മയക്കുമരുന്നുമാഫിയ വേട്ടയ്ക്കിടെ കൗമാരക്കാരനായ ഗൂണ്ടാത്തലവന്റെ തലയറുത്ത് മരത്തില്‍ കെട്ടിത്തൂക്കി; റെയ്ഡില്‍ 119 പേര്‍ കൊല്ലപ്പെട്ടു; കോപ് കാലാവസ്ഥ ഉച്ചകോടിക്ക് മുന്നോടിയായി പുലിവാല് പിടിച്ച് ബ്രസീല്‍ പൊലീസ്; പൊലീസിനെതിരെ ഡ്രോണ്‍ ബോംബുകള്‍ വര്‍ഷിച്ച് മാഫിയയുടെ പകവീട്ടല്‍; തനിനിറം കാട്ടി അധോലോകം

കോപ് കാലാവസ്ഥ ഉച്ചകോടിക്ക് മുന്നോടിയായി പുലിവാല് പിടിച്ച് ബ്രസീല്‍ പൊലീസ്

Update: 2025-10-30 17:32 GMT

റിയോ ഡി ജനീറോ: കോപ് 30 കാലാവസ്ഥാ ഉച്ചകോടിക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ, മയക്കുമരുന്ന് ഗൂണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാനുള്ള വേട്ടയ്ക്കിടെ കാട്ടിയ അതിക്രമത്തിന് ബ്രസീല്‍ പൊലീസ് പുലിവാല്‍ പിടിച്ചു. ഏറ്റവും രക്തരൂക്ഷിതമായ 'ഫവേല' (ചേരി) റെയ്ഡിനെ തുടര്‍ന്ന് ഒരു കൗമാരക്കാരനായ ഗുണ്ടാസംഘാംഗത്തെ പോലീസ് തലയറുത്ത് മരത്തില്‍ തൂക്കിലേറ്റിയതായാണ് ആരോപണം.

നവംബര്‍ 11 ന് കോപ് ഉച്ചകോടിക്കായി വില്യം രാജകുമാരനും മറ്റുലോക നേതാക്കള്‍ക്കും ആതിഥ്യമരുളാനിരിക്കെയാണ് പുതിയ വിവാദം. രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് തന്നെ പൊലീസ് നടപടി കളങ്കമേല്‍പ്പിച്ചിരിക്കുകയാണ്.

കോംപ്ലക്‌സോ ഡാ പെന്‍ഹ ഫവേലയില്‍ നടന്ന റെയ്ഡില്‍ 119-ഓളം പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സംഭവം നഗരത്തിലെ മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെയുള്ള പോലീസ് വേട്ട വിവാദമാക്കുകയും ഏറ്റവും രൂക്ഷമായ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. റെയ്ഡിന്റെ ഭാഗമായി കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തെരുവുകളില്‍ കിടക്കുന്നതിന്റെയും അലമുറയിടുന്ന ബന്ധുക്കളുടെയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, മയക്കുമരുന്നുസംഘങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് പോലീസിന് നേരെ ബോംബെറിഞ്ഞാണ് പക വീട്ടിയത്. 'റിയോ പോലീസിനെ ക്രിമിനലുകള്‍ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണ്: ഡ്രോണുകള്‍ വര്‍ഷിക്കുന്ന ബോംബുകള്‍ ഉപയോഗിച്ച്,' ഒരു പോലീസ് വക്താവ് പറഞ്ഞു. 'ഇത് സാധാരണ കുറ്റകൃത്യമല്ല, നാര്‍ക്കോ-തീവ്രവാദമാണ്.: 'ക്രിമിനലുകള്‍ ഡ്രോണ്‍ ഉപയോഗിച്ച് ബോംബിടുന്നത് ആദ്യമായാണ് കാണുന്നത്. ശക്തമായ വെടിവെപ്പുള്ളതിനാല്‍ എല്ലാവരും ഭയത്തിലാണ്,' ഒരു പ്രദേശവാസി കൂട്ടിച്ചേര്‍ത്തു.

വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട നഗരമായ റിയോ ഡി ജനീറോയിലെ മറഞ്ഞിരിക്കുന്ന ക്രൂരമായ അധോലോകത്തെ ഈ സംഭവങ്ങള്‍ തുറന്നുകാട്ടിയിരിക്കുകയാണ്. സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ, പോലീസിനോ സാധാരണക്കാര്‍ക്കോ അപകടമുണ്ടാക്കാത്ത രീതിയില്‍ നടപടിയെടുക്കാന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ ആഹ്വാനം ചെയ്തു. 'നിഷ്‌കളങ്കരായ പോലീസ് ഉദ്യോഗസ്ഥരെയും കുട്ടികളെയും കുടുംബങ്ങളെയും അപകടത്തിലാക്കാതെ മയക്കുമരുന്ന് കടത്തിന്റെ നട്ടെല്ലൊടിക്കുന്ന ഏകോപിത പ്രവര്‍ത്തനം ആവശ്യമാണ്,' അദ്ദേഹം വ്യക്തമാക്കി.

2026-ലെ തിരഞ്ഞെടുപ്പില്‍ ബ്രസീലിലെ സുരക്ഷാ വെല്ലുവിളികള്‍ ഒരു പ്രധാന പ്രചാരണ വിഷയമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോലീസാണ് തങ്ങളുടെ പ്രിയപ്പെട്ടവരെ വധിച്ചതെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ആരോപിച്ചു. എന്നാല്‍ ശക്തമായ ക്രിമിനല്‍ ഗ്രൂപ്പിനെതിരായ വിജയകരമായ ഓപ്പറേഷനാണിതെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു.

Tags:    

Similar News