സര്‍ക്കാര്‍ മുട്ടുമടക്കി; ഓണറേറിയം വര്‍ധിപ്പിക്കേണ്ടത് സംസ്ഥാനം അല്ല എന്നു പറഞ്ഞവര്‍ തന്നെയാണ് ഇപ്പോള്‍ വര്‍ധനവ് പ്രഖ്യാപിച്ചിത്; ഓണറേറിയം വര്‍ധിപ്പിക്കാന്‍ സിഐടിയു ആവശ്യപ്പെടില്ലെന്ന് പറഞ്ഞ എളമരവും ക്രെഡിറ്റ് അടിക്കുന്നു; സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ആശമാര്‍ നിര്‍ത്തുന്നു; ഇനി പ്രചരണ പ്രതിഷേധം

Update: 2025-10-31 01:50 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ ഓണറേറിയം 1000 രൂപ വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ രാപകല്‍ സമരം ആശമാര്‍ അവസാനിപ്പിക്കും. ഓണറേറിയം വര്‍ദ്ധിപ്പിച്ചെങ്കിലും അത് തുച്ഛമാണെന്നും സമരം തുടരുമെന്നും ആശ വര്‍ക്കര്‍മാര്‍ പറഞ്ഞിരുന്നു. ഭാവി സമരപരിപാടികള്‍ ആലോചിക്കാന്‍ സമരസമിതിയുടെ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നു. ഇതിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം നിര്‍ത്തും. പകരം ജില്ലാ തലത്തില്‍ പ്രതിഷേധം തുടരും. തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ പ്രചരണം നടത്തും. ഇതിന് വേണ്ടി കൂടിയാണ് സെക്രട്ടറിയേറ്റിലെ സമരം അവസാനിപ്പിക്കുന്നത്.

പ്രതിദിനം 33 രൂപയുടെ വര്‍ദ്ധന മാത്രമാണ് വന്നിട്ടുള്ളത്. ഇത് മിനിമം കൂലി എന്ന ആവശ്യത്തിനടുത്ത് പോലും എത്തുന്നില്ലെന്നും വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും ആശമാര്‍ പറയുന്നു. സെക്രട്ടറിയേറ്റ് പടിക്കലിലെ ആശമാര്‍ സമരം 265 ദിവസം പിന്നിട്ടു.തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ എല്ലാ വിഭാഗം ജനങ്ങളെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ക്ഷേമ പദ്ധതികളാണ് കഴിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. പക്ഷേ ആശമാര്‍ക്ക് മതിയായ പ്രാധാന്യം നല്‍കിയില്ല. ഈ സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കെതിരെ പരസ്യമായി പ്രചാരണത്തിനിറങ്ങുമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വികെ സദാനന്ദന്‍ അറിയിച്ചിരുന്നു.

സെക്രട്ടേറിയറ്റിനു മുന്നില്‍ 200 ദിവസത്തിലേറെയായി സമരം നടത്തുന്ന ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ സര്‍ക്കാര്‍ വര്‍ധിപ്പിച്ചതില്‍ ആശ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തണമെന്ന് സിഐടിയു നേതാക്കളുടെ ആഹ്വാനം വന്നിരുന്നു. ഓണറേറിയം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടില്ലെന്നു പറയുകയും സമരക്കാരെ ആക്ഷേപിക്കുകയും ചെയ്ത സിഐടിയു ആണ് ഇപ്പോള്‍ വര്‍ധനവിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ ശ്രമിക്കുന്നതെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞിരുന്നു. ഓണറേറിയം വര്‍ധിപ്പിച്ചു തരേണ്ടത് ആരാണെന്ന് മുഖ്യമന്ത്രിക്ക് അടക്കം ബോധ്യപ്പെട്ടത് ആശാ സമരത്തിന്റെ വിജയമാണെന്നു സമരസമിതി നേതാക്കള്‍ പറഞ്ഞു.

എളമരം കരീം അടക്കമുള്ള സിഐടിയു നേതാക്കന്മാര്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിഞ്ഞുവെന്നത് നേട്ടമാണെന്ന് സമരസമിതി നേതാവ് എം.എ.ബിന്ദു പറഞ്ഞു. യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ആശമാര്‍ക്കു മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണ്. ഓണറേറിയം വര്‍ധിപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ അല്ല എന്നു പറഞ്ഞവര്‍ തന്നെയാണ് ഇപ്പോള്‍ വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണറേറിയം വര്‍ധിപ്പിക്കാന്‍ സിഐടിയു ആവശ്യപ്പെടില്ലെന്നാണ് നേരത്തേ എളമരം കരീം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ചിത്രം വച്ചുള്ള ഫ്‌ലക്‌സ് വയ്ക്കണമെന്നാണ് സമൂഹമാധ്യമഗ്രൂപ്പുകളില്‍ നിര്‍ദേശം. സമരം ചെയ്യുന്നവരെ 'നാണമില്ലാതെ വന്നിരിക്കുന്നു' എന്ന് ആക്ഷേപിച്ചവരാണ് ഇപ്പോള്‍ ഇതു ചെയ്യുന്നതെന്നും ബിന്ദു പറഞ്ഞു. ഈ സാഹചര്യത്തില്‍ കൂടിയാണ് ആശമാര്‍ സമരം നിര്‍ത്തുന്നത്. പക്ഷേ തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രചരണം തുടരും.

സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും സമര രൂപം മാറ്റുമെന്നും ആശാ വര്‍ക്കര്‍മാര്‍ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ അവഗണിച്ചവര്‍ക്ക് വോട്ടില്ല എന്ന പ്രചാരണം ഉയര്‍ത്തി വീടുകള്‍ കയറും. സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും പ്രചാരണം നടത്തും. കേരളപ്പിറവി ദിനത്തില്‍ ആശമാര്‍ വിജയദിനം നടത്തുകയും സംസ്ഥാനത്തെ മുഴുവന്‍ ആശമാരെയും പങ്കെടുപ്പിക്കുമെന്നും വികെ സദാനന്ദന്‍ പറഞ്ഞു. എട്ടരമാസത്തിലധികമായി ആശാ വര്‍ക്കര്‍മാരുടെ സമരം നടക്കുകയാണ്. ഇതിനിടയില്‍ വിവിധങ്ങളായ ഉപതെരഞ്ഞെടുപ്പുകള്‍ വന്നപ്പോഴും തങ്ങളെ അവഗണിക്കുന്ന സര്‍ക്കാരിനെതിരെ വിധിയെഴുത്ത് നടത്തണമെന്ന പേരില്‍ ആശാ വര്‍ക്കര്‍മാര്‍ പരസ്യമായി രംഗത്തുവന്നിരുന്നു.

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വീടുകള്‍ കയറി ഇടതുമുന്നണിക്കെതിരെ പരസ്യ പ്രചാരണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരത്തിന്റെ രൂപം മാറ്റിക്കൊണ്ട് ഗ്രാമീണ തലത്തില്‍ ക്യാമ്പയിന്‍ നടത്തുമെന്ന് ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി. തദ്ദേശത്തില്‍ നേട്ടമുണ്ടാക്കാന്‍ നിരവധി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയിട്ടുണ്ട്.

ക്ഷേമപെന്‍ഷന്‍ 1600ല്‍ നിന്ന് 2000 രൂപയാക്കി. പാവപ്പെട്ട കുടുംബങ്ങളിലെ 35നും 60നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1000രൂപ വീതം നല്‍കാന്‍ സ്ത്രീസുരക്ഷാ പെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരുഗഡു ഡി.എ കുടിശിക നവംബറിലെ ശമ്പളത്തിനൊപ്പം നല്‍കും,ശമ്പളപരിഷ്‌കരണ കുടിശികയുടെ മൂന്നും നാലും ഗഡുക്കള്‍ ഇക്കൊല്ലം നല്‍കും, അടുത്ത ഏപ്രിലില്‍ കുടിശിക തുക പി.എഫില്‍ ലയിപ്പിക്കും, പി.എഫില്ലാത്തവര്‍ക്ക് പണമായി നല്‍കും, ജോലിനേടാന്‍ അഞ്ചു ലക്ഷം യുവാക്കള്‍ക്ക് പ്രതിമാസം 1000രൂപയുടെ സ്‌കോളര്‍ഷിപ്പ് എന്നിവയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

Tags:    

Similar News