ആകാശത്ത് മേഘമാലകള്‍ക്കും മുകളില്‍ പറക്കുന്ന വെളുത്ത വസ്തുക്കള്‍ ചൈനീസ് ചാര ബലൂണുകള്‍? ഫ്‌ളൈറ്റ് മോണിറ്ററിംഗ് ആപ്പുകളിലും ട്രാക്ക് ചെയ്യാനാവില്ല; വ്യാപാര യുദ്ധം മുറുകുന്നതിനിടെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ക്ക് ആശങ്ക; സൈനിക രഹസ്യങ്ങള്‍ അതിവേഗം കൈമാറുന്നതിന് വേണ്ടിയെന്നും സംശയം

ആകാശത്ത് മേഘമാലകള്‍ക്കും മുകളില്‍ പറക്കുന്ന വെളുത്ത വസ്തുക്കള്‍ ചൈനീസ് ചാര ബലൂണുകള്‍?

Update: 2025-10-17 09:41 GMT

അരിസോണ: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഈയിടെ കാണപ്പെട്ട ചാരബലൂണുകള്‍ക്ക് പിന്നില്‍ ആരാണെന്ന അഭ്യൂഹങ്ങള്‍ വ്യാപകമാകുന്നു. പൊതുവേ അമേരിക്കന്‍ ജനത ആശങ്കയോടെയാണ് ഈ ബലൂണുകളെ നോക്കിക്കാണുന്നത്. കൊളറാഡോ, അരിസോണ, അലബാമ എന്നിവിടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം മേഘങ്ങള്‍ക്ക് മുകളില്‍ വളരെ ഉയരത്തില്‍ വെളുത്ത വസ്തുക്കള്‍ പറന്നു നടക്കുന്നതായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

രണ്ട് വര്‍ഷം മുമ്പ് അമേരിക്കയില്‍ ചൈനയുടെ ചാരബലൂണുകള്‍ പ്രത്യക്ഷപ്പെട്ടത് വന്‍ തോതില്‍ വിവാദമായി മാറിയിരുന്നു. സൗത്ത് കരോലിന തീരത്ത് ഒരു അമേരിക്കന്‍ യുദ്ധവിമാനം ബലൂണ്‍ വെടിവെച്ചിട്ടിരുന്നു. ഇത് ചൈനയുടെ നിരീക്ഷണ ബലൂണ്‍ ആണെന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ കാണപ്പെടുന്ന ചാരബലൂണുകള്‍ ആരാണ് അയച്ചതെന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഈ ബലൂണുകളുടെ ഫോട്ടോകളും വീഡിയോകളുമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്.

ഇവ എന്താണെന്നും എവിടെ നിന്നാണ് വരുന്നതെന്നും അടിയന്തരമായി കണ്ടെത്തണം എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഇവ പോസ്റ്റ് ചെയ്യുന്നവര്‍ ആവശ്യപ്പെടുന്നത്. ചില നിരീക്ഷകര്‍ ഈ ബലൂണുകള്‍ ഗവേഷണ പദ്ധതികളുടെ ഭാഗമാകാമെന്ന് വിശ്വസിക്കുമ്പോള്‍, മറ്റുള്ളവര്‍ അവ രഹസ്യാന്വേഷണം ശേഖരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത പുതിയ ചൈനീസ് ചാര ബലൂണുകള്‍ ആണെന്നാണ് ഉറച്ച് വിശ്വസിക്കുന്നത്.

അരിസോണയിലെ ടക്‌സണില്‍, ഈ വര്‍ഷം ഒന്നിലധികം ബലൂണുകള്‍ കാണപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ ഒന്ന് ചൈനയില്‍ നിന്നുള്ള ഒരു സ്പൈ ക്യാമറ പ്ലാറ്റ്‌ഫോമാണ് എന്നും സൈനിക രഹസ്യങ്ങള്‍ അതിവേഗം കൈമാറുന്നതിന് വേണ്ടിയാണ് ഇത് അയച്ചതെന്നുമാണ് പലരും സംശയിക്കുന്നത്.

അതേ സമയം അമേരിക്കന്‍ സൈന്യം ഏതെങ്കിലും പരീക്ഷണത്തിന്റെ ഭാഗമായിട്ടായി നിര്‍മ്മിച്ച ബലൂണ്‍ ആണോ ഇതെന്നും പലരും സംശയിക്കുന്നു. അരിസോണയില്‍ രണ്ടാഴ്ച മുമ്പാണ് ആകാശത്തിലൂടെ ഒരു ബലൂണ്‍ കാണപ്പെട്ടത്. എന്നാല്‍ ഫ്ലൈറ്റ് മോണിറ്ററിംഗ് ആപ്പുകളില്‍ ബലൂണ്‍ ട്രാക്ക് ചെയ്യാന്‍ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഇത് നിരവധി സംശയങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. അറുപതിനായിരം അടി ഉയരത്തിലാണ് ബലൂണ്‍ പറന്നിരുന്നത്. കഴിഞ്ഞ ജൂണില്‍ ടക്്‌സണ്‍, സിയറ വിസ്റ്റ പ്രദേശങ്ങളില്‍ ഒന്നിലധികം ഉയര്‍ന്ന ഉയരത്തിലുള്ള ബലൂണുകള്‍ ഒരാഴ്ചയിലധികം നിരന്തരമായി പ്രത്യക്ഷപ്പെട്ടിരുന്നു. നാട്ടുകാരില്‍ ഇത് വലിയതോതില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു.

ഇത് വെറുമൊരു കാലാവസ്ഥാ ബലൂണ്‍ അല്ലെന്നും ഇതിന് സിഗ്നല്‍ ശേഖരിക്കുന്ന ഉപകരണങ്ങള്‍, ആശയവിനിമയ ഉപകരണങ്ങള്‍ അല്ലെങ്കില്‍ മറ്റ് സെന്‍സറുകള്‍ എന്നിവയും വഹിക്കാന്‍ കഴിയും എന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ശാസ്ത്രീയ ഗവേഷണം, ടെലികമ്മ്യൂണിക്കേഷന്‍, സൈനിക ആവശ്യങ്ങള്‍ക്കായി ബലൂണുകള്‍ വികസിപ്പിക്കുന്ന കമ്പനിയായ ഏറോസ്റ്റാര്‍, രാജ്യത്തുടനീളം കണ്ടെത്തിയ നിരവധി വസ്തുക്കളുടെ ഉടമസ്ഥാവകാശം സ്ഥിരീകരിച്ചിരുന്നു.

Tags:    

Similar News