ഇന്റര്‍നെറ്റ് ഉപയോഗം അധാര്‍മികം; അഫ്ഗാനിസ്ഥാനില്‍ ഫൈബര്‍-ഒപ്റ്റിക് സേവനങ്ങള്‍ വിച്ഛേദിച്ച് താലിബാന്‍; പുറം ലോകവുമായി ബന്ധപ്പെടാനാകാതെ ജനങ്ങള്‍: 'കമ്യൂണിക്കേഷന്‍ ബ്ലാക്കൗട്ടി'ല്‍ വലഞ്ഞ് രാജ്യം

ഇന്റര്‍നെറ്റ് ഉപയോഗം അധാര്‍മികം; സേവനങ്ങള്‍ വിച്ഛേദിച്ചു താലിബാന്‍

Update: 2025-09-30 01:53 GMT

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍ ഭരണകൂടം. സദാചാര നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് താലിബാന്‍ രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായും വിച്ഛേദിച്ചത്. ഇന്റര്‍നെറ്റ് ഉപയോഗം അധാര്‍മികമാണെന്നാണ് താലിബാന്റെ വിശദീകരണം. ഇതോടെ പുറം ലോകവുമായി ബന്ധമില്ലാതെ വലയുകയാണ് ജനങ്ങള്‍. രാജ്യത്തെ ബാങ്കിങ്, വിമാന മേഖലകളെ അടക്കം ഇത് ബാധിച്ചു.

തിങ്കളാഴ്ച മുതലാണ് രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടത്. ഇന്റര്‍നെറ്റ് ഉപയോഗം അധാര്‍മികമാണെന്ന് വിശദീകരിച്ചാണ് താലിബാന്‍ രാജ്യവ്യാപകമായി ഫൈബര്‍-ഒപ്റ്റിക് സേവനങ്ങള്‍ വിച്ഛേദിച്ചക്കുക ആയിരുന്നു. അധാര്‍മ്മികത തടയുന്നതിനായി താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ ഉത്തരവിറക്കിയത്. 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ഇതാദ്യമായാണ് അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുന്നത്.

തിങ്കളാഴ്ച മുതല്‍ രാജ്യത്തുടനീളം ഫൈബര്‍-ഒപ്റ്റിക് ഇന്റര്‍നെറ്റ് വിച്ഛേദിച്ചേക്കാമെന്ന് സ്വകാര്യ ടെലിവിഷന്‍ ചാനലായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തങ്ങളുടെ ആഭ്യന്തരവും ബാഹ്യവുമായ ആശയവിനിമയങ്ങള്‍ക്കായി മെസേജിംഗ് ആപ്പുകളെയും സോഷ്യല്‍ മീഡിയയെയും വളരെയധികം ആശ്രയിക്കുന്ന താലിബാന്‍ ഭരണകൂടത്തിന്റെ നടപടി മറ്റ് രാജ്യങ്ങളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനവും ഇല്ലാതായതോടെ അഫ്ഗാന്‍ പൂര്‍ണമായും ഇരുട്ടിലായ അവസ്ഥയിലാണ്.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതോടെ ആശയവിനിമയം നടത്താന്‍ മറ്റ് വഴികളോ സംവിധാനങ്ങളോ ഇല്ല. ബാങ്കിംഗ് മേഖല, കസ്റ്റംസ്, വിമാന സര്‍വീസുകള്‍ തുടങ്ങി രാജ്യത്തുടനീളമുള്ള മിക്ക സേവനങ്ങളെയും ഇതു സാരമായി ബാധിച്ചിട്ടുണ്ട്. ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ് താലിബാന്റെ പുതിയ ഭരണ പരിഷ്‌ക്കാരം.

ഹിബത്തുള്ള അഖുന്ദ്‌സാദ ഉത്തരവിറക്കിയതിന് പിന്നാലെ ഈ മാസം ആദ്യം നിരവധി പ്രവിശ്യകളില്‍ ഫൈബര്‍-ഒപ്റ്റിക് കണക്ഷനുകള്‍ നഷ്ടപ്പെട്ടിരുന്നു. തിങ്കളാഴ്ച, അഫ്ഗാനിസ്ഥാനിലെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സാധാരണ നിലയുടെ 14 ശതമാനത്തിലേക്ക് താഴ്ന്നതായും രാജ്യവ്യാപകമായി ടെലികോം സേവനങ്ങള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടതായും ഇന്റര്‍നെറ്റ് ലഭ്യതയ്ക്കായി വാദിക്കുന്ന നെറ്റ്ബ്ലോക്ക്സ് എന്ന സംഘടന അറിയിച്ചു.

'ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ' ഷട്ട്ഡൗണ്‍ തുടരുമെന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു. 'കണക്ഷന്‍ വിച്ഛേദിക്കാന്‍ പോവുകയാണ്, തിങ്കളാഴ്ച രാത്രിയോടെ ഇത് ഘട്ടംഘട്ടമായി സംഭവിക്കും, എണ്ണായിരം മുതല്‍ ഒന്‍പതിനായിരം വരെ ടെലികമ്മ്യൂണിക്കേഷന്‍ ടവറുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്നും പേരുവെളിപ്പെടുത്തരുതെന്ന വ്യവസ്ഥയോടെ ഇയാള്‍ എഎഫ്പിയോട് പറഞ്ഞു.

ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായ രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. ടെലിഫോണ്‍ സേവനങ്ങള്‍ പലപ്പോഴും ഇന്റര്‍നെറ്റ് വഴിയാണ് ലഭ്യമാക്കിയിരുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വേഗത കുറഞ്ഞിരുന്നു. പലയിടത്തും ഇടയ്ക്കിടെ പ്രവര്‍ത്തനം നിലച്ചിരുന്നു. യുഎസ് പിന്തുണയോടെ താലിബാനുമുമ്പുണ്ടായിരുന്ന സര്‍ക്കാരുകള്‍ നിര്‍മ്മിച്ച 9,350 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫൈബര്‍ ഒപ്റ്റിക് ശൃംഖലയായിരുന്നു രാജ്യത്തുണ്ടായിരുന്നത്.

Tags:    

Similar News