മുസ്ലീങ്ങള്‍ക്ക് പ്രാര്‍ത്ഥനാ മുറി അനുവദിച്ചതിലൂടെ നല്‍കുന്നത് മതങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും അക്കാദമിക സഹകരണവും ശക്തിപ്പെടുത്തേണ്ട സന്ദേശം; വത്തിക്കാനിലും നിസ്‌കാര മുറി; ലൈബ്രറിയിലെ മുസ്ലീം പ്രാര്‍ത്ഥനാ മുറി ചര്‍ച്ചകളില്‍
വത്തിക്കാന്‍: വത്തിക്കാനിലും നിസ്‌കാര മുറി. വത്തിക്കാന്‍ ലൈബ്രറിയില്‍ മുസ്ലിം പണ്ഡിതര്‍ക്ക് പ്രാര്‍ത്ഥനാ മുറി അനുവദിച്ചു. ഇറ്റാലിയന്‍ പത്രം 'ലാ റിപ്പബ്ലിക്ക'ക്ക് നല്‍കിയ അഭിമുഖത്തില്‍ വത്തിക്കാന്‍ ലൈബ്രറിയുടെ വൈസ് പ്രിഫെക്റ്റ് ഫാദര്‍ ജിയാക്കോമോ കാര്‍ഡിനാലി ഇക്കാര്യം സ്ഥിരീകരിച്ചു. പഠനത്തിനായി ലൈബ്രറിയിലെത്തുന്ന ചില മുസ്ലിം പണ്ഡിതര്‍ പ്രാര്‍ത്ഥനാ പരവതാനിയോടു കൂടിയ ഒരു മുറി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വത്തിക്കാന്‍ ഈ സൗകര്യം ഒരുക്കിയത്.
മുസ്ലീങ്ങള്‍ക്ക് പ്രാര്‍ത്ഥനാ മുറി അനുവദിച്ചതിലൂടെ മതങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും അക്കാദമിക സഹകരണവും ശക്തിപ്പെടുത്താനുള്ള വത്തിക്കാന്‍ ലൈബ്രറിയുടെ ശ്രമങ്ങളാണ് ചര്‍ച്ചകളില്‍ എത്തുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഗ്രന്ഥശാലകളിലൊന്നാണ് വത്തിക്കാന്‍ ലൈബ്രറി. 1475-ല്‍ പോപ്പ് സിക്സ്റ്റസ് നാലാമനാണ് ഇത് ഔദ്യോഗികമായി സ്ഥാപിച്ചത്. ലോകമെമ്പാടുമുള്ള മതഗ്രന്ഥങ്ങളും ദൈവശാസ്ത്രപരമായ രേഖകളും ഇവിടെ സൂക്ഷിക്കുന്നു.
അറബിക്, ജൂത, എത്യോപ്യന്‍ ശേഖരങ്ങളും അതുല്യമായ ചൈനീസ് രേഖകളും ജപ്പാന് പുറത്തുള്ള ഏറ്റവും പഴയ മധ്യകാല ജാപ്പനീസ് ആര്‍ക്കൈവും ലൈബ്രറിയുടെ പ്രത്യേകതകളാണ്. ഇവിടെ പഠനത്തിനായി ലോകത്തിന്റെ നാനാഭാഗത്തു നിന്നും ആളുകളെത്താറുണ്ട്. ഏകദേശം 80,000 കൈയെഴുത്തുപ്രതികള്‍, 50,000 ആര്‍ക്കൈവല്‍ രേഖകള്‍, ഒരു ലക്ഷം കൊത്തുപണികള്‍, പ്രിന്റുകള്‍, നാണയങ്ങള്‍, മെഡലുകള്‍, ഏകദേശം ഇരുപത് ലക്ഷത്തോളം അച്ചടിച്ച പുസ്തകങ്ങള്‍ എന്നിവയാണ് ഇവിടെയുള്ളത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലൈബ്രറി ഉപയോഗിക്കാനായി അപേക്ഷകള്‍ ലഭിക്കാറുണ്ടെന്നും ഫാദര്‍ കാര്‍ഡിനാലി വെളിപ്പെടുത്തി. ഇതില്‍ മുസ്ലീം വിശ്വാസികളും ഉണ്ട്. കഴിഞ്ഞയാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഒരു അള്‍ത്താരയില്‍ ഒരാള്‍ പരസ്യമായി മൂത്രമൊഴിച്ചത് പോപ്പ് ലിയോ പതിനാലാമനെ 'ഞെട്ടിച്ചിരുന്നു'.
കാത്തോലിക്കാ വിശ്വാസത്തിലെ ഏറ്റവും പവിത്രമായ സ്ഥലങ്ങളിലൊന്നായ അള്‍ത്താരയില്‍ നടന്ന ഈ സംഭവം വത്തിക്കാനോടുള്ള സമീപനങ്ങളില്‍ വൈവിധ്യങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നു.