'പി.എ മുഹമ്മദ് റിയാസിനെ കാണാനില്ല'; നിരവധി തവണ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും പോലീസ്; രാഷ്ട്രീയ കേസുകളില്‍ 'സേഫ്' ആയി റിപ്പോര്‍ട്ട് നല്‍കുന്ന പോലീസിനെ വിമര്‍ശിച്ച് കോടതി; നേതാക്കള്‍ക്കെതിരെ വര്‍ഷങ്ങളായി കോടതികളിലുള്ളത് 391 കേസുകള്‍

Update: 2025-10-06 05:18 GMT

തിരുവനന്തപുരം: 'ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിനെ കാണാനില്ല'... നിരവധി തവണ അന്വേഷിച്ചെങ്കിലും നേരിട്ടു കണ്ടെത്താനായില്ലെന്ന് പറയുന്നത് പോലീസാണ്. സമരത്തില്‍ പങ്കെടുത്തതിന് പ്രതി ചേര്‍ക്കപ്പെട്ട മുഹമ്മദ് റിയാസിനെതിരെ പുറപ്പെടുവിപ്പിച്ച വാറണ്ട് നടപ്പാക്കാത്തതിന് ജില്ലാ കോടതിയില്‍ പോലീസ് നല്‍കിയ സേഫായ മറുപടിയാണിത്. ഇനിയും വാറണ്ട് വരുമ്പോള്‍ ഇതേ മറുപടി തന്നെ പോലീസ് നല്‍കും. മന്ത്രിമാരും എം.എല്‍.എമാരും പ്രതി ചേര്‍ക്കപ്പെടുന്ന ഭൂരിഭാഗം കേസുകളും മൂന്നോട്ടു നീങ്ങുന്നത് ഇതേ രീതിയില്‍ തന്നെയാണ്. സമരങ്ങളില്‍ പങ്കെടുത്തതിനും മറ്റുമായി എം.പിമാര്‍ക്കും എല്‍.എല്‍.എമാര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത 391 കേസുകളാണ് സംസ്ഥാനത്തുടനീളമുള്ള കോടതികളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്. ഇതില്‍ 59 എണ്ണം പത്തു വര്‍ഷത്തിലേറെയായി കോടതിയും പോലീസുമായി ഇഴഞ്ഞു നീങ്ങുകയാണ്.

രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ കൈക്കൊള്ളാനുള്ള പോലീസിന്റെ ഭയമാണ് കേസുകള്‍ ഇഴയാനുള്ള കാരണം. ഉന്നത നേതാക്കളെ നേരിട്ടുപോലും കാണാതെയാണ് ഭൂരിഭാഗം കേസുകളിലും പോലീസ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കുന്നത്. എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരായുള്ള നൂറു കേസുകള്‍ അഞ്ചുമുതല്‍ പത്തുവര്‍ഷം വരെയും ശേഷിക്കുന്ന 232 എണ്ണം അഞ്ചുവര്‍ഷത്തില്‍ താഴെയുമായി വിവിധ കോടതികളുടെ പരിഗണനയിലാണ്. 55 കേസുകളില്‍ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും പന്ത്രണ്ടെണ്ണം മാത്രമാണ് നടപ്പിലാക്കിയത്. പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള 59 കേസുകളില്‍ 29 എണ്ണത്തില്‍ പോലീസിന് സമന്‍സ് ലഭിച്ചില്ല. അവര്‍ക്ക് ലഭിച്ച 30 സമന്‍സുകളില്‍ 27 എണ്ണം നല്‍കിയിട്ടുണ്ട്. പ്രതികള്‍ ഒളിവില്‍ പോയതിനാല്‍ മൂന്നെണ്ണം നടപ്പാക്കിയില്ല.

പന്ത്രണ്ട് കേസുകളില്‍ വാറണ്ടുകള്‍ പുറപ്പെടുവിപ്പിച്ചു. അതില്‍ രണ്ടെണ്ണം നടപ്പാക്കി. പ്രതികളുടെ മരണം, ഒളിവില്‍ പോയത്, ഹൈക്കോടതി സ്റ്റേ എന്നിങ്ങനെ പത്തെണ്ണം നടപ്പാക്കിയിട്ടില്ല. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ കേസുകള്‍ കെട്ടിക്കിടക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ഹൈക്കോടതി പത്തു വര്‍ഷത്തിലേറെയായി കെട്ടിക്കിടക്കുന്ന കേസുകളില്‍ സമന്‍സ് വേഗത്തില്‍ അയക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ നോഡല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനും കോടതി അധികൃതര്‍ക്കും ഈയ്യിടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസുകള്‍ അവസാനിക്കാതെ ദീര്‍ഘമായി നീളുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.

മുന്‍ എം.എല്‍.എ സി.കെ ശശീന്ദ്രനെതിരായ കേസില്‍ വാറണ്ട് നടപ്പാക്കാത്തതിന് കാരണമായി പോലീസ് കോടതിയെ അറിയിച്ചത്, വസതിയില്‍ നിരവധി തവണ പോയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ലെന്നാണ്. സമീപവാസികളോട് അന്വേഷിച്ചപ്പോള്‍ ശശീന്ദ്രന്‍ ഏതാനും ദിവസങ്ങളായി അവിടെയില്ലെന്ന് അറിയാന്‍ കഴിഞ്ഞതായും പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ വരുന്ന വാറണ്ടുകള്‍ക്കെല്ലാം സമാനമായ രീതിയിലാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നത്. അന്വേഷിച്ചെത്തി വാറണ്ട് നല്‍കിയാല്‍ നേതാക്കളുടെ അപ്രീതിക്ക് പാത്രമാകുമെന്ന ഭയമാണ് പോലീസിനെ ഇത്തരത്തില്‍ റിപ്പോര്‍ട്ടു നല്‍കാന്‍ പ്രേരിപ്പിക്കുന്നത്.

ജില്ല തിരിച്ച് ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് തിരുവനന്തപുരത്താണ്, 57 എണ്ണം. ഇതില്‍ 34 എണ്ണം നിലവിലെ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരെയാണ്. 21 എണ്ണം മുന്‍ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരെയാണ്. എറണാകുളത്ത് 37 കേസുകളാണ് സിറ്റിങ്ങ് എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരെയുള്ളത്. 17 എണ്ണം മുന്‍ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരെയുള്ളതാണ്. കാസര്‍കോട് സിറ്റിങ്ങ് എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരെ 14 കേസുകളാണ് കെട്ടിക്കിടക്കുന്നത്. 24 കേസുകള്‍ മുന്‍ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരെ കോടതികളിലുണ്ട്.

Similar News