അടിച്ചു ഫിറ്റായി ഫ്ളൈറ്റില്‍ അടിപിടി.. എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമം.. ബ്രിട്ടീഷ് പൗരന്‍ അഞ്ചു വര്‍ഷത്തേക്ക് ജയിലിലേക്ക്; ഒരു യാത്രക്കാരന്‍ പാസ്സ്പോര്‍ട്ട് തിന്നു.. മറ്റൊരാള്‍ ടോയ്ലെറ്റില്‍ ഇട്ട് ഫ്‌ലെഷ്ചെയ്തു...റയാന്‍ എയര്‍ വിമാനത്തില്‍ കശപിശ

Update: 2025-09-30 02:06 GMT

ലണ്ടന്‍: യാത്രാമദ്ധ്യേ ആകാശത്ത് വെച്ച് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച ബ്രിട്ടീഷുകാരനെ കാത്തിരിക്കുന്നത് അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ. ഇതുവരെ പേര് വെളിപ്പെടുത്താത്ത ഇയാള്‍ ഇന്നലെ മുതല്‍ ടുലൂസില്‍ കസ്റ്റഡിയിലാണ്. ഒരു റിംഗ് ലീഡര്‍ എന്ന് കരുതപ്പെടുന്ന ഇയാളെയും സംഘത്തെയും സ്പെഷ്യല്‍ ഫോഴ്സ് പോലീസ് കഴിഞ്ഞ വെള്ളിയാഴ്ച വിമാനത്തില്‍ നിന്നും പിടിച്ചിറക്കുകയായിരുന്നു. ല്യൂട്ടന്‍ വിമാനത്താവളത്തില്‍ നിന്നും സ്പെയിനിലെ അലികാന്റയിലേക്കുള്ള ലോ - കോസ്റ്റ് വിമാനത്തിലായിരുന്നു സംഭവം. ഇയാള്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് വിമാനം ഫ്രാന്‍സില്‍ ഇറങ്ങാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

എമര്‍ജന്‍സി വാതിലിന് സമീപം ഇരിക്കുകയായിരുന്ന അയാള്‍, അത് തുറക്കാന്‍ ശ്രമിച്ചതായി സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ അറിയിച്ചു. വിമാനത്തിലെ മറ്റ് യാത്രക്കാര്‍ ഭയന്ന് നിലവിളിക്കാന്‍ തുടങ്ങിയതോടെ വിമാനം താഴെയിറക്കുകയല്ലാതെ പൈലറ്റിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നായി. വിമാന ജീവനക്കാരും മറ്റ് യാത്രക്കാരും ഈ സംഘത്തെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും, മദ്യലഹരിയില്‍ ആയിരുന്ന അവര്‍ അതിന് തയ്യാറായില്ല. ശല്യം വര്‍ദ്ധിച്ചതോടെ വിമാനം ഫ്രാന്‍സിലെ ടുലുസില്‍ ഇറക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

വിമാനം താഴെ ഇറങ്ങിയതോടെ പോലീസ് വിമാനത്തിനുള്ളിലേക്ക് ഇരച്ചു കയറി ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കൈവിലങ്ങ് ധരിപ്പിച്ചാണ് ഇയാളെ വിമാനത്തില്‍ നിന്നും പുറത്തിറക്കിയത്. ഇയാളുടെ സംഘത്തിലുള്ള മറ്റുള്ളവരെയും വിമാനത്തില്‍ നിന്നും പുറത്താക്കി. അവരില്‍ നാല് പേരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. അമിതമായി മദ്യപിച്ചിരുന്ന ഇയാളെ ബോര്‍ഡര്‍ പോലീസിന്റെ സെല്ലില്‍ അടയ്ക്കുകയായിരുന്നു. നാല് മണിക്കൂര്‍ കഴിഞ്ഞാണ് ഇയാള്‍ സംസാരിക്കാന്‍ കഴിയുന്ന നിലയിലെത്തിയതെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്കെതിരെയുള്ള കേസ് തെളിയിക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാം.

റയന്‍എയര്‍ വിമാനത്തില്‍ കശപിശ

യാത്രക്കാരില്‍ ഒരാള്‍ പാസ്സ്‌പോര്‍ട്ട് ചെയ്യുകയും മറ്റൊരാള്‍ പാസ്സ്‌പോര്‍ട്ട് ടോയ്ലറ്റില്‍ ഇട്ട് ഫ്‌ലഷ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതോടെ റയ്ന്‍എയര്‍ വിമാനം വഴിതിരിച്ചു വിടേണ്ടതായി വന്നു. മിലനില്‍ നിന്നും, ലണ്ടനിലെ സ്റ്റാന്‍സ്റ്റഡിലേക്കുള്ള വിമാനം പറന്നുയര്‍ന്ന് 20 മിനിറ്റുകള്‍ കഴിഞ്ഞപ്പോഴാണ് രണ്ട് യാത്രക്കാര്‍ വിചിത്രമായി പെരുമാറാന്‍ തുടങ്ങിയത് എന്ന് പേര് വെളിപ്പെടുത്താത്ത ഒരു സ്രോതസ്സിനെ ഉദ്ധരിച്ച് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സീറ്റ് ബെല്‍റ്റുകള്‍ നീക്കി, ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോഴാണ് വിമാനത്തിന്റെ മുന്‍നിരയില്‍ ഇരുന്നിരുന്ന ഒരാള്‍ തന്റെ പാസ്സ്‌പോര്‍ട്ടിന്റെ പേജുകള്‍ ഒന്നൊന്നായി കീറി അത് ഭക്ഷിച്ചത്. ഇത് മറ്റ് യാത്രക്കാരെ ഭയപ്പെടുത്തി. അതിനിടയിലാണ് മറ്റൊരാള്‍ തന്റെ പാസ്സ്‌പോര്‍ട്ട് വിമാനത്തിന്റെ ടോയ്ലറ്റില്‍ ഇട്ട് ഫ്‌ലഷ് ചെയ്യാന്‍ ശ്രമിച്ചത്. ഇത് ജീവനക്കാര്‍ കണ്ടതിനെ തുടര്‍ന്ന് അവര്‍ ശുചിമുറിയുടെ വാതിലില്‍ തട്ടി അയാളോട് ഫ്‌ലഷിംഗ് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

ഈ രണ്ട് വിവരങ്ങളും ഒരു വിമാന ജീവനക്കാരന്‍ പരസ്യപ്പെടുത്തിയതോടെ വിമാനത്തിലെ മറ്റ് യാത്രക്കാര്‍ ആശങ്കയിലായി. തുടര്‍ന്ന് വിമാനം പാരീസിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. വിമാനം ഇറങ്ങിയ ഉടന്‍ തന്നെ ഫ്രഞ്ച് പോലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വൈകി വിമാനം ലണ്ടനിലേക്ക് യാത്ര തിരിച്ചു.

Similar News