2011-ൽ ആഞ്ഞടിച്ച 'സുനാമി'യിൽ കാണാതായി; എത്ര തിരഞ്ഞിട്ടും ഒരു വിവരവുമില്ല; ഒടുവിൽ വർഷങ്ങൾക്കിപ്പുറം കുടുംബത്തിന് പ്രതീക്ഷയേകി ആ കോൾ; മകളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് കരഞ്ഞ് തളർന്ന് ഉറ്റവർ

Update: 2025-10-24 16:30 GMT

ടോക്കിയോ: 2011-ലെ ടോഹോകു ഭൂകമ്പത്തിലും സുനാമിയിലും കാണാതായ ആറ് വയസ്സുകാരിയുടെ മൃതദേഹം 14 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ മാതാപിതാക്കൾക്ക് ലഭിച്ചു. ജപ്പാനിലെ ഇവാട്ടെ പ്രിഫെക്ചറിലെ യമദ പട്ടണത്തിൽ മുത്തശ്ശിയോടൊപ്പം താമസിക്കുമ്പോഴാണ് നാറ്റ്സുസെ യമാനെ എന്ന പെൺകുട്ടി ദുരന്തത്തിൽപ്പെട്ടത്. 2011 മാർച്ച് 11-ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തുടർന്നുണ്ടായ സുനാമിയും നാശം വിതച്ചപ്പോൾ ആയിരക്കണക്കിന് ആളുകളാണ് മരണപ്പെടുകയോ കാണാതാവുകയോ ചെയ്തത്.

നാറ്റ്സുസെയുടെ വീട് സുനാമിയിൽ പൂർണ്ണമായും നശിച്ചു. ഭൂകമ്പത്തെ തുടർന്നുണ്ടായ വലിയ തീപിടിത്തം കാരണം മറ്റ് കുടുംബാംഗങ്ങൾക്ക് ദുരിതമനുഭവിക്കുന്നവരുടെ അടുത്തെത്താൻ സാധിച്ചില്ല. നാറ്റ്സുസെയുടെ മുത്തശ്ശി രക്ഷപ്പെട്ടെങ്കിലും, ദുരന്തത്തിൽ കാണാതായ 2500-ൽ അധികം പേരിൽ ഒരാളായി നാറ്റ്സുസെ മാറി.

ദുരന്തമുണ്ടായ ഉടൻ തന്നെ നാറ്റ്സുസെയുടെ കുടുംബം താൽക്കാലിക മോർച്ചറികളും അഭയകേന്ദ്രങ്ങളുമടക്കം എല്ലായിടത്തും മകൾക്കായി തിരഞ്ഞു. ആറ് മാസത്തോളം നീണ്ട തിരച്ചിലിനൊടുവിലും യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ കുടുംബം അവൾ മരിച്ചതായി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തു. അതിനുശേഷവും നാറ്റ്സുസെയുടെ കുടുംബം അവളുടെ ജന്മദിനം എല്ലാ വർഷവും ജൂണിൽ ആഘോഷിക്കുകയും അവൾക്കായി ഒരു ജന്മദിന കേക്ക് സമർപ്പിക്കുകയും ചെയ്തു. അവളുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷ അവർക്കുണ്ടായിരുന്നു.

എന്നാൽ, ഈ മാസം നാറ്റ്സുസെയുടെ മാതാപിതാക്കളായ 49 കാരി ചിയുമിയെയും ഭർത്താവ് 52 കാരനായ ടോമോനോറി യമാനെയും തേടിയെത്തിയത് പ്രതീക്ഷിക്കാത്ത ഒരു ഫോൺകോൾ ആയിരുന്നു. നാറ്റ്സുസെയെ കാണാതായ സ്ഥലത്ത് നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ മിയാഗി പ്രിഫെക്ചറിലെ മിനാമി-സാൻറികു പട്ടണത്തിൽ നിന്നായിരുന്നു ആ വിളി. അവരുടെ മകളുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയതായിട്ടാണ് അറിയിപ്പ് ലഭിച്ചത്.

തുടർന്ന് പോലീസ് നടത്തിയ ഡിഎൻഎ പരിശോധനയിൽ കണ്ടെത്തിയ ശരീരഭാഗങ്ങൾ അവരുടെ മകളായ നാറ്റ്സുസെയുടേതാണെന്ന് സ്ഥിരീകരിച്ചു. ഒക്ടോബർ 16-ന് നാറ്റ്സുസെയുടെ മാതാപിതാക്കളും സഹോദരനും ചേർന്ന് അവളുടെ മൃതദേഹം ഏറ്റുവാങ്ങി. ദുരന്തമുണ്ടായി 14 വർഷങ്ങൾക്ക് ശേഷം, തങ്ങളുടെ പൊന്നോമകളെ തിരികെ ലഭിച്ച നിമിഷം അവർക്ക് ഏറെ വൈകാരികവും വേദനാജനകവുമായിരുന്നു. "ഒടുവിൽ അവളെ ഞങ്ങൾ വീട്ടിലേക്ക് കൊണ്ടുവന്നു, വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം," പൊട്ടിക്കരഞ്ഞുകൊണ്ട് അവരുടെ കുടുംബം പറഞ്ഞു. 

Tags:    

Similar News