'ഫീസ്റ്റ് വിത്ത് ന്യൂ ഫ്രണ്ട്സ്..'; പാർക്കിൽ അമ്മയോടൊപ്പം കളിച്ചു നടന്ന പെൺകുട്ടി; ഓടിനടക്കവേ ഒരു ഭക്ഷണ വിരുന്ന് കണ്ട് അത്ഭുതപ്പെടൽ; കൂട്ടത്തിലെ ഒരാളെ പോലെ വരവേറ്റ് ഇന്ത്യൻ കുടുംബം; ദൃശ്യങ്ങൾ വൈറൽ
നോർത്തേൺ ടെറിട്ടറി: ഓസ്ട്രേലിയയിലെ ബെറി സ്പ്രിംഗ്സ് നേച്ചർ പാർക്കിൽ ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന ഒരു ഇന്ത്യൻ കുടുംബത്തിന്റെ അടുത്തെത്തിയ അതിഥിയായി മാറിയ ഓസ്ട്രേലിയൻ പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. യാതൊരു മുൻപരിചയമില്ലാതെ തന്നെ ഒരു കുട്ടിയെ സ്നേഹത്തോടെ സ്വീകരിച്ച് ഭക്ഷണം നൽകിയ ഇന്ത്യൻ കുടുംബത്തിന്റെ വിരുന്നോമ്പൽ സംസ്കാരമാണ് ഈ സംഭവത്തിലൂടെ എടുത്തു കാണിക്കുന്നത്.
സിംഗിൾ മദറായ ഇവായും മകൾ ഗയയും പാർക്കിലൂടെ നടക്കുമ്പോളാണ് ഒരു ഇന്ത്യൻ കുടുംബം ഭക്ഷണം കഴിക്കുന്നതുകണ്ടത്. കുട്ടികൾക്ക് മറ്റുള്ളവരോട് അടുക്കാൻ മടിയില്ലാത്തതിനാൽ ഗയ ഉടൻതന്നെ ആ കുടുംബത്തിന്റെ അടുത്തേക്ക് ഓടിച്ചെല്ലുകയായിരുന്നു. ഇവർ ഗയയെ വീട്ടിൽനിന്നും കൊണ്ടുവന്ന ഭക്ഷണത്തിൽ നിന്നും ഒരു കുട്ടിയെപ്പോലെ സ്നേഹത്തോടെ വിരുന്നു സൽക്കരിക്കുകയായിരുന്നു. യാതൊരു സങ്കോചവുമില്ലാതെ ഗയയും ഇന്ത്യൻ കുടുംബം നൽകിയ ഭക്ഷണം ആസ്വദിച്ച് കഴിച്ചു.
"കുട്ടികൾ എവിടെ പോയാലും ജീവിതം മികച്ചതാക്കും" എന്നാണ് ഇവാ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നത്. ഇന്ത്യക്കാരുടെ സൽക്കാര പ്രിയത്തെയും അതിഥേയ മര്യാദയെയും പ്രശംസിച്ചുകൊണ്ടാണ് പലരും അഭിപ്രായം രേഖപ്പെടുത്തുന്നത്. ഒരാളെ കണ്ടാൽ 'സുഖമാണോ' എന്ന് ചോദിക്കുന്നതിനു പകരം 'ഭക്ഷണം കഴിച്ചോ' എന്ന് ചോദിക്കുന്ന രീതിയും, കഴിക്കാൻ നൽകുന്നതിനോടൊപ്പം പിന്നീട് കഴിക്കാനുള്ളതും പൊതിഞ്ഞുകൊടുക്കുന്ന പതിവുമെല്ലാം പലരും കമന്റുകളിൽ സൂചിപ്പിക്കുന്നു.
മറ്റുള്ളവരെ ഊഷ്മളമായി സ്വീകരിച്ച് ഭക്ഷണം നൽകുന്നതിൽ ഇന്ത്യക്കാർക്ക് പ്രത്യേക താല്പര്യമുണ്ടെന്നും, അത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും ഈ സംഭവം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. ഈ വീഡിയോയിലൂടെ ഇന്റർനെറ്റിൽ വലിയ പ്രചാരം ലഭിക്കുകയും നിരവധി പേർ ഇന്ത്യൻ സംസ്കാരത്തെ അഭിനന്ദിക്കുകയും ചെയ്തു.