'അലന്ദ് മണ്ഡലത്തില്‍ വോട്ടുകള്‍ നീക്കം ചെയ്യാന്‍ വിഫലശ്രമം നടന്നിരുന്നു; എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് അന്വേഷണം നടക്കുന്നു; ഓണ്‍ലൈനായി ഒരു വോട്ടും നീക്കം ചെയ്യാന്‍ കഴിയില്ല'; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2025-09-18 08:03 GMT

ന്യൂഡല്‍ഹി: കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്യുന്ന 6018 വോട്ടര്‍മാരെ ആസൂത്രിതമായി വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കിയെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വ്യക്തികളെ നേരിട്ട് കേള്‍ക്കാതെ ഓണ്‍ലൈനായി രാഹുല്‍ഗാന്ധി പറഞ്ഞത് പോലെ വോട്ട് ഒഴിവാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഓണ്‍ലൈനായി ഒരു വോട്ടും നീക്കം ചെയ്യാന്‍ കഴിയില്ലെന്നും വോട്ട് നീക്കം ചെയ്യുന്നതിന് മുമ്പ് ആ വ്യക്തിക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.

അതേസമയം അലന്ദ് നിയമസഭാ മണ്ഡലത്തില്‍ വോട്ടുകള്‍ നീക്കം ചെയ്യാന്‍ വിഫലശ്രമങ്ങള്‍ നടന്നതായി കമ്മിഷന്‍ തുറന്നുപറഞ്ഞു. രാഹുല്‍ ഗാന്ധി തെറ്റിദ്ധരിച്ചതുപോലെ, പൊതുജനങ്ങളില്‍ ആര്‍ക്കും ഓണ്‍ലൈനായി ഒരു വോട്ടും നീക്കം ചെയ്യാന്‍ കഴിയില്ലെന്ന് കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു വ്യക്തിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കാതെ ഒരു വോട്ടും നീക്കം ചെയ്യാന്‍ സാധിക്കില്ല. 2023-ല്‍ അലന്ദ് നിയമസഭാ മണ്ഡലത്തില്‍ വോട്ടുകള്‍ നീക്കം ചെയ്യാന്‍ ചില വിഫലശ്രമങ്ങള്‍ നടന്നിരുന്നു, ഈ വിഷയം അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരികള്‍ തന്നെ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തു. - തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കര്‍ണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ആറായിരത്തോളം പേരെ നീക്കിയതായി രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരേയും ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. ജനാധിപത്യത്തെ തകര്‍ക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സംരക്ഷിക്കുന്നുവെന്ന് രാഹുല്‍ ആരോപിച്ചു.

കര്‍ണാടകയിലെ ഒരു നിയമസഭാ മണ്ഡലമാണ് അലന്ദ്. അവിടെ ആരോ 6018 വോട്ടുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചു. 2023-ലെ തിരഞ്ഞെടുപ്പില്‍ അലന്ദില്‍ നിന്ന് ആകെ എത്ര വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടു എന്ന് നമുക്കറിയില്ല. ആ സംഖ്യ 6,018-ലും വളരെ കൂടുതലാണ്. എന്നാല്‍ 6018 വോട്ടുകള്‍ നീക്കം ചെയ്യുന്നതിനിടെ ഒരാള്‍ പിടിക്കപ്പെട്ടു, യാദൃച്ഛികമായാണ് അത് പിടിക്കപ്പെട്ടതും. സംഭവിച്ചതെന്തെന്നാല്‍, അവിടുത്തെ ബൂത്ത് ലെവല്‍ ഓഫീസറുടെ അമ്മാവന്റെ വോട്ട് നീക്കം ചെയ്യപ്പെട്ടതായി അവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന്, ആരാണ് തന്റെ അമ്മാവന്റെ വോട്ട് നീക്കം ചെയ്തതെന്ന് അവര്‍ പരിശോധിച്ചു, അപ്പോഴാണ് ഒരു അയല്‍വാസിയാണ് അത് ചെയ്തതെന്ന് അവര്‍ കണ്ടെത്തിയത്. അവര്‍ അയല്‍വാസിയോട് ചോദിച്ചപ്പോള്‍, താന്‍ ഒരു വോട്ടും നീക്കം ചെയ്തിട്ടില്ലെന്ന് അവര്‍ പറഞ്ഞു. വോട്ട് നീക്കം ചെയ്‌തെന്ന് പറയുന്ന ആള്‍ക്കോ, വോട്ട് നഷ്ടപ്പെട്ട ആള്‍ക്കോ ഇതിനെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. മറ്റേതോ ശക്തി ഈ നടപടിക്രമത്തെ ഹൈജാക്ക് ചെയ്യുകയും വോട്ട് നീക്കം ചെയ്യുകയുമായിരുന്നു. -രാഹുല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി വിശദീകരിച്ചത്.

വോട്ട് നീക്കംചെയ്യുന്നതിനായി കേന്ദ്രീകൃത സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണമാണ് രാഹുല്‍ ഇന്ന് ഉന്നയിച്ചത്. ''ദശലക്ഷക്കണക്കിനു വോട്ടുകളാണ് ഇത്തരത്തില്‍ രാജ്യത്താകമാനം നീക്കംചെയ്യുന്നത്. പ്രധാനമായും, പ്രതിപക്ഷത്തിനു വോട്ട് ചെയ്യുന്ന ദലിതര്‍, ഗോത്രവിഭാഗക്കാര്‍, പിന്നാക്കക്കാര്‍, മുസ്‌ലിംകള്‍ എന്നിവരെ പ്രത്യേകം ലക്ഷ്യമിട്ട് വോട്ട് നീക്കുന്നു. ഇത് നേരത്തെ നിരവധി തവണ കേട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ 100 ശതമാനം തെളിവോടെ പുറത്തുവന്നിരിക്കുകയാണ്'' രാഹുല്‍ പറഞ്ഞു.

ഓട്ടോമാറ്റിക് സോഫ്റ്റ്‌വെയര്‍ വോട്ടു കൊള്ളയ്ക്കായി പ്രവര്‍ത്തിക്കുകയാണ്. പട്ടികയില്‍ നിന്നു വോട്ട് നീക്കാനുള്ള അപേക്ഷകനായി കാണിക്കുന്നത് ഓരോ ബൂത്തിലെയും ആദ്യത്തെ വോട്ടറുടെ പേരാണ്. ഇത് കേന്ദ്രീകൃതമായി ചെയ്യുന്നതാണെന്നു വ്യക്തമാണ്. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നീക്കിയ ആദ്യത്തെ 10 ബൂത്തുകളും കോണ്‍ഗ്രസ് ബൂത്തുകളാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News