പൊതുവേദിയിലോ നാട്ടിലോ എട്ട് മാസത്തോളമായി ഇറങ്ങാറില്ല; ഇപ്പോള്‍ കാണുന്നത് ഒരുപാട് കണ്ണഞ്ചിപ്പിക്കുന്ന വികസനം; രാജപാതകളും വലിയ കെട്ടിടങ്ങളുംകൊണ്ട് മാത്രം വികസിക്കപ്പെടില്ല; വികസിക്കേണ്ടത് സാമൂഹ്യജീവിതം; അതിന് ദാരിദ്ര്യം പരിപൂര്‍ണമായും തുടച്ചു നീക്കണം; പറയേണ്ടത് പറഞ്ഞ് മമ്മൂട്ടി; ലാലും കമല്‍ഹാസനും എത്താതിരുന്നപ്പോള്‍
തിരുവനന്തപുരം: മോഹന്‍ലാലും കമലാഹാസനും വന്നില്ല. വന്നത് മമ്മൂട്ടിയാണ്. എട്ട് മാസത്തിന് ശേഷം പൊതു പരിപാടിയില്‍ എത്തിയ മമ്മൂട്ടി. അതിദാരിദ്രമുക്ത പ്രഖ്യാപനത്തില്‍ അങ്ങനെ സൂപ്പര്‍താരമെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വലിയ രീതിയില്‍ സ്വീകരിച്ചു. പക്ഷേ മമ്മൂട്ടി പറഞ്ഞത് കേരളം കേള്‍ക്കേണ്ട വാക്കുകളാണ്. അതിദാരിദ്ര്യ നിര്‍മാര്‍ജനപദ്ധതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് മമ്മൂട്ടി ഏറ്റുവാങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരവും മമ്മൂട്ടിക്ക് മുഖ്യമന്ത്രി നല്‍കി. പക്ഷേ മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തി മമ്മൂട്ടി പറഞ്ഞത് യഥാര്‍ത്ഥ വികസനത്തെ കുറിച്ചാണ്. അതിലേക്ക് കേരളം പോയിട്ടില്ലെന്ന് തന്നെയാണ് താരം പറഞ്ഞു വയ്ക്കുന്നത്.
ദാരിദ്ര്യത്തെ നേരിടാന്‍ തോളോട് തോള്‍ ചേര്‍ന്ന് പോരാടണമെന്ന് നടന്‍ മമ്മൂട്ടി. വിശക്കുന്ന വയറുകള്‍ കൂടി കണ്ടുകൊണ്ടാകണം വികസനം പൂര്‍ത്തീകരിക്കേണ്ടത്. അതിദാരിദ്ര്യമുക്ത കേരളം എന്ന പ്രഖ്യാപനത്തിന്റെ സന്തോഷം അതിന്റെ മാതൃകയാകട്ടെയെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപന ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കവേ മറ്റൊരു കാര്യം കൂടി മമ്മൂട്ടി പറഞ്ഞു. പൊതുവേദിയിലോ നാട്ടിലോ എട്ട് മാസത്തോളമായി ഇറങ്ങാറില്ല. ഇപ്പോള്‍ നോക്കിയപ്പോള്‍ ഈ കാലത്ത് ഒരുപാട് കണ്ണഞ്ചിപ്പിക്കുന്ന വികസനമുണ്ടായിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഇതാണ് ആ വാക്കുകള്‍. എന്നാല്‍ ഇതിനൊപ്പം വിശക്കുന്നവരുടെ കണ്ണീരും ഒപ്പണമെന്ന് മമ്മൂട്ടി പറഞ്ഞു വയ്ക്കുന്നു. ആശാ പ്രവര്‍ത്തകര്‍ അടക്കം തങ്ങളുടെ വേദന മമ്മൂട്ടി തിരിച്ചറിഞ്ഞുവെന്ന വിലയിരുത്തലിലാണ്.
അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമ്പോള്‍, അതിനേക്കാള്‍ വലിയ ഉത്തരവാദിത്തമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര്യത്തില്‍നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ, ദാരിദ്ര്യം ഇനിയും ബാക്കിയാണ്. ഒരുപാട് പ്രതിസന്ധികളെ കേരളം അതിജീവിച്ചു. പരസ്പര സ്‌നേഹവും പരസ്പര വിശ്വാസവും അതിര്‍വരമ്പില്ലാത്ത സാഹോദര്യവുമാണ് നമ്മളെ ഇവിടെ വരെ എത്തിച്ചത്. ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം വിശ്വാസപൂര്‍വം സര്‍ക്കാര്‍ നിര്‍വഹിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അതിന് ജനങ്ങളുടെ സമര്‍പ്പണവുമുണ്ടാകണം. രാജപാതകളും വലിയ കെട്ടിടങ്ങളും നിര്‍മിക്കുന്നത് കൊണ്ട് മാത്രം വികസിക്കപ്പെടില്ല. വികസിക്കേണ്ടത് നമ്മുടെ സാമൂഹ്യജീവിതമാണ്. അതിന് ദാരിദ്ര്യം പരിപൂര്‍ണമായും തുടച്ചുനീക്കപ്പെടണം-ഇതാണ് മമ്മൂട്ടിയുടെ വാക്കുകള്‍.
കേരളത്തിന്റെ സാമൂഹിക സൂചികകള്‍ പലപ്പോഴും ലോകത്തെ അമ്പരിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ അതിസമ്പന്ന രാജ്യങ്ങളുടെ ഇരുപതിലൊരു ഭാഗം പോലുമില്ലാത്ത കേരളമാണ് ഇത്രയും വലിയ നേട്ടങ്ങള്‍ കൊയ്യുന്നത്. ഒരുപാട് സാമൂഹ്യസേവന മേഖലയില്‍ നാം മുന്നിലാണെന്നും മമ്മൂട്ടി പറഞ്ഞു. മോഹന്‍ലാലും കമല്‍ഹാസനും ചടങ്ങിനെത്തിയില്ല. ഇതിന് കാരണം തങ്ങളുടെ പ്രതിഷേധം തിരിച്ചറിഞ്ഞാണെന്ന് ആശമാര്‍ പറയുന്നു. പിഎം ശ്രീയില്‍ തമിഴ്‌നാട് നിയമ പോരാട്ടത്തിലാണ്. കേരളം അതില്‍ ഒപ്പിട്ടു. സിപിഐ പ്രതിഷേധം കാരണം അത് മരവിപ്പിക്കുമെന്നും പറയുന്നു. എന്നാല്‍ തമിഴ്‌നാട് നിയമ പോരാട്ടത്തിലാണ്. പിഎം ശ്രീയില്‍ ഒപ്പിട്ടതാണ് കമല്‍ഹാസന്റെ വിട്ടു നില്‍ക്കലിന് കാരണം.
ആശമാരുടെ കത്ത് കിട്ടിയതോടെ പരിപാടിക്കില്ലെന്ന് മോഹന്‍ലാലും തീരുമാനിച്ചിരുന്നു. പിന്നീട് ആശമാരുടെ സമരം സെക്രട്ടറിയേറ്റ് നടയില്‍ നിന്നും പിന്‍വലിച്ചു. ഇതോടെ മോഹന്‍ലാല്‍ വരുമെന്ന വിലയിരുത്തല്‍ എത്തി. എന്നാല്‍ മോഹന്‍ലാല്‍ വന്നില്ല. വളരെ നേരത്തെ തന്നെ മോഹന്‍ലാലിനെ പരിപാടിക്ക് ക്ഷണിച്ചിരുന്നു. ശനിയാഴ്ചയായതിനാല്‍ മോഹന്‍ലാലിന് ബിഗ് ബോസ് പരിപാടിയുണ്ട്. ആ ഷൂട്ടിന് ശേഷം വരുമെന്നും സര്‍ക്കാര്‍ കരുതി. എന്നാല്‍ ദുബായിലെ ചില പരിപാടികളുള്ളതിനാല്‍ വരുന്നില്ലെന്ന് സര്‍ക്കാരിനെ മോഹന്‍ലാല്‍ അറിയിച്ചുവെന്നാണ് സൂചന.
മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കമല്‍ഹാസനേയും ഒരുമിച്ചിരുത്തി അതിദരിദ്ര മുക്ത കേരള പ്രഖ്യാപനം ചരിത്രമാക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി. അതും നടക്കാതെ പോയി. പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷത്തെ അടക്കം പരിഹസിച്ച് രാഷ്ട്രീയ പ്രസംഗമാണ് നടത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗം പോലെയായി അത്. ഇതിന് സാക്ഷിയാകാതിരിക്കാന്‍ കൂടി വേണ്ടിയാണ് കമല്‍ഹാസനും മോഹന്‍ലാലും വിട്ടു നിന്നതെന്നും വിലയിരുത്തലുണ്ട്.
