ഈ ഉയര്‍ന്ന രാഷ്ട്രീയ ചിന്തയോടെ കൂടുതല്‍ ഐക്യപ്പെട്ട് പ്രവര്‍ത്തിക്കും; രാജന്റേയും പ്രസാദിന്റേയും എതിര്‍പ്പ് കാര്യമാക്കില്ല; പിഎം ശ്രീയില്‍ സമവായത്തിന് ബിനോയ് വിശ്വം; പ്രതിഷേധം പറഞ്ഞ് രാജിവയ്ക്കാന്‍ തൃശൂരിലേയും ആലപ്പുഴയിലേയും മന്ത്രിമാരെ അനുവദിക്കില്ല; കേന്ദ്രത്തിന് പിണറായി കത്തയയ്ക്കും; തല്‍കാലം കേന്ദ്രം ഫണ്ട് വാങ്ങിക്കില്ല; ഇടതുപക്ഷത്ത് സിപിഐ ഉറച്ചു നില്‍ക്കും; മന്ത്രിസഭാ ബഹിഷ്‌കരണവും ഒരാഴ്ചയ്ക്ക് അപ്പുറം നീളില്ല; ഇടതു യോഗം ഉടന്‍ ചേരും
തിരുവനന്തപുരം: സിപിഎം-സിപിഐ തര്‍ക്കങ്ങളില്‍ സമവായ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ഇടതു മുന്നണി വിടാനാകില്ലെന്ന നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എടുത്തു കഴിഞ്ഞു. ഇതോടെ സിപിഎമ്മും ആശ്വാസത്തിലാകുകയാണ്. ഇന്നത്തെ മന്ത്രിസഭാ യോഗം സിപിഐ മന്ത്രിമാര്‍ ബഹിഷ്‌കരിക്കും. എന്നാല്‍ അടുത്ത ആഴ്ച എല്ലാ വിവാദവും തീരും. പിഎം ശ്രീയിലെ ഫണ്ട് തല്‍കാലം കേരളം വാങ്ങില്ല. സിപിഐയുടെ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സിലബസില്‍ അടക്കം വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടാകും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയയ്ക്കുക. ഈ വിവാദം ദേശീയ തലത്തില്‍ സിപിഎമ്മിന് ദോഷം ചെയ്യുമെന്ന അഭിപ്രായം സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിക്കുണ്ട്. ഇതും സിപിഎമ്മിനെ ഇത്തരം ചിന്തയ്ക്ക് പ്രേരിപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് സിപിഐയുമായി ഫോണില്‍ ആശയ വിനിമയം നടത്തുകയാണ്. സിപിഐ മന്ത്രിമാരായ കെ രാജന്റേയും പി പ്രസാദിന്റേയും തല്‍കാലം അവഗണിച്ച് മുമ്പോട്ട് പോകാനാണ് സിപിഐയിലെ പൊതു ധാരണ. ഇടതുപക്ഷം വിടുന്നത് സിപിഐയ്ക്ക് ദോഷമാകുമെന്ന നിലപാടിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതു മുന്നണി യോഗം ഉടന്‍ ചേരും. അതില്‍ പ്രശ്‌നത്തിന് സമ്പൂര്‍ണ്ണ പരിഹാരമുണ്ടാകും. മുഖ്യമന്ത്രിയ്ക്ക് ഗള്‍ഫ് യാത്രകളുടെ തിരക്കുകളുണ്ട്. ഇതിനിടെയിലും ഇടതു യോഗം വിളിക്കും.
പിഎം ശ്രീയില്‍ സിപിഎം പരസ്യമായി ഭിന്നാഭിപ്രായം നടത്തില്ല. എല്ലാവരും സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിക്കും. ഈ ധാരണയും സിപിഎം ഉന്നത തലത്തില്‍ ഉണ്ടായിട്ടുണ്ട്. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ യാഥാര്‍ഥ്യബോധത്തോടെയും വസ്തുനിഷ്ഠമായും സമീപിക്കുക എന്ന കടമ നിര്‍വഹിക്കാന്‍ ഏവരും മുന്നോട്ട് വരണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ പറയുന്നു. രാജ്യം നേരിടുന്ന നവ ഫാസിസ്റ്റ് - വര്‍ഗീയ ഭീകരതയ്‌ക്കെതിരായ യോജിച്ച പോരാട്ടമാണ് നാം ഏറ്റെടുക്കേണ്ടുന്ന കടമയെന്നും ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'ഇത്തരം ഒരു പോരാട്ടത്തിന്റെ നേതൃത്വം വഹിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്കേ കഴിയൂ. അത്തരം ഒരു പ്രതിരോധം രാജ്യത്ത് ഏറ്റവും ശക്തമായും മാതൃകാപരമായും തീര്‍ക്കുന്ന സംസ്ഥാനമായി കേരളം നിലകൊള്ളുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും സര്‍ക്കാരിന്റെയും ഇഛാശക്തിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാത്രമാണ്.'-ജയരാജന്‍ കുറിച്ചു. 'ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ കക്ഷികള്‍ക്ക് ചില വിഷയങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ ഉണ്ടായേക്കാം. മുന്നണി സംവിധാനത്തില്‍ ഓരോ കക്ഷിയുടെയും പ്രതിനിധികള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നത് ബന്ധപ്പെട്ട വകുപ്പിന്റെ വികസനം ലക്ഷ്യമിട്ടും നാടിന്റെ പൊതുവായ താല്‍പര്യം മുന്നില്‍ കണ്ടുമാണ്. അത്തരത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ ഒറ്റപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം. അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനും സംവിധാനമുണ്ട്.'-ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ഉഭയകക്ഷി ചര്‍ച്ചയിലൂടെയും മുന്നണി യോഗത്തില്‍ പൊതുചര്‍ച്ചയിലൂടെയും പരിഹരിക്കാന്‍ കഴിയുന്നതേ ഉള്ളുവെന്നും അതിന് പകരം പരസ്യമായ വിവാദം സൃഷ്ടിക്കപ്പെടുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും സര്‍ക്കാറിനേയും ദുര്‍ബലപ്പെടുത്താനെ സഹായിക്കൂവെന്നും ജയരാജന്‍ കുറിച്ചു. 'രാജ്യം അഭിമുഖീകരിക്കന്ന ഇന്നത്തെ പ്രതിസന്ധി ഘട്ടത്തില്‍ ഇടതുപക്ഷ ഐക്യം, വിശേഷിച്ചും കമ്യൂണിസ്റ്റ് പാര്‍ടികളുടെ ഐക്യം പരമപ്രധാനമാണ്. ഈ കാഴ്ചപ്പാടോടെ ആയിരിക്കണം നാം ഓരോ വിഷയത്തേയും സമീപിക്കേണ്ടത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം അവയെ പൊതുജനമധ്യത്തിലേക്ക് വലിച്ചിഴക്കുമ്പോള്‍ ദുര്‍ബലപ്പെടുന്നത് ഈ കാഴ്ചപ്പാടാണ്'.-ജയരാജന്‍ ചൂണ്ടിക്കാട്ടി. സിപിഎം നേതൃത്വത്തിന്റെ നിലപാടാണ് ജയരാജന്‍ വിശദീകരിച്ചതെന്നാണ് സൂചന. 'കഴിഞ്ഞ ഒമ്പതര വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിനെതിരെ വലതുപക്ഷ ശക്തികള്‍ നടത്തിയ നുണപ്രചാരണങ്ങളെല്ലാം തകര്‍ന്നടിഞ്ഞ അനുഭവങ്ങളാണ് നമുക്ക് മുന്നിലുള്ളത്. ഓരോ ഘട്ടങ്കിലും വലതു മാധ്യമങ്ങള്‍ എരിതീയില്‍ എണ്ണയൊഴിച്ചു. അത്തരം പ്രചാരണങ്ങള്‍ അപ്പാടെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. അങ്ങനെ വലതുപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിച്ചിട്ടും ഒന്നും ഏശാതെ നിരായുധരായിരിക്കുന്ന ഘട്ടം കൂടിയാണിത്.'-ജയരാജന്‍ ഓര്‍മിപ്പിച്ചു.
'ഈ ഘട്ടത്തില്‍ കൂടുതല്‍ ഐക്യത്തോടെ നാടിന്റെ വികസനത്തിനും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വര്‍ധിത ശക്തിയോടെ പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയണമെന്നാണ് കേരള ആഗ്രഹിക്കുന്നത്. ജനങ്ങളുടെ ആ പ്രതീക്ഷയ്‌ക്കൊത്താണ് ഉയര്‍ന്ന ബോധത്തോടെ നാം പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിക്കുന്നതും ഇനി പ്രവര്‍ത്തിക്കേണ്ടതും.'-ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. 'മുന്നണിക്കകത്ത് പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങള്‍ ഒന്നും തന്നെ ഇല്ല. ഉള്ളുതുറന്ന ചര്‍ച്ചയിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയും. ഈ ഉയര്‍ന്ന രാഷ്ട്രീയ ചിന്തയോടെ കൂടുതല്‍ ഐക്യപ്പെട്ട് പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയും. എതിരാളികളുടെ മനക്കോട്ട ചീട്ടുകൊട്ടാരം പോലെ തകരുകയും ചെയ്യും.'-ജയരാജന്‍ കുറിച്ചു.
