നിങ്ങള്‍ക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടോ? അക്കാര്യം ഒരു പരിശോധിക്കാന്‍ ഇതാ പുതിയ ഓണ്‍ലൈന്‍ ടൂള്‍; സ്ലീപ്പ് കാല്‍കുലേറ്റര്‍ പുറത്തിറക്കി സ്ലീപ്പ് ഫൗണ്ടേഷന്‍

Update: 2025-09-14 06:22 GMT

നിങ്ങള്‍ക്ക് എത്രമാത്രം ഉറക്കം ലഭിക്കുന്നു എന്നത് കൃത്യമായി കണക്കാക്കാന്‍ കഴിയില്ല. വിദഗ്ധര്‍ പറയുന്നത് പ്രായപൂര്‍ത്തിയായവര്‍ക്ക് രാത്രിയില്‍ ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ നിദ്ര ആവശ്യമാണെന്നാണ്. എന്നാല്‍, ഇത് കൃത്യമായ ഒരു കണക്കല്ല എന്നും ഓരോ വ്യക്തിയുടെയും ശരീരപ്രകൃതത്തെയും പ്രായത്തേയും ആശ്രയിച്ച് ഇത് മാറുമെന്നും അവര്‍ പറയുന്നു. ഇപ്പോഴിതാ നിങ്ങള്‍ക്ക് ആവശ്യമായ ഉറക്കം ലഭിക്കുന്നുണ്ടോ എന്നറിയാന്‍ ഒരു ഓണ്‍ലൈന്‍ ടൂള്‍ വന്നിരിക്കുന്നു.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ലീപ്പ് ഫൗണ്ടേഷനാണ് തികച്ചും സൗജന്യമായ സ്ലീപ്പ് കാല്‍കുലേറ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. നിങ്ങള്‍ നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് ലഭിക്കുന്ന പരമാവധി നിദ്ര ഇത് കണക്കാക്കും. നിങ്ങളുടേത് മാത്രമായ വ്യക്തിഗത ശരീരശാസ്ത്രത്തെയും ജീവിത ശൈലിയെയും ആശ്രയിച്ചായിരിക്കും ഇത് കണക്കാക്കുന്നത്. ഉറക്കം കുറവാണെങ്കില്‍ അത് നികത്താനും ഈ ടൂള്‍ സഹായിക്കും.

മതിയായ ഉറക്കം ലഭിക്കാത്തത് മനുഷ്യന്റെ ശരീരത്തില്‍ ഹ്രസ്വകാല പ്രത്യാഘാതങ്ങളും ദീര്‍ഘകാല പ്രത്യാഘാതങ്ങളും സൃഷ്ടിക്കുമെന്നാണ് സ്ലീപ് ഫൗണ്ടേഷനിലെ വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല, അത് നിങ്ങളുടെ വൈകാരിക ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കും. അതിനോടൊപ്പം, ഉറക്കക്കുറവ് ശരീരത്തിലെ രോഗപ്രതിരോധം, കാര്‍ഡിയോവാസ്‌കുലര്‍ ആരോഗ്യം, ഞാനാര്‍ജ്ജനം എന്നിവയേയും ബാധിക്കും.

നിങ്ങള്‍ക്ക് ആവശ്യമായ ഉറക്കം ലഭിക്കുന്നുണ്ടോ എന്നറിയുവാന്‍ നിങ്ങളുടെ പ്രായം (ഏതാനും മാസങ്ങള്‍ മുതല്‍ 65 വയസ്സുവരെ) ഇതില്‍ എന്‍ടര്‍ ചെയ്യണം. അതോടൊപ്പം നിങ്ങളുടെ ഉറക്കത്തിന്റെ സമയവും നല്‍കണം. അതിനായി എത്ര മണിക്ക് ഉറങ്ങാന്‍ പോകുമെന്നും എത്ര മണിക്ക് എഴുന്നേല്‍ക്കുമെന്നും എന്‍ടര്‍ ചെയ്യാം. ഇതെല്ലാം ചെയ്തുകഴിഞ്ഞാല്‍ കാല്‍കുലേറ്റ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന നീല ബട്ടനില്‍ ക്ലിക്ക് ചെയ്യുക. ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍, നിങ്ങള്‍ നല്‍കിയ വിവരങ്ങളെ അടിസ്ഥാനമാക്കി നിങ്ങള്‍ എപ്പോള്‍ ഉറങ്ങണമെന്നും ഉണരണമെന്നും കാല്‍ക്കുലേറ്റര്‍ നിര്‍ദ്ദേശിക്കും.

സാധാരണ നിലയില്‍ 13 നും 18 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രാത്രികാലങ്ങളില്‍ എട്ട് മണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 6 മുതല്‍ 12 വരെ പ്രായമുള്ള കുട്ടികള്‍ക്ക് 12 മണിക്കൂര്‍ നിദ്രയും ആവശ്യമാണ്. 3 നും 5 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 10 മുതല്‍ 13 വയസ്സുവരെ നിദ്ര ആവശ്യമുള്ളപ്പോള്‍ 1 നും 2 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 11 മണിക്കൂര്‍ മുതല്‍ 14 മണിക്കൂര്‍ വരെ നിദ്ര ആവശ്യമാണ്. 4 മാസത്തില്‍ താഴെ പ്രായമുള്ള നവജാത ശിശുക്കള്‍ക്ക് 18 മണിക്കൂര്‍ നിദ്ര ആവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു.

Tags:    

Similar News