ഖത്തറില്‍ വ്യോമാക്രമണം; ദോഹയില്‍ പത്തോളം ഇടങ്ങളില്‍ ഉഗ്രസ്ഫോടനം; ഇസ്രയേല്‍ ലക്ഷ്യമിട്ടത് ഉന്നത ഹമാസ് നേതാക്കളെന്ന് സൂചന; ആക്രമണം സ്ഥിരീകരിച്ച് ഇസ്രയേല്‍ സൈന്യം; ഗാസ നഗരത്തിലെ ആക്രമണം കടുപ്പിക്കാന്‍ ഇസ്രായേല്‍

ഖത്തറില്‍ വ്യോമാക്രമണം; ദോഹയില്‍ പത്തോളം ഇടങ്ങളില്‍ ഉഗ്രസ്ഫോടനം

Update: 2025-09-09 14:00 GMT

ദോഹ: വെടിനിര്‍ത്തല്‍ ധാരണകള്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വ്യോമാക്രമണം. ദോഹയില്‍ പത്തോളം ഉടങ്ങളില്‍ ഉഗ്രസ്ഫോടനമാണ് നടന്നത്. ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ സ്‌ഫോടനം നടത്തിയത്. കത്താര പ്രവിശ്യയില്‍ ആയിരുന്നു സ്‌ഫോടനം. ഒന്നിലധികം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേള്‍ക്കുകയും പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇസ്രയേല്‍ ലക്ഷ്യമിട്ടത് ഉന്നത ഹമാസ് നേതാക്കളെയെന്നാണ് സൂചന. ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം. ആക്രമണം ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. അമേരിക്ക മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യുന്ന യോഗമാണ് ആക്രമിക്കപ്പെട്ടതെന്ന് ഹമാസ് നേതാക്കകളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ഉണ്ടായ സ്ഫോടനം ഹമാസ് നേതാക്കള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ ഫലമാണെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിനും ഹമാസിനും ഇടയിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്ന പ്രധാന രാജ്യമായിരുന്നു ഖത്തര്‍. ഗാസയ്ക്ക് പുറത്തുള്ള തങ്ങളുടെ ആസ്ഥാനമായി ഹമാസ് നേതാക്കള്‍ ഖത്തര്‍ തലസ്ഥാനം ഉപയോഗിച്ചുവരുന്നുവെന്നാണ് ഇസ്രയേലിന്റെ ആരോപണം.

ഹമാസിന്റെ ഉന്നത നേതൃത്വത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ പ്രതിരോധ സേന പ്രസ്താവനയിലൂടെ അറിയിച്ചു. ദോഹ ലക്ഷ്യമിട്ടുള്ള ആക്രമണം ഹമാസിന്റെ നേതൃത്വത്തെ ലക്ഷ്യമിട്ടാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചു. ദോഹയിലാണ് ഹമാസിന്റെ നേതാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. അവരെ ലക്ഷ്യമിട്ട് ഞങ്ങള്‍ ഒരു ഓപ്പറേഷന്‍ നടത്തിയിരിക്കുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഉണ്ടായ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍ ആയവരെയാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത് എന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

'ഐ.ഡി.എഫും ഐ.എസ്.എയും ഹമാസ് ഭീകര സംഘടനയുടെ ഉന്നത നേതൃത്വത്തെ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണം നടത്തി. വര്‍ഷങ്ങളായി, ഹമാസ് നേതൃത്വത്തിലെ ഈ അംഗങ്ങള്‍ ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നയിച്ചുവരികയും ക്രൂരമായ ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളാവുകയും ഇസ്രയേല്‍ രാഷ്ട്രത്തിനെതിരായ യുദ്ധം ആസൂത്രണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ആക്രമണത്തിന് മുമ്പ്, കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നതും കൂടുതല്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുന്നതും ഉള്‍പ്പെടെ, സാധാരണക്കാര്‍ക്ക് സംഭവിക്കാവുന്ന നാശനഷ്ടങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. 'ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ഹമാസിനെ പരാജയപ്പെടുത്തുന്നതിനായി ഐ.ഡി.എഫും ഐ.എസ്.എയും ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തനം തുടരും.' ഇസ്രയേല്‍ പ്രതിരോധ സേന പ്രസ്താവനയില്‍ അറിയിച്ചു.

ഗാസയില്‍ ഒഴിപ്പിക്കല്‍

അതേ സമയം ഗാസ നഗരത്തിലെ ആക്രമണം കടുപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കെ, ചൊവ്വാഴ്ച നഗരത്തില്‍ നിന്ന് പൂര്‍ണമായും ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു. നഗരം പൂര്‍ണ്ണമായും ഒഴിപ്പിക്കുന്നതിനുള്ള മുന്നറിയിപ്പാണ് സൈന്യം നല്‍കിയത്. ചൊവ്വാഴ്ച വടക്കന്‍ ഗാസയില്‍ നിന്ന് തെക്കന്‍ ഗാസയിലേക്ക് മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കാറുകളും ട്രക്കുകളും സാധനങ്ങളും ആളുകളുമായി കടന്നുപോകുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വ്യാപകമായ ഒഴിപ്പിക്കല്‍ നടന്നില്ല.

ഗാസ സിറ്റിയിലെ ഒന്നിലധികം ടവറുകള്‍ തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഗാസയിലെ 30 ബഹുനില കെട്ടിടങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ചൊവ്വാഴ്ച പറഞ്ഞു. ഹമാസ് സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അവ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് കെട്ടിടങ്ങള്‍ തകര്‍ത്തത്. ഹമാസ് ഉപയോഗിക്കുന്ന 50 കെട്ടിടങ്ങളെങ്കിലും ഇസ്രായേല്‍ തകര്‍ത്തതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസിന്റെ അവസാനത്തെ ശക്തികേന്ദ്രമായി അവര്‍ ചിത്രീകരിക്കുന്ന പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി ഇസ്രായേല്‍ ആക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമാണ് കെട്ടിടങ്ങള്‍ തകര്‍ത്തത്.

ഇസ്രായേല്‍ സൈന്യത്തിന്റെയും ഐക്യരാഷ്ട്രസഭയുടെയും കണക്കനുസരിച്ച്, ഗാസ നഗരത്തിന് ചുറ്റുമുള്ള വടക്കന്‍ ഗാസ പ്രദേശത്ത് ഏകദേശം ദശലക്ഷം പലസ്തീനികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് ഗാസയിലെ 2.1 ദശലക്ഷം ജനസംഖ്യയുടെ പകുതിയോളം വരും.

ഓഗസ്റ്റ് 14 ന് സൈനിക ആക്രമണം ആരംഭിച്ചതിനുശേഷം വടക്കന്‍ ഗാസയില്‍ ഏകദേശം 97,000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ അഭിപ്രായ പ്രകാരം, പല കുടുംബങ്ങള്‍ക്കും അവര്‍ ആഗ്രഹിച്ചാലും ഒഴിഞ്ഞുപോകാന്‍ കഴിയില്ലെന്നും കുടിയിറക്കപ്പെട്ട സ്ഥലങ്ങള്‍ തിങ്ങിനിറഞ്ഞതും തെക്കന്‍ ഗാസയിലേക്ക് മാറാന്‍ 1,000 ഡോളറില്‍ കൂടുതല്‍ ചിലവാകുമെന്നതും പലര്‍ക്കും താങ്ങാനാവാത്തതാണെന്നും പറയുന്നു.

ഇസ്രായേലിന്റെ പ്രതികാര ആക്രമണത്തില്‍ കുറഞ്ഞത് 64,522 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ പകുതിയോളം സ്ത്രീകളും കുട്ടികളുമാണെന്ന് കണക്കുകള്‍ പറയുന്നു. പ്രധാന നഗരങ്ങളുടെ വലിയ ഭാഗങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു, ഏകദേശം 2 ദശലക്ഷം പലസ്തീനികളുടെ ജനസംഖ്യയുടെ 90% പേരും പലായനം ചെയ്തു.

Tags:    

Similar News