'ചിലപ്പോൾ ഞാൻ ഇത് പറയുമ്പോൾ എന്റെ രാജ്യത്തിന് ഇഷ്ടപ്പെടില്ല; ഇനി അതൊന്നും എനിക്കൊരു പ്രശ്‌നമല്ല; കാരണം അവർ സ്വാതന്ത്ര്യം അർഹിക്കുന്നു..!!'; വെനീസ് ഫിലിം ഫെസ്റ്റിവലിൽ വേദിയിൽ തീപ്പാറും പ്രസംഗം; എല്ലാം കേട്ടിരുന്ന് കാണികളും; ഫലസ്തീൻ ജനതയ്ക്ക് പൂർണ പിന്തുണമായി സംവിധായിക; ചർച്ചയായി വാക്കുകൾ
വെനീസ്: 82-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഒറിസോണ്ടി വിഭാഗത്തിൽ മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം നേടിയ അനുപർണ റോയ്, പുരസ്‌കാരം സ്വീകരിക്കുന്ന വേളയിൽ ഫലസ്തീനൊപ്പമുള്ള തന്റെ നിലപാട് പ്രഖ്യാപിച്ചത് ഏറെ ശ്രദ്ധേയമായി. ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളുടെ ഇരകളായ ഫലസ്തീനിലെ കുട്ടികളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച അനുപർണ, തന്റെ ഈ നിലപാട് കാരണം രാജ്യത്ത് അസ്വസ്ഥതകളുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും അതൊന്നും തനിക്ക് വിഷയമല്ലെന്ന് തുറന്നുപറഞ്ഞു.
ലോകത്തിലെ ഓരോ കുട്ടിയെയും പോലെ ഫലസ്തീനിലെ കുട്ടികളും സ്വാതന്ത്ര്യം, സമാധാനം, വിമോചനം എന്നിവ അർഹിക്കുന്നു. ഈ സമയത്ത് ഫലസ്തീനോടൊപ്പം നിൽക്കുക എന്നത് ഒരു ഉത്തരവാദിത്തമാണ്. എൻ്റെ രാജ്യത്തെ ഞാൻ അസ്വസ്ഥമാക്കിയേക്കാം, പക്ഷേ ഇനി അതൊന്നും എനിക്കൊരു പ്രശ്നമല്ല', അനുപർണ റോയ് പുരസ്‌കാര വേദിയിൽ പറഞ്ഞു. ഇന്ത്യയിലെ നിലവിലെ ബിജെപി സർക്കാരിൻ്റെ ഇസ്രായേൽ അനുകൂല നിലപാടുകളെയാണ് അനുപർണ ഈ പരാമർശത്തിലൂടെ ഉദ്ദേശിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വെനീസ് ഫിലിം ഫെസ്റ്റിവലിലെ ഒറിസോണ്ടി വിഭാഗത്തിൽ മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് അനുപർണ റോയ്. പശ്ചിമ ബംഗാളിലെ പുരുലിയ സ്വദേശിനിയായ അനുപർണയുടെ ഈ നേട്ടം ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ നിമിഷമാണ്. 'സോങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ്' എന്ന ചിത്രമാണ് അനുപർണയ്ക്ക് പുരസ്‌കാരം നേടികൊടുത്തത്. ഈ വർഷത്തെ ഒറിസോണ്ടി വിഭാഗത്തിൽ മത്സരിച്ച ഏക ഇന്ത്യൻ ചിത്രം കൂടിയായിരുന്നു ഇത്.
മുംബൈയുടെ അസ്വസ്ഥവും അരാജകത്വവും നിറഞ്ഞ പശ്ചാത്തലത്തിൽ, അപ്രതീക്ഷിതമായി ഒന്നിച്ചെത്തുന്ന രണ്ട് കുടിയേറ്റ സ്ത്രീകളുടെ ജീവിതാനുഭവങ്ങൾ പറയുന്ന ചിത്രമാണ് 'സോങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ്'. സഹാനുഭൂതിയുടെയും അതിജീവനത്തിന്റെയും ദുർബലമായ ബന്ധങ്ങളെ സിനിമ തുറന്നുകാട്ടുന്നു. നാസ് ഷെയ്ഖ്, സുമി ബാഗേൽ, ഭൂഷൺ ഷിമ്പി, രവി മാൻ, ലവ്ലി സിംഗ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എൻഎഫ്ഡിസി പ്രോജക്റ്റ് ഉൾപ്പെടെയുള്ള ഷോർട്ട് ഫിലിമുകളിൽ സഹസംവിധായികയായി കരിയർ ആരംഭിച്ച അനുപർണ, അന്താരാഷ്ട്ര ഫെസ്റ്റിവലുകളിൽ വ്യാപകമായി അംഗീകരിക്കപ്പെട്ടതും പുരസ്‌കാരങ്ങൾ നേടിയ 'റൺ ടു ദി റിവർ' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് കടന്നുവന്നത്. തൻ്റെ പുരസ്‌കാരം ലോകമെമ്പാടുമുള്ള നിശ്ശബ്ദരാക്കപ്പെട്ടതും അവഗണിക്കപ്പെട്ടതുമായ എല്ലാ സ്ത്രീകൾക്കും സമർപ്പിക്കുന്നതായി അനുപർണ അറിയിച്ചു. തൻ്റെ അംഗീകാരം സിനിമയിലും മറ്റ് മേഖലകളിലുമുള്ള സ്ത്രീ ശബ്ദങ്ങൾക്ക് കൂടുതൽ കരുത്ത് പകരുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
അനുപർണ റോയിയുടെ ധീരമായ നിലപാടും, ഫലസ്തീനിലെ കുട്ടികൾക്ക് വേണ്ടിയുള്ള അവരുടെ വാക്കുകളും സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിയിച്ചിട്ടുണ്ട്. വെനീസ് ഫിലിം ഫെസ്റ്റിവലിലെ അവരുടെ ഈ പ്രഖ്യാപനം, കലയുടെയും സിനിമയുടെയും സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചുള്ള സംവാദങ്ങൾക്ക് പുതിയ മാനങ്ങൾ നൽകുന്നു.