വിദ്യാര്‍ഥിനികളുടെ ലോക്കര്‍ റൂമുകള്‍ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നതില്‍ പ്രതിഷേധം; സ്‌കൂള്‍ ബോര്‍ഡ് മീറ്റിങ്ങിനിടെ സ്വന്തം വസ്ത്രമഴിച്ച് വിദ്യാര്‍ഥിനിയുടെ അമ്മ; പുറത്താക്കി സ്‌കൂള്‍ അധികൃതര്‍; കേസെടുത്ത് പൊലീസ്

Update: 2025-09-30 15:26 GMT

കാലിഫോര്‍ണിയ: വിദ്യാര്‍ഥിനികളുടെ ലോക്കര്‍ റൂമുകള്‍ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നതിനെതിരെ സ്‌കൂള്‍ ബോര്‍ഡ് മീറ്റിങ്ങില്‍ സ്വന്തം വസ്ത്രമഴിച്ച് 50 കാരിയുടെ വേറിട്ട പ്രതിഷേധം. കാലിഫോര്‍ണിയിയിലാണ് സംഭവം. ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടികളുടെ ലോക്കര്‍ റൂമുകള്‍ ഉപയോഗിക്കുന്നതിനെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ലാതെ വന്നതോടെയാണ് അടിവസ്ത്രം മാത്രം ധരിച്ച് പ്രതിഷേധിച്ചത്. യോലോ കൗണ്ടിയിലെ 'മോംസ് ഫോര്‍ ലിബര്‍ട്ടിയുടെ ചെയര്‍പേഴ്സണ്‍ ആയ ബെത്ത് ബോണ്‍ എന്ന 50-കാരിയാണ് പ്രതിഷേധത്തിന്റെ ഭാഗമായി തന്റെ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് പ്രതിഷേധിച്ചത്. സെപ്തംബര്‍ 18-ന് കാലിഫോര്‍ണിയയിലെ ഡേവിസ് ജോയിന്റ് യൂണിഫൈഡ് സ്‌കൂള്‍ ബോര്‍ഡ് യോഗത്തിനിടെയിലാണ് സംഭവം.

സ്‌കൂളുകളിലെ ലോക്കര്‍ റൂം നയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ബോണ്‍ ഈ രീതിയില്‍ പ്രതിഷേധിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ലിംഗഭേദത്തെ അടിസ്ഥാനമാക്കി ലോക്കര്‍ റൂം തിരഞ്ഞെടുക്കാന്‍ അനുമതി നല്‍കുന്ന നയമാണ് സ്‌കൂള്‍ അധികൃതര്‍ പിന്തുടരുന്നതെന്നും ഇത് വിദ്യാര്‍ഥിനികള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നുവെന്നും അവര്‍ ആരോപിച്ചു. സഹപാഠികള്‍ ലോക്കര്‍ റൂമുകള്‍ ഉപയോഗിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക നേരിടേണ്ടി വരുന്ന അവസ്ഥയെന്തെന്ന് ബോര്‍ഡ് അംഗങ്ങള്‍ മനസിലാക്കുന്നതിന് വേണ്ടിയാണ് താന്‍ വസ്ത്രമൂരി പ്രതിഷേധിച്ചതെന്ന് അവര്‍ പറഞ്ഞു. പ്രതിഷേധം നടക്കുമ്പോള്‍, ബോണ്‍ തന്റെ വസ്ത്രം അഴിച്ചുമാറ്റി അടിവസ്ത്രം മാത്രം ധരിച്ചാണ് പ്രതിഷേധമറിയിച്ചത്. യോഗത്തില്‍ പങ്കെടുത്ത മറ്റൊരു അംഗം ഇതിനെ എതിര്‍ത്ത് സംസാരിച്ചെങ്കിലും ബോണ്‍ തന്റെ പ്രതിഷേധം തുടര്‍ന്നു.

ഈ ഘട്ടത്തില്‍, ബോര്‍ഡ് വൈസ് പ്രസിഡന്റ് ഹൈറാം ജാക്‌സണ്‍ യോഗം തല്‍ക്കാലം നിര്‍ത്തി വെച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. യോഗം വീണ്ടും ചേര്‍ന്നപ്പോള്‍, ബോണിന് സംസാരിക്കാന്‍ രണ്ടാമതൊരു അവസരം ലഭിച്ചു, പൂര്‍ണ്ണമായും വസ്ത്രം ധരിച്ച ആക്ടിവിസ്റ്റിനെ തന്റെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ ജാക്സണ്‍ ക്ഷണിച്ചു. 'മീറ്റിംഗ് വീണ്ടും തടസ്സപ്പെടുത്തിയാല്‍ നിങ്ങളോട് പോകാന്‍ ആവശ്യപ്പെടും,' അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അവര്‍ ഇത് വീണ്ടും ആവര്‍ത്തിച്ചു. തുടര്‍ന്ന് അരമണിക്കൂറോളം രണ്ടാമത്തെ ഇടവേള നല്‍കി, ആ സമയത്ത് ബോണിനെ പോലീസ് പുറത്താക്കി കെട്ടിടത്തിന് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

'ബോര്‍ഡിന് മുമ്പാകെ പൊതു അവതരണങ്ങള്‍ ചില നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെടുന്നു.' എന്ന് ബോര്‍ഡ് പ്രസിഡന്റ് ഡിനുന്‍സിയോ പിന്നീട് പ്രസ്താവനയില്‍ വിശദീകരിച്ചു. വൈകുന്നേരം 7.15 ഓടെ, ബോണിനെതിരെ പൊലീസ് കേസെടുത്തു.

Similar News