എട്ടു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി ഇനി എമിറേറ്റ്‌സിന്റെ ഫസ്റ്റ് ക്ലാസില്‍ യാത്ര സാധ്യമല്ല; മറ്റു യാത്രക്കാരുടെ സ്വസ്ഥതക്കായി കുട്ടികളെ നിരോധിച്ച് ദുബായ് എയര്‍ലൈന്‍സ്; ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ബാധകമായ വേറെയും മാറ്റങ്ങള്‍; എമിറേറ്റ്‌സിന്റെ തീരുമാനങ്ങള്‍ ഇങ്ങനെ

Update: 2025-09-10 00:51 GMT

ദുബായ്: അത്യാഡംബര സൗകര്യങ്ങള്‍ ഉള്ള ഫസ്റ്റ് ക്ലാസ്സ് ക്യാബിനില്‍ യാത്ര ചെയ്യാന്‍ അവസരം കിട്ടുന്നവരുടെ കാര്യത്തില്‍ എമിറേറ്റ്‌സ് ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ്. ചെറിയ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ഏറെ നിരാശാജനകമായ വാര്‍ത്തയാണിത്. ആഗസ്റ്റ് 15 ന് എട്ടോ അതില്‍ താഴെയോ പ്രായം ഉള്ള കുട്ടികള്‍ക്ക് ഇനിമുതല്‍ എമിറേറ്റ്‌സിന്റെ ഫസ്റ്റ്ക്ലാസില്‍ പറക്കാന്‍ മൈല്‍സ് ഉപയോഗിച്ച് ബുക്ക് ചെയ്ത ടിക്കറ്റില്‍ കഴിയില്ല. എയര്‍ലൈനില്‍ നിന്നും സുപ്രധാനമായ അറിയിപ്പുകള്‍ ഒന്നും ഇല്ലാതെ തന്നെ ഈ മാസം മുതലാണ് പുതിയ നയം നിലവില്‍ വന്നതെന്ന് വണ്‍ മൈല്‍ അറ്റ് എ ടൈം റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രീമിയം ക്യാബിനുകളിലേക്ക് പ്രവേശനം നിയന്ത്രിക്കാനായി ഈ വര്‍ഷം എമിരേറ്റ്‌സ് എടുത്ത ഒരുകൂട്ടം നടപടികളില്‍ ഏറ്റവും അവസാനത്തേതാണിത്. ഈ വര്‍ഷം ആദ്യം ഫസ്റ്റ് ക്ലാസ്സ് റിഡെംപ്ഷന്‍ പ്ലാറ്റിനം, ഗോള്‍ഡ് അല്ലെങ്കില്‍ സില്‍വര്‍ സ്റ്റാറ്റസുള്ള സ്‌കൈവാര്‍ഡ് അംഗങ്ങള്‍ക്ക് മാത്രമായി എമിറേറ്റ്‌സ് പരിമിതപ്പെടുത്തിയിരുന്നു. ഇതോടെ ഇടയ്ക്കൊക്കെ മാത്രം യാത്ര ചെയ്യുന്നവര്‍ക്ക് ആഡംബരപൂര്‍ണ്ണമായ യാത്രാനുഭവത്തിന് ടിക്കറ്റ് തുക പൂര്‍ണ്ണമായും നല്‍കേണ്ടതായി വരുന്നു. മദ്ധ്യത്തിലെ സീറ്റ് ഒഴിവാക്കിക്കൊണ്ട്, ബിസിനസ്സ് ക്ലാസിലെ ക്രമീകരണത്തില്‍ മാറ്റം വരുത്തിയതിന് ശേഷമായിരുന്നു ഇത്.

അതുകൂടാതെ പുതിയ ബോയിംഗ് 777 ല്‍ ഫ്‌ലോറില്‍ നിന്നും സീലിംഗ് വരെയുള്ള പ്രൈവസി ഡോറുകളും എമിരേറ്റ്‌സ് വാഗ്ദാനം നല്‍കുന്നുണ്ട്. സെന്റര്‍ സ്യൂട്ടുകള്‍ക്ക് വെര്‍ച്വല്‍ വിന്‍ഡോകളും ഒപ്പം യാത്രാനുഭവം മാറിമറിക്കുന്ന സീറോ ഗ്രാവിറ്റി സീറ്റുകളും ഉണ്ടാകുമെന്ന് വെബ്‌സൈറ്റ് പറയുന്നു. ശാന്തമായ യാത്ര ആഗ്രഹിക്കുന്ന യാത്രക്കാര്‍ കുട്ടികളെ ഫസ്റ്റ് ക്ലാസ് ക്യാബിനില്‍ നിന്നും ഒഴിവാക്കിയ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, സ്ഥിരമായി എമിറേറ്റ്‌സിന്റെ ബിസിനസ്സ് ക്ലാസിലും ഫസ്റ്റ് ക്ലാസിലും യാത്ര ചെയ്യുന്ന കുടുംബങ്ങളില്‍ നിന്ന് തിരിച്ചടിയും നേരിടുന്നുണ്ട്.

നിയമത്തിലെ മാറ്റങ്ങള്‍ വിവരിക്കുന്ന ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. കൂടുതല്‍ തുക ചെലവഴിച്ച് ഫസ്റ്റ് ക്ലാസ്സില്‍ യാത്ര ചെയ്യുവാനാണെന്നും കുട്ടികളുടെ കരച്ചിലും മറ്റും അതിന് വിഘ്‌നമാണെന്നും അവരില്‍ പലരും ചൂണ്ടിക്കാട്ടുന്നു. അവര്‍ക്കുള്ള മറുപടിയായി ഒരു അമ്മ കുറിച്ചത്, കുട്ടികള്‍ ഇല്ലാത്ത ഒരു ലോകം നിങ്ങള്‍ക്ക് ആഗ്രഹിക്കാമെന്നും എന്നാല്‍, കുട്ടികള്‍ ഇല്ലാത്ത ഒരു ലോകം ഉണ്ടാകില്ല എന്നുമായിരുന്നു.

തന്റെ ഒരു വയസ്സുള്ള കുട്ടിയേയും നവജാത ശിശുവിനെയും കൊണ്ട് അധികം വൈകാതെ താന്‍ എമിരേറ്റ്‌സിന്റെ ഫസ്റ്റ് ക്ലാസ്സില്‍ യാത്ര ചെയ്യുമെന്നും അവര്‍ പറഞ്ഞു. കുട്ടികളെ ഫസ്റ്റ്ക്ലാസ്സില്‍ അനുവദിച്ചില്ലെങ്കില്‍, എമിറേറ്റ്‌സിന്റെ സേവനം വേണ്ടെന്ന് പറയുന്നവരും ഉണ്ട്.

Tags:    

Similar News