പിഎം ശ്രീയില്‍നിന്നു പിന്‍മാറുന്നുവെന്നു പഞ്ചാബ് അറിയിച്ചതിനു പിന്നാലെ എസ്എസ്‌കെക്കുള്ള ഫണ്ട് കേന്ദ്രം തടഞ്ഞു; 515 കോടി കിട്ടില്ലെന്ന് ആയതോടെ 2024 ജൂലൈ 26നു പദ്ധതിയില്‍ ചേര്‍ന്ന പഞ്ചാബ്; നിയമ വശങ്ങളെല്ലാം കേന്ദ്രത്തിന് അനുകൂലം; പിഎം ശ്രീയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ട് കേരളം കുടുങ്ങിയ കഥ; പിന്മാറ്റം എളുപ്പമല്ല
ന്യൂഡല്‍ഹി: കേരളത്തിന് സര്‍വ്വശിക്ഷാ അഭിയാന്റെ പിടിച്ചു വച്ച തുക കേന്ദ്രം ഉടന്‍ നല്‍കില്ല. എസ് എസ് കെ ഫണ്ടില്‍ കേരളത്തിന് ഉടന്‍ അനുവദിക്കാന്‍ ഇരുന്ന 300 കോടി തല്‍കാലം കൊടുക്കില്ല. പിഎംശ്രീയില്‍ നിന്നും കേരളം പിന്മാറുമെന്ന തീരുമാനം കേന്ദ്രവും ശ്രദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഫണ്ടില്‍ അടക്കം കരുതലോടെ തീരുമാനം എടുക്കുന്നത്. പിഎം ശ്രീ പദ്ധതിയില്‍നിന്നു പിന്‍മാറാന്‍ കേരളം തീരുമാനിച്ചാല്‍ സമഗ്ര ശിക്ഷാ അഭിയാന്റെ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും തടയും. ധാരണാ പ്ത്രം ഒപ്പിട്ട ശേഷം പിന്മാറുന്നത് ചതിയാണെന്ന് കേന്ദ്രം വിലയിരുത്തുന്നു. കേരളത്തോടും 'പഞ്ചാബ് മോഡല്‍' കേന്ദ്രം തുടരും. എന്നാല്‍ സിലബസ്സില്‍ ഉറപ്പു വാങ്ങി പദ്ധതിയുമായി മുമ്പോട്ട് പോകാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഗ്രഹം. അത്തരമൊരു ഉറപ്പ് കേന്ദ്രം നല്‍കുമെന്ന പ്രതീക്ഷ സംസ്ഥാന സര്‍ക്കാരിന് ഇപ്പോഴുമുണ്ട്.
2022 ഒക്ടോബറിലാണു കേന്ദ്രവുമായി പഞ്ചാബ് പിഎം ശ്രീ ധാരണാപത്രം ഒപ്പിട്ടത്. 2023 ഓഗസ്റ്റില്‍ പിന്മാറി. സംസ്ഥാന സര്‍ക്കാര്‍ 1000 'സ്‌കൂള്‍സ് ഓഫ് എമിനന്‍സ്', 'സ്‌കൂള്‍സ് ഓഫ് ബ്രില്യന്‍സ്', 'സ്‌കൂള്‍സ് ഓഫ് ഹാപ്പിനസ്' എന്നിവ പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പം ആദര്‍ശ്, സ്മാര്‍ട് സ്‌കൂള്‍ പദ്ധതികളും ഉള്ളപ്പോള്‍ പിഎം ശ്രീ സ്‌കൂളുകള്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു പഞ്ചാബ്. എന്നാല്‍ സംസ്ഥാനത്തിനു പിന്‍മാറാന്‍ സാധിക്കുമെന്നാണു നിയമോപദേശം ലഭിച്ചത്. ഇതും അവഗണിച്ച് പഞ്ചാബ് നടപടികളുമായി മുമ്പോട്ട് പോയി. കേന്ദ്രത്തിന് കത്ത് അയയ്ക്കുകയും ചെയ്തു.
എന്നാല്‍ ധാരണാപത്രത്തിലെ വ്യവസ്ഥയനുസരിച്ചു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് എന്നിവയ്ക്കു മാത്രമാണു കരാര്‍ പിന്‍വലിക്കാനും റദ്ദാക്കാനുമുള്ള അവകാശമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. കരാര്‍ വ്യവസ്ഥകളില്‍ എന്തെങ്കിലും മാറ്റമോ പരിഷ്‌കാരമോ വേണമെങ്കില്‍ മാത്രം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും യോജിച്ചുള്ള അനുമതിയോടെ നടത്താമെന്നും അറിയിച്ചു. ഇതെല്ലാം മനസ്സിലാക്കി തന്നെയാണ് കേരളത്തിന്റെ നീക്കം. മുഖ്യമന്ത്രി പിണറായി നല്‍കുന്ന കത്തില്‍ കേരളത്തിന്റെ നിര്‍ദ്ദേശം ഉണ്ടാകും. ഇത് കേന്ദ്രം അംഗീകരിച്ചാല്‍ പദ്ധതിയുമായി മുമ്പോട്ട് പോകും.
പിഎം ശ്രീയില്‍നിന്നു പിന്‍മാറുന്നുവെന്നു പഞ്ചാബ് അറിയിച്ചതിനു പിന്നാലെ എസ്എസ്‌കെയ്ക്കുള്ള ഫണ്ട് കേന്ദ്രം തടഞ്ഞിരുന്നു. 515 കോടി രൂപ തടഞ്ഞതോടെ 2024 ജൂലൈ 26നു പദ്ധതിയില്‍ ചേരാന്‍ സന്നദ്ധത പഞ്ചാബ് അറിയിച്ചു. കേരളത്തിലും പിന്‍മാറ്റ ചര്‍ച്ച നടക്കുന്നതിനാല്‍ എസ് എസ് കെയിലെ 300 കോടി കേരളത്തിന് ഇനി കേന്ദ്രം നല്‍കില്ല. പദ്ധതിയിലെ ആദ്യ ഗഡുവാങ്ങി പിന്മാറാനുള്ള കേരളത്തിന്റെ നീക്കം മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടശേഷം കേന്ദ്രനയം പാലിക്കാതിരുന്നാല്‍ അത് ഗൗരവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേരളത്തിലെ രാഷ്ട്രീയം ഗൗരവത്തില്‍ തന്നെ നിരീക്ഷിക്കുന്നുണ്ട്.
സിപിഐയുടെ എതിര്‍പ്പ് കാരണമാണ് പിഎം ശ്രീ ധാരണാ പത്രത്തില്‍ നടപടികള്‍ തല്‍കാലം മരവിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യം കത്തിലൂടെ കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. ഇതോടെ കേന്ദ്രത്തിന് നടപടികളിലേക്ക് കടക്കാം. എന്നാല്‍ മുഖ്യമന്ത്രി ഉടനൊന്നും കത്ത് അയയ്ക്കി്‌ല്ലെന്നും സൂചനകളുണ്ട്. മറ്റ് കേന്ദ്ര ഫണ്ടുകളെ പോലും ഇത് ബാധിക്കുമെന്നതിനാലാണ് ഇത്.
കരാര്‍ പാലിക്കാതിരുന്നാല്‍ പണം നല്‍കിയാല്‍ പോലും അത് തിരികെ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിലപാടുകള്‍ എടുക്കും. പിഎം ശ്രീയില്‍ ഒപ്പിടാത്തതിനാല്‍ സര്‍വശിക്ഷ കേരളയുടെ ഫണ്ട് തടഞ്ഞതുപോലെ, കരാര്‍ പാലിക്കാതിരുന്നാല്‍ മറ്റു പദ്ധതികളിലെ പണം തടഞ്ഞുവയ്ക്കാന്‍ കേന്ദ്രത്തിനു കഴിയും. വായ്പാ തുക അനുവദിക്കലില്‍ അടക്കം കേന്ദ്രം കടുത്ത തീരുമാനം എടുക്കും. കേരളത്തിന്റെ തുടര്‍ ആവശ്യമൊന്നും പരിഗണിക്കുകയുമില്ല. കിഫ്ബി വായ്പകളില്‍ അടക്കം നിയന്ത്രണം കൊണ്ടു വരും. ഇത് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെ പുതിയ തലത്തിലെത്തിക്കും.
