫുട്ബോൾ താരം സാക്ഷാൽ നെയ്മറിന്റെ വീട്ടുനടയിലെത്തിയ കത്ത്; കൂടെ വില്‍പത്രത്തില്‍ പതിനായിരം കോടി രൂപയുടെ സ്വത്ത് എഴുതിവെച്ചും ധൈര്യം; താരത്തിന്റെ മനസ്സ് നിറച്ച ആ അജ്ഞാത ശതകോടീശ്വരന്‍ ആര്‌?; അമ്പരപ്പ് മാറാതെ ആരാധകർ!

Update: 2025-09-07 14:16 GMT

സാന്റോസ്: ബ്രസീലിയൻ സൂപ്പർതാരം നെയ്മർക്ക് തന്റെ മുഴുവൻ സ്വത്തും വിൽപത്രത്തിലൂടെ എഴുതിവെച്ച് അജ്ഞാതനായ ഒരു കോടീശ്വരൻ. അടുത്തിടെ അന്തരിച്ച ഈ ബ്രസീലിയൻ ശതകോടീശ്വരൻ ഏകദേശം 846 മില്യൺ പൗണ്ടോളം (ഏകദേശം 10,077 കോടി ഇന്ത്യൻ രൂപ) വരുന്ന സ്വത്താണ് നെയ്മർക്കായി വകയിരുത്തിയിരിക്കുന്നത്. വിദേശ മാധ്യമങ്ങളാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.

ഈ ശതകോടീശ്വരന് ഭാര്യയോ മക്കളോ ഇല്ലെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ബ്രസീലിലെ പോർട്ടോ അലെഗ്രെ നഗരത്തിലാണ് വിൽപത്രം ഔദ്യോഗികമായി തയ്യാറാക്കിയത്. വിൽപത്രത്തിൽ രണ്ട് സാക്ഷികളും ഒപ്പുവെച്ചിട്ടുണ്ട്.

നെയ്മറുമായുള്ള അടുത്ത ബന്ധമാണ് തന്റെ മരിച്ചുപോയ പിതാവുമായുള്ള ബന്ധത്തെ ഓർമ്മിപ്പിക്കുന്നതെന്നും, അതിനാൽ തന്റെ സ്വത്ത് മുഴുവൻ നെയ്മറിന് നൽകാൻ തീരുമാനിച്ചെന്നുമാണ് വിൽപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതായി സൂചനകളുണ്ട്. കഴിഞ്ഞ ജൂൺ 12-നാണ് വിൽപത്രം തയ്യാറാക്കിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഈ വിഷയത്തിൽ ഇതുവരെ നെയ്മറോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ഇത്രയും വലിയൊരു തുകയുടെ സ്വത്ത് കൈമാറ്റം നിയമപരമായ വെല്ലുവിളികൾക്ക് വഴിവെച്ചേക്കാമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കോടതിയുടെ അനുമതിയില്ലാതെ ഇത്തരം കൈമാറ്റങ്ങൾ സാധ്യമാകില്ലെന്നും, കോടതിയിൽ ഇത് ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും അവർ അഭിപ്രായപ്പെടുന്നു. കോടതിയിൽ നിന്ന് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ നെയ്മറിന് ഈ പണം ലഭിക്കുകയുള്ളൂ.

നിലവിൽ ബ്രസീലിയൻ ക്ലബ്ബായ സാന്റോസിനായാണ് നെയ്മർ കളിക്കുന്നത്. യൂറോപ്പിൽ ബാഴ്‌സലോണ, പിഎസ്ജി തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരം പിന്നീട് സാന്റോസിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇതിനിടെ, ബ്രസീൽ 2026 ലോകകപ്പിന് യോഗ്യത നേടികഴിഞ്ഞു. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഈ വൻതുകയുടെ സ്വത്ത് നെയ്മറിന് ലഭിച്ചേക്കാമെന്ന വാർത്ത പുറത്തുവരുന്നത്. ഈ വിഷയത്തിലെ തുടർനടപടികൾ ഏവരും ഉറ്റുനോക്കുന്നു.

Tags:    

Similar News