ആ വൈദ്യന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്; ചെലവിനു നല്‍കാത്തതിനാല്‍ ഇയാള്‍ക്കെതിരെ ഭാര്യ പരാതി നല്‍കിയിട്ടുണ്ട്; വ്യാജ ചികിത്സ നല്‍കി പണം തട്ടിയെന്ന് പരാതി നല്‍കിയിരുന്നു'; മകളുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം; എഴുനേറ്റ് നടക്കുമെങ്കില്‍ വീടും സ്ഥലവും വിറ്റ് എവിടെ വേണമെങ്കിലും ചികിത്സിക്കാന്‍ കൊണ്ടുപോകാന്‍ തയാറെന്ന് സിപിഎം നേതാവ്

Update: 2025-10-21 15:18 GMT

കാസര്‍കോട്: സ്വന്തം മകളെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നു എന്ന മകളുടെ ആരോപണങ്ങള്‍ നിഷേധിച്ച് സിപിഎം പ്രാദേശിക നേതാവും പിതാവുമായ പി.വി. ഭാസ്‌കരന്‍. മകളെ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകാന്‍ പോലും തയ്യാറാണെന്നും, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു. മകളുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അത് ഉടന്‍ പുറത്തുവരുമെന്നും ഭാസ്‌കരന്‍ കൂട്ടിച്ചേര്‍ത്തു. മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ഉദുമയിലെ സിപിഎം നേതാവ് ഭാസ്‌കരന്റെ മകള്‍ സംഗീതയാണ് തന്നെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നുവെന്നും, മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിക്കാന്‍ അനുവദിക്കുന്നില്ലെന്നും, തന്റെ പണം തട്ടിയെടുക്കാന്‍ പിതാവും സഹോദരനും ശ്രമിക്കുന്നതായും ആരോപിച്ച് കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്തുവിട്ടത്. വാഹനാപകടത്തില്‍ പരിക്കേറ്റ് സംഗീതയുടെ അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടിരിക്കുകയാണ്.

എന്നാല്‍, ഈ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ഭാസ്‌കരന്‍ വ്യക്തമാക്കി. 2023-ലാണ് സംഗീതയ്ക്ക് സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതെന്നും, വിവാഹമോചിതയായ മകള്‍ തന്റെ മകനൊപ്പം വീട്ടിലാണ് താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അപകടത്തെ തുടര്‍ന്ന് മാസങ്ങളോളം വിവിധ ആശുപത്രികളില്‍ ചികിത്സ നല്‍കിയിട്ടും കാര്യമായ പുരോഗതിയുണ്ടായില്ല. തുടര്‍ന്നാണ് നാഡീചികിത്സ നടത്തുന്ന ഒരു വൈദ്യനെക്കുറിച്ച് അറിഞ്ഞതെന്നും, ഇയാള്‍ സംഗീതയെ ചികിത്സിച്ചെങ്കിലും ആരോഗ്യനിലയില്‍ മാറ്റമുണ്ടായില്ലെന്നും ഭാസ്‌കരന്‍ വിശദീകരിച്ചു.

മകളുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി, ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചതായും അദ്ദേഹം വ്യക്തമാക്കി. മകളുടെ ആരോഗ്യനില മെച്ചപ്പെടുത്താന്‍ എല്ലാ സഹായവും ചെയ്യാന്‍ തയ്യാറാണെന്നും, എന്നാല്‍ ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ തന്നെ ദ്രോഹിക്കുന്നത് നീതീകരിക്കാനാവില്ലെന്നും പിതാവ് പറഞ്ഞു.

''2023 ലാണ് സ്‌കൂട്ടര്‍ അപകടത്തില്‍ ഏക മകള്‍ സംഗീതയ്ക്കു സാരമായി പരുക്കേറ്റത്. വിവാഹമോചിതയായ സംഗീത 13 വയസ്സുള്ള മകനൊപ്പം എന്റെ വീട്ടിലാണു താമസം. ജോലി സ്ഥലത്തേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തുടര്‍ന്ന് മംഗളൂരു, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളില്‍ മാസങ്ങളോളം ചികിത്സിച്ചു. നട്ടെല്ലിനു സാരമായി പരുക്കേറ്റതിനാല്‍ അരയ്ക്കു താഴേക്കു ചലനശേഷി തിരികെക്കിട്ടാന്‍ സാധ്യതയില്ലെന്നാണു വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചത്. തുടര്‍ന്ന് പലയിടത്തും ആയുര്‍വേദ ചികിത്സകളുള്‍പ്പെടെ നടത്തിയെങ്കിലും കാര്യമായി പുരോഗതിയുണ്ടായില്ല.

തുടര്‍ന്നാണ് നാഡീചികിത്സ നടത്തുന്ന തൃക്കരിപ്പൂര്‍ സ്വദേശിയായ വൈദ്യനെക്കുറിച്ചു സുഹൃത്ത് വഴി അറിഞ്ഞത്. അയാളെ ബന്ധപ്പെട്ടപ്പോള്‍ ചികിത്സിച്ചു ഭേദമാക്കാം എന്ന ഉറപ്പു ലഭിച്ചു. രണ്ടു മാസത്തോളം ഇയാള്‍ വീട്ടില്‍ താമസിച്ച് സംഗീതയെ ചികിത്സിച്ചിരുന്നു. തുടര്‍ന്ന് തൃക്കരിപ്പൂരിലെ കേന്ദ്രത്തിലേക്കു കൊണ്ടുപോയി ചികിത്സിക്കുകയും ചെയ്തു. ചികിത്സയ്‌ക്കെന്ന പേരില്‍ 4 ലക്ഷത്തോളം രൂപയും ഉപകരണങ്ങള്‍ വാങ്ങാനെന്ന പേരില്‍ ഒരു ലക്ഷം രൂപയും ഇയാള്‍ കൈപ്പറ്റി. എന്നാല്‍ സംഗീതയുടെ ആരോഗ്യ നിലയില്‍ മാറ്റമുണ്ടായില്ല. ഇതോടെ സംഗീതയെ വീട്ടിലേക്കു തിരികെ കൊണ്ടുവന്നു. തുടര്‍ന്ന് ഇയാളെ വിവാഹം കഴിക്കണമെന്ന ആവശ്യം സംഗീത ഉന്നയിച്ചത്.

ഇതിനു പിന്നാലെ ഇയാളുടെ സുഹൃത്ത് അര്‍ജുന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. ശരിയായ ചികിത്സ നല്‍കുന്നില്ലെന്നും മറ്റും ആരോപിച്ചാണ് കേസ് ഫയല്‍ ചെയ്തത്. ഹൈക്കോടതി കാസര്‍കോട് ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പഴ്‌സനെ എന്റെ വീട്ടിലേക്ക് അയച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. സംഗീതയുടെയും കുട്ടിയുടെയും മൊഴി രേഖപ്പെടുത്തി ചെയര്‍പഴ്‌സന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതോടെ കേസില്‍ കഴമ്പില്ലെന്നു കോടതിക്കു മനസ്സിലായി. തിരിച്ചടിയാകുമെന്നു കണ്ടതോടെ അര്‍ജുന്‍ കേസ് പിന്‍വലിക്കുകയായിരുന്നു. വൈദ്യന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ചെലവിനു നല്‍കാത്തതിനാല്‍ ഭാര്യ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

വ്യാജ ചികിത്സ നല്‍കി പണം തട്ടിയെന്നാരോപിച്ച് വൈദ്യനെതിരെ ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ ഇയാള്‍ പല തവണ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് ഇപ്പോഴത്തെ വിഡിയോ സന്ദേശം. ശരീരത്തിന്റെ 73% ചലനശേഷിയും നഷ്ടപ്പെട്ടയാളാണ് സംഗീത. മറ്റൊരാളുടെ സഹായമില്ലാതെ ജീവിക്കാന്‍ സാധിക്കില്ല. അലോപ്പതിയും ആയുര്‍വേദവും ഉള്‍പ്പെടെ എല്ലാ ചികിത്സയും പരീക്ഷിച്ചു. 50 ലക്ഷം രൂപയോളം ചികിത്സയ്ക്കായി ചെലവഴിച്ചു. എഴുന്നേറ്റു നടക്കാന്‍ സാധിക്കുമെന്ന് എന്തെങ്കിലും ഉറപ്പു കിട്ടിയാല്‍ വീടും സ്ഥലവും വിറ്റ് എവിടെ വേണമെങ്കിലും ചികിത്സിക്കാന്‍ കൊണ്ടുപോകാന്‍ തയാറാണ്. ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ ഗൂഢലക്ഷ്യത്തോടെയുള്ളതാണ്. വരും ദിവസങ്ങളില്‍ അതു പുറത്തുവരും.'' ഭാസ്‌കരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംഗീത എസ്പിക്കും കലക്ടര്‍ക്കും പരാതി നല്‍കിയത്. ഈ പരാതിക്കു പിന്നാലെയാണു സഹായം അഭ്യര്‍ഥിച്ച് യുവതിയുടെ വിഡിയോ സന്ദേശം പുറത്തുവന്നത്. സംഗീത പുറത്തുവിട്ട വിഡിയോയില്‍നിന്ന്: ''വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന എനിക്ക് ചികിത്സ നിഷേധിക്കുന്നു. സ്വത്ത് തട്ടിയെടുത്ത കുടുംബം ആത്മഹത്യക്കു പ്രേരിപ്പിക്കുന്നു. എനിക്കു ലഭിച്ച വിവാഹമോചന സെറ്റില്‍മെന്റ് തുക പിതാവും സഹോദരനും ചേര്‍ന്നു കൈക്കലാക്കി. അതിനുശേഷം ചികിത്സപോലും കൃത്യമായി ലഭിക്കുന്നില്ല. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതോടെയാണ് ശാരീരികവും മാനസികവുമായ പീഡനം അതിരുകടന്നത്. തലയ്ക്ക് പലപ്പോഴായി അടിച്ചിട്ടുണ്ട്. 'പോയി ചാകാന്‍' പലതവണ ആവശ്യപ്പെട്ടു,

കമ്യൂണിസവും കാര്യങ്ങളുമെല്ലാം വീടിനു പുറത്തു മതി, വീടിനകത്ത് അതൊന്നും നടക്കില്ല എന്നാണു പിതാവ് പറഞ്ഞത്. പറയുന്നതു കേള്‍ക്കാന്‍ തയാറല്ലെങ്കില്‍ കൊല്ലുമെന്നും അതില്‍നിന്നു സുഖമായി ഊരിപ്പോരാനുള്ള കഴിവ് തനിക്കുണ്ട് എന്നും പിതാവ് ഭീഷണിപ്പെടുത്തി. ഇനി നീ നടക്കാന്‍ പോവുന്നില്ല, അരയ്ക്കു താഴെ തളര്‍ന്ന നീ ഇതുപോലെ ഇവിടെ കിടന്നു കുഴിയും എന്നും പിതാവ് അധിക്ഷേപിച്ചു. തടങ്കലിലാണെന്ന വിവരം പൊലീസിനോടു പറയാന്‍ അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും, പിതാവിന്റെ രാഷ്ട്രീയ പശ്ചാത്തലം കാരണം പൊലീസ് എന്നോട് ഒരു വിവരവും ചോദിച്ചില്ല. പ്രാദേശിക പൊലീസ് സ്റ്റേഷനില്‍നിന്നു നീതി ലഭിക്കില്ലെന്ന വിശ്വാസമുള്ളതിനാലാണ് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചത്'' - അവര്‍ പറയുന്നു.

Tags:    

Similar News