പോലീസ് മര്‍ദനങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍; ജലപീരങ്കി പ്രയോഗിച്ചു; പാലക്കാട് എസ്പി ഓഫിസ് മാര്‍ച്ചിലും സംഘര്‍ഷം

പോലീസ് മര്‍ദനങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Update: 2025-09-08 09:26 GMT

തിരുവനന്തപുരം: പൊലീസ് മര്‍ദനങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ വ്യാപക പ്രതിഷേധം. സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിലൂടെ സെക്രട്ടേറിയറ്റിന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സ്ഥലത്ത് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലും അകത്തും വന്‍പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പ്രദേശത്ത് സംഘര്‍ഷം തുടരുകയാണ്. പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് നീക്കം ചെയ്യാനാണ് പൊലീസിന്റെ ശ്രമം.

മാര്‍ച്ച് അക്രമാസക്തമായതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ഭിത്തി മറികടന്ന് നോര്‍ത്ത് ഗേറ്റ് വഴി അകത്ത് കടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് സൗത്ത് ഗെയ്റ്റ് ഭാഗത്തുമെത്തി പ്രതിഷേധം തുടര്‍ന്നതോടെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. ഇതിനിടെ മതില്‍ ചാടിക്കടന്ന പ്രവര്‍ത്തകനെ പോലീസ് പിടികൂടി.

ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമായതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. ബാരിക്കേഡിന് ഒരുവശത്തിലൂടെ സെക്രട്ടേറിയറ്റിനകത്തേക്ക് കയറാന്‍ ശ്രമിച്ചതോടെ പോലീസ് ചെറുത്തു. ഇതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇതിനിടെ ജലപീരങ്കി ഉപയോഗിക്കുന്ന വാഹനത്തിലേക്ക് കല്ലേറുമുണ്ടായി. ഇതും സംഘര്‍ഷാവസ്ഥ രൂക്ഷമാക്കി. പ്രദേശത്ത് ഏറെനേരം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റിന്റെ സമീപത്തുനിന്ന് ഓടി സംരക്ഷണ ഭിത്തി കടന്ന് സെക്രട്ടേറിയറ്റിനകത്തു കടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമം നടത്തി. സെക്രട്ടേറിയറ്റിന് അകത്തേക്ക് കടക്കുമെന്നുതന്നെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്. പ്രവര്‍ത്തകര്‍ പലയിടങ്ങളിലൂടെ സെക്രട്ടേറിയറ്റിനകത്തേക്ക് കയറാന്‍ ശ്രമിക്കുന്നതിനാല്‍ പോലീസ് വിന്യാസം മതിയാവാത്ത സാഹചര്യവുമുണ്ട്. ഇതിനിടെ പോലീസിനുനേരെ കമ്പുകളും കല്ലുകളും എറിയുന്നതും സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.

പൊലീസ് അതിക്രമങ്ങള്‍ക്കതിരെ പാലക്കാട് എസ്പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. എസ്പി ഓഫീസിനകത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം നടന്നുവരികയാണ്. ബാരിക്കേഡ് മറികടന്ന പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മൂന്നു തവണ ജലപീരങ്കി ഉപയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ പ്രതിഷേധം തുടര്‍ന്നു. അതിനിടെ, കുന്നംകുളത്തെ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതിയായ പൊലീസുകാരന്‍ സന്ദീപിന്റെ ചവറ തെക്കുംഭാഗത്തെ വീട്ടിലേക്കും യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഇവിടേയും പൊലീസ് പ്രവര്‍ത്തകരെ ബലംപ്രയോഗിച്ചാണ് നീക്കിയത്.

Tags:    

Similar News