സൗദിയിലെ കപ്പലപകടം; മരിച്ച് 19 ദിവസം പിന്നിട്ടിട്ടും എഡ്വിന്റെ മൃതദേഹം വിട്ടുകിട്ടിയിട്ടില്ല; പൊന്നു പോലെ വളര്‍ത്തിയ മകനെ അവസാനമായി ഒരു നോക്കു കാണാന്‍ കൊതിച്ച് മാതാപിതാക്കള്‍: എഡ്വിന്റെ വിവാഹം നടന്നത് നാലു മാസം മുമ്പ്
സൗദിയിലെ കപ്പലപകടം; മരിച്ച് 19 ദിവസം പിന്നിട്ടിട്ടും എഡ്വിന്റെ മൃതദേഹം വിട്ടുകിട്ടിയിട്ടില്ല
കൊച്ചി: ദിവസങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയില്‍ ഉണ്ടായ കപ്പല്‍ അപകടത്തില്‍പ്പെട്ട് മരിച്ച മകന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം തേടി മാതാപിതാക്കള്‍. എറണാകുളം ചെല്ലാനം സ്വദേശികളായ വില്‍സണും റോസ്‌മേരിയുമാണ് ആറ്റു നോറ്റു വളര്‍ത്തിയ മകനെ അവസാനമായി ഒരു നോക്ക് കാണാന്‍ കാത്തിരിക്കുന്നത്. എഡ്വിന്‍ മരിച്ച് 19 ദിവസം പിന്നിട്ടിട്ടും മൃതദേഹം നാട്ടിലെത്തിച്ചിട്ടില്ല.
ഖഫ്ജി സഫാനിയ ഓഫ്‌ഷോറില്‍ റിഗ്ഗില്‍ ജോലിചെയ്യവേയാണ് മൂത്തമകന്‍ എഡ്വിന്‍ ഗ്രേസിയസ് അപകടത്തില്‍ പെട്ട് മരിച്ചത്. സര്‍ക്കാരും സന്നദ്ധ സംഘടനകളും അടിയന്തരമായി ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് പ്രതീക്ഷയറ്റ് ദിവസങ്ങള്‍ തള്ളിനീക്കുന്ന ഈ കുടുംബം. 19 ദിവസമായിട്ടും മകന്റെ മൃതദേഹം വിട്ടുകിട്ടിയില്ലെന്നും ഉറക്കമില്ലാതെ കാത്തിരിക്കുകയുമാണെന്ന് അമ്മ റോസ്‌മേരി പറയുന്നു.
നാല് മാസം മുമ്പാണ് എഡ്വിന്റെ വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ സൗദിയിലേക്ക് പോയ അഡ്വിന്റെ മരണവാര്‍ത്തയാണ് പിന്നീട് വീട്ടുകാരെ തേടി എത്തുന്നത്. സൗദിയുടെ ആയിരം കിലോമീറ്റര്‍ അപ്പുറത്ത് വെച്ചാണ് അപകടം നടന്നതെന്ന് അച്ഛന്‍ വില്‍സന്‍ പള്ളിക്കത്തൈയില്‍ പറഞ്ഞു. അപകട സമയത്ത് രണ്ടുപേരാണ് ഉണ്ടായിരുന്നത്. പെട്ടെന്ന് മകന് മാറിനില്‍ക്കാന്‍ കഴിഞ്ഞില്ലെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും വില്‍സന്‍ പറഞ്ഞു.
മകന്റെ മരണ വിവരം അറിഞ്ഞ അമ്മ ഇപ്പോഴും എണീറ്റിട്ടില്ല. ലാളിച്ച് വളര്‍ത്തിയ മകനാണ്. അവസാനമായി ഒരു നോക്ക് കാണണമെന്നാണ് ആഗ്രഹം. പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടുള്ളത് ദമാമില്‍ കൊണ്ടുപോയാണ്. മകന്റെ മൃതദേഹം വിട്ടുകിട്ടണമെന്നാണ് ആഗ്രഹം. കൊച്ചി എംഎല്‍എയും ഹൈബി ഈഡനും സുരേഷ് ഗോപിയും ഇടപെട്ടിരുന്നു. പക്ഷേ ഒന്നും നടന്നിട്ടില്ല. 2 ദിവസം കൂടെ സാവകാശം നല്‍കാന്‍ സുരേഷ് ഗോപി പറഞ്ഞതായും അച്ഛന്‍ പറയുന്നു.