ബിജെപി കൗണ്‍സിലറുടെ ആത്മഹത്യാക്കുറിപ്പില്‍ നേതൃത്വത്തിനെതിരെ ആരോപണം; പാര്‍ട്ടി സഹായിച്ചില്ലെന്നും താനും കുടുംബവും ഒറ്റപ്പെട്ടുപോയെന്നും ആത്മഹത്യാ കുറിപ്പില്‍; വിവരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം; ക്യാമറകള്‍ നശിപ്പിച്ചു; സംഘര്‍ഷാവസ്ഥ; ഇടപെട്ട് പൊലീസ്

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം, ക്യാമറകള്‍ നശിപ്പിച്ചു

Update: 2025-09-20 07:56 GMT

തിരുവനന്തപുരം: തിരുമലയില്‍ ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ കൈയേറ്റ ശ്രമം. അക്രമാസക്തരായ ബിജെപി പ്രവര്‍ത്തകര്‍ ക്യാമറകള്‍ തകര്‍ക്കുകയും മാധ്യമപ്രവര്‍ത്തകരെ തള്ളിയിടുകയും ചെയ്തു. പാര്‍ട്ടിക്കെതിരെ സംസാരിച്ചു എന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ആക്രോശം. റിപ്പോര്‍ട്ടര്‍മാരെയും ക്യാമറാമാന്മാരെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തിരുമല ബിജെപി കൗണ്‍സിലര്‍ കെ അനില്‍കുമാറിനെയാണ് ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ പാര്‍ട്ടി സഹായിച്ചില്ലെന്നും താനും കുടുംബവും ഒറ്റപ്പെട്ടുപോയെന്നും വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ഈ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ അക്രമാസക്തരാവുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.

ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ വനിത മാധ്യമപ്രവര്‍ത്തകരെയടക്കം കയ്യേറ്റം ചെയ്യുകയായിരുന്നു. ക്യാമറകളും നശിപ്പിച്ചു. വനിത മാധ്യമപ്രവര്‍ത്തകരയെടക്കം സ്റ്റെപ്പില്‍ നിന്ന് തള്ളുകയായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള കൗണ്‍സിലറുടെ ഓഫീസില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ സ്റ്റെപ്പുകളിലൂടെ താഴേക്ക് തള്ളിയിറക്കി. ഈ അതിക്രമത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ക്യാമറയടക്കമുള്ള ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ പോലീസ് ഇടപെട്ടു.

അനില്‍കുമാര്‍ ഭാരവാഹിയായ വലിയശാല ടൂര്‍ സൊസൈറ്റിയില്‍ സാമ്പത്തിക പ്രശ്‌നമുണ്ടായപ്പോള്‍ പാര്‍ട്ടി സഹായിച്ചില്ലെന്ന് കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പില്‍ പറയുന്നു. സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് അനില്‍കുമാറിന് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഈ പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ടു. ഈ വലിയ പ്രതിസന്ധിയില്‍ ഒറ്റപ്പെട്ടുപോയതോടെ കഴിഞ്ഞ കുറച്ചുനാളുകളായി കടുത്ത മനോവിഷമം അനുഭവിച്ചിരുന്നുവെന്നും അതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും അനില്‍ കുമാര്‍ ആത്മഹത്യകുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

കോര്‍പ്പറേഷനില്‍ ബി ജെ പി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന നേതാവാണ് മരിച്ച അനില്‍കുമാര്‍. ബിജെപി നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചാണ് അനില്‍കുമാറിന്റെ ആത്മഹത്യയെന്ന ആരോപണം ബിജെപി നേതൃത്വം നിഷേധിച്ചിരുന്നു. കടബാധ്യത തീര്‍ക്കാന്‍ പാര്‍ട്ടി സഹായിച്ചെന്നും സൊസൈറ്റിയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നുമാണ് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് വ്യക്തമാക്കിയത്. ഇത്തരത്തില്‍ ഇക്കാര്യങ്ങള്‍ നേതാക്കള്‍ വിശദീകരിക്കുന്നതിനിടെയാണ് ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടത്തിയത്. പാര്‍ട്ടി നേതൃത്വം അറിഞ്ഞല്ല കയ്യേറ്റമെന്നും പരിശോധിക്കുമെന്നുമാണ് നേതാക്കളുടെ പ്രതികരണം.

Tags:    

Similar News