വെള്ളിയാഴ്ച ഇറ്റലിയിലെ റോഡുകളും തെരുവുകളുമെല്ലാം വിജനമായി; ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ; റെയിൽ ഗതാഗതവും പ്രധാന തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ അടക്കം താറുമാറായി; ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ പൊതു പണിമുടക്കിൽ കുടുങ്ങിയത് ആയിരങ്ങൾ; ശക്തമായി അപലപിച്ച് ഭരണകൂടം
റോം: ഗാസയിലേക്കുള്ള സഹായങ്ങൾ നിർത്തിവെയ്ക്കുകയും മുന്നിൽ പ്രതിബന്ധങ്ങളുണ്ടാകുന്നതിനെതിരെയും ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇറ്റലിയിൽ വ്യാപകമായ പൊതു പണിമുടക്ക്. യൂണിയനുകൾ ആഹ്വാനം ചെയ്ത സമരത്തെ തുടർന്ന് വെള്ളിയാഴ്ച രാജ്യത്തെ റെയിൽ ഗതാഗതത്തിനും തുറമുഖ പ്രവർത്തനങ്ങൾക്കും കനത്ത തടസ്സമുണ്ടായി. ഇത് ലക്ഷക്കണക്കിന് യാത്രക്കാരെ വലച്ചതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ മാസം ഗാസ ലക്ഷ്യമാക്കി പുറപ്പെട്ട 'Global Sumud Flotilla' നേരിട്ട ബുദ്ധിമുട്ടുകളെ പ്രതിഷേധക്കാർ ശക്തമായി അപലപിച്ചു. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ഗാസയിൽ ഭക്ഷ്യക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സഹായങ്ങളുമായി അവർ യാത്ര തിരിച്ചത്. ഇതിൽ ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാരും സാമൂഹിക പ്രവർത്തകരും ഉൾപ്പെട്ടിരുന്നു.
ഈ വിഷയത്തിൽ വ്യാഴാഴ്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ഇറ്റലിയിലെ യൂണിയനുകളായ USB, CGIL എന്നിവയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ദേശീയ തലത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചത്. മിലാൻ, റോം തുടങ്ങിയ നഗരങ്ങളിൽ ആയിരക്കണക്കിന് ആളുകൾ വ്യാഴാഴ്ച തെരുവിലിറങ്ങിയിരുന്നു.
വെള്ളിയാഴ്ച രാവിലെയും റോമിൽ പ്രതിഷേധക്കാർ പ്രധാന റെയിൽവേ സ്റ്റേഷന് പുറത്തുള്ള വലിയ മൈതാനത്ത് സംഘടിച്ചിരുന്നു. ഇതേത്തുടർന്ന് റോമിലെ ടെർമിനി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ സർവീസുകൾ പൂർണ്ണമായും നിർത്തിവെക്കുകയോ 80 മിനിറ്റ് വരെ വൈകുകയോ ചെയ്തു. രാജ്യത്തെ മറ്റ് നഗരങ്ങളിലും സമാനമായ അവസ്ഥയുണ്ടായി.
ഇറ്റാലിയൻ വാർത്താ ഏജൻസിയായ AGI അനുസരിച്ച് 10,000-ൽ അധികം ആളുകൾ റോമിലെ പ്രതിഷേധത്തിൽ പങ്കെടുത്തു. രാഷ്ട്രീയ വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ളവർ ഇതിൽ ഉൾപ്പെട്ടിരുന്നു. "ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ, നമ്മുടെ സർക്കാരിന്റെ നടപടികളിൽ ഞങ്ങൾക്ക് എത്രത്തോളം ദേഷ്യവും നിരാശയും ഉണ്ടെന്ന് കാണിക്കേണ്ടത് നമ്മുടെ കടമയാണ്. ഗാസയിൽ കൊല്ലപ്പെടുന്ന, പീഡിപ്പിക്കപ്പെടുന്ന, കൂട്ടക്കൊല ചെയ്യപ്പെടുന്ന ഫലസ്തീനികൾക്ക്, പ്രത്യേകിച്ച് ഞങ്ങളുടെ പിന്തുണ അറിയിക്കുന്നു," പ്രതിഷേധത്തിൽ പങ്കെടുത്ത 19-കാരനായ ഗിയോർഡാനോ ഫിയോറമോണ്ടി പറഞ്ഞു.
രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളായ ട്യൂറിൻ, ട്രെന്റോ മുതൽ തെക്കൻ നഗരങ്ങളായ ബാരി, പാലെർമോ വരെ ആയിരക്കണക്കിന് ആളുകൾ മാർച്ചിംഗ് പ്രകടനങ്ങളിലും ഫ്ലാഷ് മോബുകളിലും പങ്കെടുത്തതായി പ്രാദേശിക മാധ്യമങ്ങളും ദൃശ്യങ്ങളും സ്ഥിരീകരിക്കുന്നു. ഗാസ സഹായങ്ങൾക്ക് തടസ്സം നിന്നതിനെതിരെ പിന്തുണ അറിയിച്ചുകൊണ്ടുള്ള ഈ പൊതു പണിമുടക്ക് രാജ്യത്തെ ഗതാഗത സംവിധാനങ്ങൾക്ക് കാര്യമായ തടസ്സമുണ്ടാക്കി.
അതേസമയം, ഉപരോധം ഭേദിച്ച് ഗസ്സക്ക് സഹായമെത്തിക്കാനായി പുറപ്പെട്ട സുമൂദ് ഫ്ലോട്ടില്ലയിലെ അവസാന കപ്പലും ഇസ്രായേൽ സൈന്യം പിടിച്ചെടുത്തു. കപ്പലിലുണ്ടായിരുന്നുവരെ കസ്റ്റഡിയിലെടുത്തു.
42 ചെറുകപ്പലുകളടങ്ങിയ ഫ്ലോട്ടില്ലയിൽ ഒന്നൊഴികെ എല്ലാം കഴിഞ്ഞ ദിവസം ഇസ്രായേൽ തടയുകയും കപ്പലിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പാർലമെന്റ് അംഗങ്ങൾ, അഭിഭാഷകർ, സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 470 പേരാണ് ഇസ്രായേലിന്‍റെ കസ്റ്റഡിയിലുള്ളത്. ഇതിൽ ഇറ്റലിക്കാരായ നാലുപേരെ നാടുകടത്തി. ആറ് യാത്രക്കാരുമായി പോളണ്ട് പതാക വഹിച്ച മാരിനെറ്റ് എന്ന കപ്പലാണ് വെള്ളിയാഴ്ച രാവിലെ അവസാനമായി ഇസ്രായേൽ സൈന്യം പിടിച്ചെടുത്തത്. ഗസ്സയിൽനിന്ന് 100 കിലോമീറ്റർ അകലെ വെച്ചായിരുന്നു നടപടി.
ഒമ്പതു ചെറുകപ്പലുകളടങ്ങിയ പുതിയ ഫ്ലോട്ടില്ല ഗസ്സയിലേക്ക് ഉടൻ പുറപ്പെടും. 25 രാജ്യങ്ങളിൽനിന്നായി 100ലേറെ പേരാണ് സംഘത്തിലുള്ളത്. ഗ്രീക്ക് ദ്വീപായ ക്രെറ്റെക്ക് സമീപമാണ് കപ്പൽ വ്യൂഹമുള്ളത്. ആക്ടിവിസ്റ്റ് ഗ്രെറ്റ ത്യുൻബെറി ഉൾപ്പെടെയുള്ളവരുടെ ചിത്രം ഇസ്രായേൽ പുറത്തുവിട്ടു. ത്യുൻബെറി സഞ്ചരിച്ച പ്രധാന കപ്പലായ ആൽമ കഴിഞ്ഞദിവസം തടഞ്ഞിരുന്നു. രണ്ടു വർഷത്തിനിടെ ആദ്യമായാണ് ഗസ്സക്ക് 70 നോട്ടിക്കൽ മൈൽ അകലത്തിൽ കപ്പലുകളെത്തിയത്. മികെനോ എന്ന ഒരു കപ്പൽ ഗസ്സ തീരത്തിന് ഒമ്പത് നോട്ടിക്കൽ മൈൽ അടുത്തെത്തിയതും ശ്രദ്ധേയമായി.
നാല് ഇറ്റലിക്കാരെ ഇതിനകം നാടുകടത്തിയെന്നും അവശേഷിച്ചവരെ കൂടി വൈകാതെ തിരികെ നാടുകളിലേക്ക് കയറ്റിവിടുമെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
40 രാജ്യങ്ങളിൽനിന്നെത്തിയ ആക്ടിവിസ്റ്റുകളിൽ ഗ്രെറ്റ ത്യുൻബെറിക്ക് പുറമെ ബാഴ്സലോണ മുൻ മേയർ അഡാ കൊലാവു, യൂറോപ്യൻ പാർലമെന്റ് അംഗം റിമ ഹസൻ എന്നിവരുമുണ്ട്. കപ്പലുകൾ തടഞ്ഞതിനും ഗസ്സ വംശഹത്യക്കുമെതിരെ ആഗോള രോഷം അണപൊട്ടുകയാണ്. സംഭവത്തെ തുടർന്ന് ഇസ്രായേൽ നയതന്ത്ര പ്രതിനിധികളെ കൊളംബിയ നാടുകടത്തി. ഇസ്രായേലുമായി സ്വതന്ത്ര വ്യാപാര കരാറും അവസാനിപ്പിച്ചു. ജർമനി, ഫ്രാൻസ്, യു.കെ, സ്പെയിൻ, ഗ്രീസ്, അയർലൻഡ് രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.