മറുനാടന്‍ വീഡിയോയ്ക്ക് താഴെ വന്ന മോശം കമന്റുകളുടെ പേരില്‍ ചീഫ് എഡിറ്റര്‍ക്കെതിരെ കേസെടുക്കാമോ? വീഡിയോയില്‍ മോശം കമന്റുകളില്ലെന്നിരിക്കെ ചെയ്യാത്ത കുറ്റത്തിന് ജാമ്യമില്ലാ കേസോ? മറുനാടന് സംരക്ഷണം ഒരുക്കി വീണ്ടും കോടതി; പുതിയ കേസിലും പൊലീസിനെ കണ്ടംവഴി ഓടിച്ച് ഉത്തരവ്

മറുനാടന്‍ വീഡിയോയ്ക്ക് താഴെ വന്ന മോശം കമന്റുകളുടെ പേരില്‍ ചീഫ് എഡിറ്റര്‍ക്കെതിരെ കേസെടുക്കാമോ?

Update: 2025-09-28 10:31 GMT

കൊച്ചി: സിപിഎം വനിത നേതാവിന് നേരേ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ മാധ്യമ പ്രവര്‍ത്തകനും മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം. ഷാജഹാന് ജാമ്യം അനുവദിച്ചപ്പോള്‍ എറണാകുളം സി ജെ എം കോടതി ഉയര്‍ത്തിയ ചോദ്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. അറസ്റ്റിന് അനാവശ്യ തിടുക്കം കാട്ടിയ പൊലീസിനെ നിര്‍ത്തിപ്പൊരിക്കുന്നതായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍. 'എഫ്‌ഐആര്‍ ഇട്ടതിന് ശേഷം, കൃത്യം മൂന്നുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍, നിങ്ങള്‍ ഷാജഹാനെ അറസ്റ്റ് ചെയ്തു. എങ്ങനെയാണ് നിങ്ങള്‍ മൂന്നു മണിക്കൂര്‍ കൊണ്ട് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്ത് എത്തുന്നത്? ' അതായത് എഫ്‌ഐആര്‍ ഇടുന്നതിന് മുമ്പ് തന്നെ ഷാജഹാനെ പിടികൂടാന്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയോടെ പൊലീസ് സഞ്ചരിച്ചു എന്നുകോടതിക്ക് ബോധ്യമായി. നിലവിലില്ലാത്ത നിലനില്‍ക്കാത്ത ഒരുകുറ്റം എങ്ങനെയാണ് ചുമത്തുന്നത്? ഷാജഹാന്‍ പരാതിക്കാരിക്ക് എതിരെ ലൈംഗികപരാമര്‍ശം നടത്തിയെങ്കില്‍, അതൊന്നു കാണിക്കൂ എന്നാണ് കോടതി ആവശ്യപ്പെട്ടത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ലൈംഗികച്ചുവയുള്ള വാക്ക് വ്യക്തമാക്കാമോ എന്നും, വീഡിയോയില്‍ അശ്ലീലമായ ഭാഗം എന്താണെന്നും കോടതി ആരാഞ്ഞപ്പോള്‍, കൃത്യമായ മറുപടി നല്‍കാന്‍ കഴിയാതെ പ്രോസിക്യൂഷന്‍ വിയര്‍ത്തുപോയി.

പ്രമുഖ അഭിഭാഷകനായ ജോണ്‍ റാള്‍ഫിന്റെ വാദങ്ങള്‍ ശരിവച്ചുകൊണ്ട്, കോടതി ചോദിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ നാണംകെട്ടാണ് പൊലീസ് ഷാജഹാനെ വീട്ടിലേക്ക് മടക്കി അയച്ചത്. എന്നാല്‍, ഇത്തരം നാണക്കേടുകള്‍ ഒന്നും കേരള പൊലീസിന് ബാധകമല്ല. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിന് മുന്‍പ്, സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ കൂട്ടത്തോടെ ജയിലില്‍ അടച്ച് അവരുടെ ധൈര്യം കെടുത്താനാണ് ശ്രമം. ഇതിന്റെ ഭാഗമായി ഓടി നടന്ന് കളളക്കേസ് എടുക്കുകയാണ്. മറുനാടന്‍ മലയാളിക്കെതിരെ അടുത്തിടെ രണ്ടുകേസ് കൂടി പൊലീസ് എടുത്തതും ഈ നീക്കത്തിന്റെ ഭാഗമാണ്.

ഈ രണ്ടുകേസുകളിലെയും പരാതിക്കാര്‍ കോണ്‍ഗ്രസുകാരാണ് എന്നത് സിപിഎമ്മിനും, പൊലീസിനും പ്രതീക്ഷ നല്‍കിയിരുന്നു. ആലുവ റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തത് ജാമ്യമില്ലാ വകുപ്പിട്ടാണ്. ജാമ്യം കിട്ടാത്ത വകുപ്പുണ്ടെങ്കില്‍, പൊലിസിന് എവിടെ നിന്നുവേണമെങ്കിലും അറസ്റ്റ് ചെയ്ത്, കോടതിയില്‍ ഹാജരാക്കാം. കെ എം ഷാജഹാന് എതിരെ സിപിഎം നേതാവിന്റെ പരാതിയില്‍ ആദ്യമെടുത്തത് ജാമ്യം കിട്ടുന്ന കേസായിരുന്നു. അതുകൊണ്ട് ഷാജഹാനെ ചോദ്യം ചെയ്ത് വിട്ടയച്ചു. എന്നാല്‍, ഇതേ നേതാവിന്റെ രണ്ടാമത്തെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത് 24 മണിക്കൂര്‍ നാടകം കളിക്കുകയായിരുന്നു. മറുനാടന് എതിരായ കോണ്‍ഗ്രസ് വനിതാ നേതാവിന്റെ പരാതിയിലും ആലുവ റൂറല്‍ സൈബര്‍ പൊലീസ് ചെയ്തത് അതുതന്നെയാണ്. ജാമ്യമില്ലാ കേസായത് കൊണ്ട് ഏതുസമയവും വന്ന് അറസ്റ്റ് ചെയ്യാമെന്നത് കണക്കുകൂട്ടി മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എറണാകുളം സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി പൊലീസിന് നോട്ടീസ് കൊടുത്ത് കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ടു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടു. ജാമ്യ ഉത്തരവ് ഔദ്യോഗികമായി പുറത്തുവന്നത് ഇന്നലെയാണ്. എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി പി എം സുരേഷ് ബാബുവിന്റെ ബഞ്ച് വിശദമായി തന്നെ കേസിനെ കുറിച്ച് പരാമര്‍ശിക്കുകയും, പൊലിസിന്റെ കള്ളക്കേസിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എഴുതി ചേര്‍ക്കുകയും ചെയ്തു. മറുനാടന് വേണ്ടി അഡ്വ.ശ്യാം ശേഖറാണ് കോടതിയില്‍ വാദങ്ങള്‍ ഉന്നയിച്ചത്.


Full View

മറുനാടനെ പൊലീസ് നിരന്തരം വേട്ടയാടുന്നു

മറുനാടന് എതിരെ പൊലീസ് നിരന്തരമായി കള്ളക്കേസെടുക്കുകയും, നിയമവിരുദ്ധമായി ജയിലില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നു, 10 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് കൊടുത്ത ശേഷമേ അറസ്റ്റ് ചെയ്യാവൂ എന്ന ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും പാതിരാത്രിയില്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി തുടങ്ങിയ വിഷയങ്ങളാണ് അഭിഭാഷകന്‍ ഉന്നയിച്ചത്. പ്രോസിക്യൂഷന്റെയും പരാതിക്കാരിയുടെ അഭിഭാഷകന്റെയും വാദം കോടതി കേട്ടു.

കോടതി വിധിയില്‍ പറയുന്നത്...

7 പേജുളള വിധിയിലെ 11ാം പാരഗ്രാഫില്‍, ജഡ്ജി പറയുന്നത് ഇങ്ങനെയാണ്: മറുനാടന്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, സ്ത്രീത്വത്തെ അപമാനിക്കുന്നതായി പരാതിക്കാരിക്ക് പോലും പരാതിയില്ല എന്നാണ് ഫസ്റ്റ് ഇന്‍ഫൊര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റില്‍ വ്യക്തമാക്കുന്നത്, അവരുടെ പരാതി തന്നെ ഈ വീഡിയോ വഴി മറ്റുളളവര്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ കമന്റുകള്‍ ഇട്ടുവെന്നാണ്. മറുനാടന്‍ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതിക്കാരി പോലും പറയുന്നില്ല. അതേസമയം, കമന്റ് അതിനുകാരണമായി എന്നുപറയുന്നുണ്ട്.



പൊതുസമൂഹത്തെയും, രാഷ്ട്രീയ പാര്‍ട്ടികളെയും അവരുടെ നേതാക്കളെയും കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കാനുളള അഭിപ്രായ സ്വാതന്ത്ര്യം മറുനാടനുണ്ട്. എന്നുമാത്രമല്ല, മറ്റുള്ളവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ തടയുകയുമരുത് എന്ന് കോടതി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍എയാണ്, അതേ പാര്‍ട്ടിയുടെ പ്രവര്‍ത്തകയാണ് പരാതിക്കാരി. മറുനാടന്‍ ചെയ്ത വീഡിയോയിലെ കമന്റുകള്‍, ഇത്തരത്തില്‍ നിയമവിരുദ്ധമാണെങ്കില്‍, ഇക്കാര്യത്തില്‍ വീഡിയോ ചെയ്ത ആളെ എങ്ങനെ ശിക്ഷിക്കാന്‍ കഴിയും എന്ന ചോദ്യമാണ് കോടതി ഉന്നിച്ചത്.

പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ സബ്മിഷനില്‍ പോലും, സ്ത്രീത്വത്തെ അപമാനിച്ചു എന്നുപറഞ്ഞിട്ടില്ല. വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളും സ്ത്രീത്വത്തെ അപമാനിക്കുന്നതായത് കൊണ്ട് കോടതി ഉചിതമായ ഉത്തരവിടണമെന്നാണ് പരാതിക്കാരി ആവശ്യപ്പെട്ടത്. അതായത് കമന്റുകള്‍ പലതും മോശമാണ്. എന്നാല്‍ പരാതിക്കാരിക്ക് അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉളളതുപോലെ മറ്റുള്ളവരുടെ അഭിപ്രായം തടയാന്‍ അവകാശമില്ല. ഒരാള്‍ കമന്റിടുമ്പോള്‍, ആ കമന്റ് തടയുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണ്. അതുകൊണ്ട് തന്നെ മറുനാടന്‍ എങ്ങനെ കുഴപ്പക്കാരന്‍ ആകുമെന്നതാണ് കോടതിയുടെ ചോദ്യം.




പ്രോസിക്യൂഷന്‍ തന്നെ പറയുന്നത്, വീഡിയോയില്‍ സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നാണ്. പരാതിക്കകത്തോ, പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ടിലോ, ആര്‍ക്കെതിരെയാണ് പരാതിപ്പെട്ടിരിക്കുന്നത് ( മറുനാടന്‍) അവരുടെ വീഡിയോയില്‍, സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ഇല്ലാതിരിക്കെ, ആരോ കമന്റിട്ടതിന്റെ പേരില്‍, എങ്ങനെയാണ് മറുനാടന് എതിരെ കേസെടുക്കാന്‍ കഴിയുക എന്നാണ് കോടതി വിധിയില്‍ ചോദിച്ചത്. അതുകൊണ്ട് മറുനാടന്‍ മലയാളി എഡിറ്ററെ ജയിലില്‍ അടയ്‌ക്കേണ്ട ഒരു ആവശ്യവുമില്ല. അയാള്‍്്ക്ക് ജാമ്യത്തിന് അവകാശമുണ്ടെന്ന് ജഡ്ജിക്ക് ബോധ്യപ്പെട്ടു എന്നാണ് വിധിയില്‍ പറയുന്നത്.

കേസുകള്‍ എടുക്കുമ്പോള്‍ പൊലീസുകാര്‍ കുറെ കൂടി ജാഗ്രത പുലര്‍ത്തണം എന്നാണ് കെ എം ഷാജഹാന് എതിരെയും, മറുനാടന് എതിരെയും ഉള്ള കള്ള കേസുകള്‍ തെളിയിക്കുന്നത്.

Tags:    

Similar News