'ബോംബര്‍ ജെറ്റുകള്‍ ലക്ഷ്യമിട്ടത് ഹമാസ് നേതാക്കളെ; പൂര്‍ണ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുക്കുന്നു'; ദോഹയിലെ സ്‌ഫോടന പരമ്പരയില്‍ പ്രതികരിച്ച് നെതന്യാഹുവിന്റെ ഓഫീസ്; ആക്രമണത്തെ അപലപിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം

Update: 2025-09-09 14:55 GMT

ടെല്‍ അവീവ്: ഖത്തറിലെ ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുക്കുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. കത്താര പ്രവിശ്യയില്‍ ആയിരുന്നു സ്‌ഫോടനം നടന്നത്. ബോംബര്‍ ജെറ്റുകള്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു.

ഹമാസിലെ ഉന്നത നേതാക്കള്‍ക്കെതിരായ ഇന്നത്തെ നടപടി പൂര്‍ണ്ണമായും സ്വതന്ത്രമായ ഒരു ഇസ്രായേലി നടപടിയായിരുന്നു. ഇസ്രയേല്‍ അത് ആരംഭിച്ചു, ഇസ്രയേല്‍ അത് നടത്തി, ഇസ്രയേല്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ബെഞ്ചമിന്‍ നെതന്യാഹു എക്‌സില്‍ വ്യക്തമാക്കി.

നിരവധി തവണ സ്‌ഫോടനം കേട്ടെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ദോഹയില്‍ നടന്ന ആക്രമണം കാണിക്കുന്നത് ഭീകരര്‍ക്ക് ലോകത്ത് എവിടെയും പ്രതിരോധശേഷി ഇല്ലെന്നും ഉണ്ടാകില്ലെന്നത് ആണെന്ന് ഇസ്രായേല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് പറഞ്ഞു. ആക്രമണത്തെ ശരിയായ തീരുമാനം എന്ന് അദ്ദേഹം വിളിക്കുകയും ചെയ്തു.

ദോഹയില്‍ നിരവധി തവണ സ്ഫോടനം കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 35 പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. ഹമാസ് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ താമസിക്കുന്ന സ്ഥലത്താണ് ഇസ്രയേല്‍ ആക്രമണമെന്ന് ഖത്തര്‍ സ്ഥിരീകരിച്ചു. ഒക്ടോബര്‍ 7 ലെ ക്രൂരമായ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഐഡിഎഫ് പറഞ്ഞു. ആക്രമണങ്ങള്‍ക്ക് മുന്‍പ് സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് ഐഡിഎഫ് പ്രസ്താവനയില്‍ അറിയിച്ചു. ജനവാസ മേഖലയിലല്ല ആക്രമണം നടത്തിയതെന്നും ഹമാസ് നേതാക്കള്‍ ഒളിച്ചിരുന്ന സ്ഥലത്താണ് ആക്രണം നടത്തിയതെന്നുമാണ് ഇസ്രയേല്‍ വിശദീകരിക്കുന്നത്.

അതേ സമയം ഇസ്രയേല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍ ഭരണകൂടം രംഗത്ത് വന്നു. അന്താരാഷ്ട്ര നിമയങ്ങളുടെ ലംഘനമാണിതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം വക്താവ് ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പ്രസ്താവനയിലൂടെ പറഞ്ഞു. ഖത്തറിലെ ജനതയുടെ സുരക്ഷയ്ക്ക് ഗൗരവതരമായ ഭീഷണിയുയര്‍ത്തുന്ന പ്രവര്‍ത്തനമാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സംഭവത്തില്‍ ഖത്തര്‍ അടിയന്തരമായ അന്വേഷണം നടത്തിവരികയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ശക്തമാക്കിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവിച്ചു. ഇത്തരം ക്രിമിനല്‍ കടന്നാക്രമണങ്ങള്‍ ഒരു കാരണവശാലും ഖത്തര്‍ അംഗീകരിക്കില്ല. ഇസ്രയേലിന്റെ ഭീരുത്വമാണ് വെളിവായിരിക്കുന്നത്. ഖത്തര്‍ പരമാധികാരത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. വീണ്ടുവിചാരമില്ലാത്ത ഇസ്രയേലിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുത പുലര്‍ത്താന്‍ ഖത്തറിനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വിമര്‍ശിച്ചു.

Similar News