കൃത്രിമ കൈകള്‍ കൊണ്ട് ശുചിമുറി വൃത്തിയാക്കാന്‍ പറ്റുന്നില്ല; കാലുകളില്‍ അണുബാധ മൂത്ത് കഠിനമായ വേദന; അവശേഷിച്ച ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെടുന്നു; വിദ്വേഷ പ്രസംഗത്തിലൂടെ യുവ ജിഹാദികളെ ആവേശഭരിതരാക്കിയ ഭീകരന്‍ സഹതാപത്തിന്റെ പേരില്‍ ജയില്‍ വിമുക്തനാക്കണമെന്ന് അപേക്ഷിക്കുന്നു; ഒരു കൊടും ഭീകരന്റെ ജീവിത കഥ

Update: 2025-10-16 03:30 GMT

വാഷിങ്ടണ്‍: ഒരുകാലത്ത് പാശ്ചാത്യലോകത്ത് ഏറ്റവുമധികം വെറുക്കപ്പെട്ടിരുന്ന വിദ്വേഷ പ്രാസംഗികന്‍, യുവ ജിഹാദികളുടെ ഒരു തലമുറയെ ആവേശഭരിതമായ പ്രസംഗങ്ങളിലൂടെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ച തീവ്രവാദ നേതാവ്, കൃത്രിമ കൈകള്‍ വീശി ജനങ്ങളെ ആവേശഭരിതരാക്കുന്ന ഭീകരന്‍, അമേരിക്കയിലെ ഉന്നത സുരക്ഷയുള്ള ജയിലില്‍ കഴിയുന്ന അബു ഹമാസ് അല്‍ മസ്രി, തന്റെ ജയിലിനുള്ളിലെ കഷ്ടപ്പാടുകള്‍ വിവരിച്ച് ജയില്‍ മോചനത്തിനായി അപേക്ഷിക്കുകയാണ്.

ശുചിമുറിയിലെ കമ്മോഡുകള്‍ ഉപയോഗിച്ചതിന് ശേഷം വൃത്തിയാക്കാന്‍ കഴിയുന്നില്ല എന്നാണ് അയാള്‍ പറയുന്നത്. കാലുകളില്‍ അണുബാധ ഗുരുതരമായി ബാധിച്ചിരിക്കുന്നു. കടുത്ത വേദനയാണ്. അവശേഷിച്ചിരിക്കുന്ന ഒരു കണ്ണിന്റെ കാഴ്ച കൂടി മങ്ങി വരികയാണ്. കൈകള്‍ നഷ്ടപ്പെട്ടതിനാല്‍ പല്ലു തേക്കാന്‍ ആകുന്നില്ല. അതിന്റെ ഫലമായി പല്ലുകള്‍ ക്ഷയിച്ച് കൊഴിയുവാന്‍ തുടങ്ങിയിരിക്കുന്നു. പ്രായാധിക്യം കൂടി തളര്‍ത്താന്‍ തുടങ്ങിയതോടെ ഒസാമ ബിന്‍ ലാദനോടുള്ള ഇഷ്ടം ഒരുകാലത്ത് പരസ്യമായി പ്രഖ്യാപിച്ച ഈ തീവ്രവാദി ഇപ്പോള്‍ കാരുണ്യത്തിന്റെ പേരില്‍ ജയില്‍ മോചനത്തിനായി കേണപേക്ഷിക്കുകയാണ്.

ന്യൂയോര്‍ക്കില്‍ വെച്ച് 2015 ല്‍ ആയിരുന്നു ഇപ്പോള്‍ 67 വയസ്സുള്ള ഇയാള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചത്. 1998 ല്‍ 16 യമനി വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടു പോയ കേസിലാണ് ഇയാള്‍ക്ക് ഈ ശിക്ഷ ലഭിച്ചത്. ഈ 16 പേരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അതിനു പുറമെ ഒറിഗണിലെ ഒരു സൈനിക പരിശീലന ക്യാമ്പ് ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ബിന്‍ ലാദന്റെ നെറ്റ്വര്‍ക്കിന് സഹായകമാകും എന്നതിനാലായിരുന്നു പരിശീലന ക്യാമ്പ് തകര്‍ക്കാന്‍ പദ്ധതി തയ്യാറാക്കിയത്.

അതിനു ശേഷം കൊളൊറാഡോയിലെ സൂപ്പര്‍മാക്സ് ജയിലില്‍ ഇയാള്‍ ഏകാന്ത തടവിലാണ്. അല്‍കാര്‍ടസ് ഓഫ് ദി റോക്കീസ് എന്നറിയപ്പെറ്റുന്ന ഇവിടെയാണ് മെക്സിക്കന്‍ മയക്കുമരുന്ന് മാഫിയ തലവന്‍ എല്‍ ചാപ്പോ, ബോസ്റ്റണ്‍ മാരത്തണ്‍ ആക്രമണം നടത്തിയ ഷോക്കര്‍ സാര്‍വേവ്, ഷൂ ബോംബര്‍ റിച്ചാര്‍ഡ് റീഡ് എന്നിവരെ തടവില്‍ താമസിപ്പിച്ചിരിക്കുന്നത്. കാരുണയുടെ പേരില്‍ ഇയാളെ മോചിതനാക്കുന്നതും ശിക്ഷാ കാലാവധി കുറയ്ക്കുന്നതും ഒരു അമേരിക്കന്‍ ജില്ലാകോടതി തടഞ്ഞിരുന്നു. ഇപ്പോള്‍ ഇയാളുടെ അഭിഭാഷകര്‍, ഇയാളുടെ യഥാര്‍ത്ഥ പേരായ മുസ്തഫ കമെല്‍ മുസ്തഫ എന്ന പേരില്‍ പുതിയൊരു അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.

അഫ്ഗാന്‍ യുദ്ധത്തിനിടയിലാണ് തന്റെ കൈകള്‍ നഷ്ടമായതും ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായി നശിച്ചതുമെന്ന് ഇയാള്‍ ആദ്യം അവകാശപ്പെട്ടിരുന്നെങ്കിലും പിന്നീട് സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് അത് സംഭവിച്ചതെന്ന് വിചാരണയ്ക്കിടെ ഇയാള്‍ സമ്മതിച്ചിരുന്നു. താന്‍ അടുക്കളയില്‍ ആയിരുന്ന സമയത്ത് ഒരു കമാന്‍ഡര്‍ ഡെടോണേറ്ററുകളും സ്‌ഫോടക വസ്തുക്കളും മേശയില്‍ വെച്ചുവെന്നും ചൂടായപ്പോള്‍ സ്‌ഫോടനം നടക്കുകയായിരുന്നു എന്നുമാണ് അയാള്‍ കോടതിയില്‍ പറഞ്ഞത്.

ഇയാളുടെ ഭാര്യ നജത് ഷാഫെയും ഇയാളുടെ മോചനത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇയാളുടെ അഭാവം കുടുംബത്തില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണ് അതില്‍ അവര്‍ അവകാശപ്പെടുന്നത്. തനിക്കും തന്റെ മക്കള്‍ക്കും അബു ഹംസയ്ക്കൊപ്പം ജീവിക്കാനുള്ള അവകാശം അംഗീകരിക്കണമെന്നും അവരുടെ അപേക്ഷയില്‍ പറയുന്നുണ്ട്. ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്ക് മോസ്‌കില്‍ ഇമാം ആയിരിക്കുന്ന സമയത്ത് വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങളിലൂടെയാണ് ഇയാള്‍ കുപ്രസിദ്ധി നേടിയത്.

യു കെയില്‍ അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് എട്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷമാണ് ഇയാളെ 2012 ല്‍ നാടുകടത്തിയത്.

Similar News