ബ്രിട്ടണില്‍ വച്ച് ഡ്രീംലൈനറിന് സംഭവിച്ച സാങ്കേതിക തകരാര്‍ എന്ത്? വൈദ്യുതി സംവിധാനം പ്രതിസന്ധിയിലായതിന് പിന്നില്‍ കാരണം ഇനിയും അവ്യക്തം; കഴിഞ്ഞ ദിവസം ഭാഗ്യം കൊണ്ട് ഒഴിവായത് അഹമ്മദാബാദിലേതിന് സമാന ദുരന്തം; എയര്‍ ഇന്ത്യയെ പ്രതിസന്ധിയിലാക്കി മറ്റൊരു പിഴവ്
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ബര്‍മിങ്ഹാമില്‍ എയര്‍ ഇന്ത്യ 787 ഡ്രീംലൈനറില്‍ അപ്രതീക്ഷിതമായി ഉണ്ടായ സാങ്കേതിക തകരാറുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ബോയിങ് കമ്പനിയില്‍ നിന്ന് വിവരങ്ങള്‍ തേടി. അടിയന്തര വൈദ്യുതി സംവിധാനം പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് വിമാനം നിലത്തിറക്കുക ആയിരുന്നു. അതേ സമയം ബോയിംഗിന്റെയും എയര്‍ ഇന്ത്യയുടെയും വക്താക്കള്‍ ഇക്കാര്യത്തില്‍ ഇനിയും പരസ്യമായി പ്രതികരിച്ചിട്ടില്ല.
പഞ്ചാബിലെ അമൃത്സറില്‍ നിന്ന് യുകെയിലെ ബര്‍മിംഗ്ഹാമിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലെ ജീവനക്കാര്‍ ലാന്‍ഡ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ വിമാനത്തിന്റെ റാറ്റ് പുറത്ത് വന്നതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇരട്ട എഞ്ചിന്‍ തകരാറോ വിമാനത്തിലെ വൈദ്യുതി പൂര്‍ണ്ണമായി നിശ്ചലമാക്കപ്പെടുകയോ ചെയ്യുന്ന അവസരങ്ങളിലാണ് ഇത്തരത്തില്‍ റാറ്റ് സംവിധാനം പ്രവര്‍ത്തിക്കുക. കാറ്റിന്റെ വേഗത ഉപയോഗിച്ച് റാറ്റ് അടിയന്തരമായി വൈദ്യുതി ഉത്പാദിപ്പിക്കും. എന്നാല്‍ വിമാനത്തിന് ഇത് പ്രവര്‍ത്തിക്കത്തക്ക തരത്തില്‍ ഇലക്ട്രിക്കല്‍, ഹൈഡ്രോളിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
വിമാനം പിന്നീട് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. വിമാനം 500 അടി മുകളില്‍ എതുമ്പോഴാണ് സാങ്കേതിക പ്രശ്നം ഉണ്ടായത്. അതിനിടെ ഇന്ത്യയിലെ എല്ലാ ബോയിംഗ് 787 വിമാനങ്ങളും നിലത്തിറക്കണമെന്ന ആവശ്യവുമായി പൈലറ്റുമാര്‍ രംഗത്തെത്തിയിരുന്നു. ആറായിരം പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ് ഈ സംഭവത്തെ അഭൂതപൂര്‍വം എന്നാണ് വിശേഷിപ്പിച്ചത്. വിമാനത്തിലെ വൈദ്യുതി സംവിധാനം തകരാറിലായതായി എന്നാണ് പൈലറ്റുമാര്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ 34 ഡ്രീംലൈനര്‍ വിമാനങ്ങളുടെയും പൂര്‍ണ്ണ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് യൂണിയന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കത്ത് നല്‍കിയിരിക്കുകയാണ്.
രാജ്യത്ത് ബോയിംഗ് 787 ഇനത്തില്‍ പെട്ട 34 വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്. ബര്‍മിങ്ഹാമില്‍ സാങ്കേതിക തകരാറ് ഉണ്ടായ വിമാനത്തിന് 12 വര്‍ഷം പഴക്കമുണ്ട്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് ഡ്രീംലൈനര്‍ തകര്‍ന്ന് വീണ് 260 പേരാണ് കൊല്ലപ്പെട്ടത്. ജൂണില്‍ അഹമ്മദാബാദില്‍ നടന്ന സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തില്‍ വിമാനത്തിന് വൈദ്യുതി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ടര്‍ബൈന്‍ വിന്യസിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വൈദ്യുതി നഷ്ടപ്പെട്ടതിന്റെ കാരണം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഡ്രീംലൈനറിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ അപകടത്തിന് തൊട്ടുമുമ്പ് 'റണ്‍' എന്നതില്‍ നിന്ന് 'കട്ട്ഓഫ്' എന്നതിലേക്ക് മാറ്റി, രണ്ട് എഞ്ചിനുകളിലേക്കും ഇന്ധനം വിച്ഛേദിക്കപ്പെട്ടതായി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.