ലെഫ്റ്റനന്റ് കേണലിന് സല്യൂട്ട്! ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ മോഹന്‍ലാലിന് കരസേനയുടെ ആദരം; ലഭിച്ചത് വലിയ ബഹുമതിയെന്ന് മോഹന്‍ലാല്‍; കൂടുതല്‍ യുവാക്കളെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ക്കുന്നതില്‍ കരസേനാ മേധാവിയുമായി ചര്‍ച്ച നടത്തിയെന്നും പ്രതികരണം

ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ മോഹന്‍ലാലിന് കരസേനയുടെ ആദരം

Update: 2025-10-07 11:40 GMT

ന്യൂഡല്‍ഹി: ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ ആദരിച്ച് ഇന്ത്യന്‍ കരസേന. ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ വെച്ച് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി മോഹന്‍ലാലിനെ ആദരിച്ചു. ഇതൊരു വലിയ ബഹുമതിയാണെന്നും, കൂടുതല്‍ യുവാക്കളെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുമായി ചര്‍ച്ച ചെയ്തതായും മോഹന്‍ലാല്‍ പിന്നീട് പ്രതികരിച്ചു.

ടെറിട്ടോറിയല്‍ ആര്‍മിയുടെ പ്രചാരണത്തിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സൈന്യത്തിലേക്ക് കൂടുതല്‍ ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നതിനായുള്ള പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കാളിയാകുമെന്നും മോഹന്‍ലാല്‍ അറിയിച്ചു. സൈനിക മേധാവി ഉപേന്ദ്ര ദ്വിവേദിയുമായുള്ള കൂടിക്കാഴ്ച ജീവിതത്തില്‍ കിട്ടിയ ഏറ്റവും വിലപ്പെട്ട നിമിഷമായിട്ടാണ് താരം വിശേഷിപ്പിച്ചത്.

'പതിനാറ് വര്‍ഷമായി ഞാന്‍ ആര്‍മിയിലുണ്ട്. ടെറിട്ടോറിയല്‍ ആര്‍മിയെ എങ്ങനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാം, നമ്മുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. സൈന്യത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ സാധാരണക്കാരെ ഇതിലേക്ക് കൊണ്ടുവരാനുമുള്ള നിരവധി ആശയങ്ങള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. കേരളത്തില്‍ ടെറിട്ടോറിയല്‍ ആര്‍മിയെക്കുറിച്ച് ഇപ്പോഴും അത്ര അറിവില്ലാത്ത സാഹചര്യത്തില്‍ ഇത് പ്രധാനമാണ്. രാജ്യസ്‌നേഹം കൂടുതല്‍ വളര്‍ത്തുക എന്നതും ഇതിന്റെ ലക്ഷ്യമാണ്,' -കൂടിക്കാഴ്ചയ്ക്ക് ശേഷം മോഹന്‍ലാല്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതൊരു ചെറിയ ചര്‍ച്ചയായിരുന്നു, പക്ഷേ വലിയ പദ്ധതികള്‍ ഇനിയും വരാനിരിക്കുന്നുവെന്നും മോഹന്‍ലാല്‍ സൂചിപ്പിച്ചു.

''ഇതൊരു വലിയ അംഗീകാരവും ബഹുമതിയുമാണ്,'' കരസേനയുടെ ആദരം ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം പ്രതികരിച്ചു. രാജ്യത്തിന് നല്‍കിയ സംഭാവനകളും സൈന്യവുമായുള്ള അദ്ദേഹത്തിന്റെ ഊഷ്മള ബന്ധവുമാണ് ഈ ബഹുമതിക്ക് അദ്ദേഹത്തെ അര്‍ഹനാക്കിയത്.

സ്‌ക്രീനില്‍ നിരവധി തവണ സൈനികന്റെ വേഷം ചെയ്ത മോഹന്‍ലാല്‍, ഇനിയും അത്തരം സിനിമകള്‍ ചെയ്യാന്‍ പദ്ധതിയുണ്ടെന്നും പറഞ്ഞു. 'ഞാന്‍ സൈന്യത്തെക്കുറിച്ച് നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. അവയില്‍ ഭൂരിഭാഗവും സംവിധാനം ചെയ്തത് മേജര്‍ രവിയാണ്. സൈന്യവുമായി ബന്ധപ്പെട്ട കൂടുതല്‍ സിനിമകളുമായി വരാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‌കാരവിതരണത്തിനിടെയാണ് മോഹന്‍ലാലിന് ഫാല്‍ക്കേ പുരസ്‌കാരം രാഷ്ട്രപതി നല്‍കിയത്. ഈ നിമിഷം തന്റേതുമാത്രമല്ല. മറിച്ച്, മലയാള സിനിമയ്ക്ക് മുഴുവനും അവകാശപ്പെട്ടതാണ് എന്നാണ് മോഹന്‍ലാല്‍ അന്ന് പറഞ്ഞത്. മലയാള സിനിമയുടെ പാരമ്പര്യത്തിനും സര്‍ഗാത്മകതയ്ക്കും ലഭിച്ച ആദരവായിട്ടാണ് പുരസ്‌കാരത്തെക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2009-ലാണ് മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാകുന്നത്. ഇന്ത്യന്‍ ആര്‍മിയിലെ 122 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടിഎ മദ്രാസ് ടീമിലെ അംഗമാണ് അദ്ദേഹം. സൈന്യത്തിന്റെ ഭാഗമായി താന്‍ പൊതുജനങ്ങള്‍ക്ക് അറിയാവുന്നതും അല്ലാത്തതുമായ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഉരുള്‍പൊട്ടലുണ്ടായ സമയത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളുടെ സജീവ സാന്നിധ്യം വലിയ ശ്രദ്ധ നേടിയിരുന്നു.

Tags:    

Similar News