'നിങ്ങളുടെ നാട്ടില്‍ ഒരു പെണ്‍കുട്ടി തീവണ്ടിയില്‍നിന്നു വീണു'; ഭര്‍ത്താവിനൊപ്പം സ്ഥലത്തേക്ക് ഷീജ ഓടിയെത്തി; ടോര്‍ച്ച് തെളിച്ച് ട്രാക്കില്‍ നോക്കുമ്പോഴാണ് മെമു വന്നത്; വലതുവശത്തെ ട്രാക്കില്‍ പെണ്‍കുട്ടിയെ ആദ്യം കണ്ടത് ലോക്കോ പൈലറ്റ്; തലയിടിച്ച് കമിഴ്ന്നുകിടക്കുകയായിരുന്നു; 19കാരിയെ രക്ഷിച്ചത് ദമ്പതിമാര്‍; ട്രെയിനില്‍നിന്ന് ചവിട്ടി വീഴ്ത്തിയ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

Update: 2025-11-04 05:42 GMT

വര്‍ക്കല: തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും മദ്യലഹരിയില്‍ 50കാരന്‍ ചവിട്ടിത്തള്ളിയിട്ട പെണ്‍കുട്ടി വീണത് ഇരു ട്രാക്കുകളുടെയും മധ്യഭാഗത്തായി. അയന്തി റെയില്‍വേ പാലത്തിനു സമീപം ഏറക്കുറെ വിജനമായ ഭാഗത്താണ് ശ്രീക്കുട്ടി(സോനു-19) വീണുകിടന്നത്. കേരള എക്സ്പ്രസിന്റെ വലതുവശത്തെ വാതിലിലൂടെയാണ് പുറത്തേക്ക് വീണിട്ടുള്ളത്. തലയിടിച്ച് കമിഴ്ന്നുകിടക്കുന്നനിലയിലാണ് ട്രാക്കിന് സമീപം പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി തീവണ്ടിയില്‍നിന്നു വീണതോടെ യാത്രക്കാര്‍ ചങ്ങല വലിച്ച് കേരള എക്സ്പ്രസ് നിര്‍ത്തി. കുറച്ച് മുന്നോട്ടുപോയി അയന്തി വലിയമേലതില്‍ക്ഷേത്രം കഴിഞ്ഞാണ് തീവണ്ടി നിന്നത്. എന്നാല്‍ പെണ്‍കുട്ടി തീവണ്ടിയില്‍നിന്നും വീണത് ട്രാക്കിനു സമീപം താമസിക്കുന്നവര്‍ അറിഞ്ഞിരുന്നില്ല. ട്രെയിനില്‍ യാത്ര ചെയ്ത ഒരു സുഹൃത്ത് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സമീപ വാസികളായ ദമ്പതിമാരാണ് റെയില്‍വേ ട്രാക്കില്‍ ആദ്യം തിരച്ചില്‍ നടത്തിയത്.

തൃശ്ശൂര്‍ മറ്റത്തൂര്‍ സിഎച്ച്‌സിയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ അയന്തി സ്വദേശിനി ഷീജയെ, കേരള എക്സ്പ്രസില്‍ യാത്രചെയ്തിരുന്ന സുഹൃത്തായ റെയില്‍വേ മെക്കാനിക്കാണ് വിവരമറിയിച്ചത്. നിങ്ങളുടെ നാട്ടില്‍ ഒരു പെണ്‍കുട്ടി തീവണ്ടിയില്‍നിന്നു വീണെന്നാണ് അറിയിച്ചതെന്ന് ഷീജ പറഞ്ഞു. ഭര്‍ത്താവ് അപ്പുവിനൊപ്പം ഷീജ സ്ഥലത്തെത്തി. ടോര്‍ച്ച് തെളിച്ച് ട്രാക്കില്‍ പരിശോധന നടത്തുമ്പോഴാണ് മെമു വന്നത്. ഷീജയും ഭര്‍ത്താവും യുവതിയെ തിരയുകയാണെന്ന് മനസ്സിലാക്കിയ ലോക്കോ പൈലറ്റ് മെമു നിര്‍ത്തി ഇരുവരെയും കാബിനുള്ളില്‍ കയറ്റി. ഇടതുവശത്ത് കാടുള്ള ഭാഗത്ത് ഷീജയും ഭര്‍ത്താവും വലതുഭാഗത്ത് ലോക്കോ പൈലറ്റും നിരീക്ഷണം നടത്തി. അപ്പോഴാണ് വലതുവശത്തെ ട്രാക്കില്‍ പെണ്‍കുട്ടിയെ ലോക്കോ പൈലറ്റ് കണ്ടത്. തീവണ്ടി നിര്‍ത്തി ഇവര്‍ മൂന്നുപേരും പെണ്‍കുട്ടിയുടെ അടുത്തെത്തി. തുടര്‍ന്ന് പോലീസുകാരും നാട്ടുകാരും യാത്രക്കാരുമെത്തി. ആംബുലന്‍സിന് വരാന്‍ സൗകര്യമില്ലെന്നു മനസ്സിലാക്കിയ വര്‍ക്കല സ്റ്റേഷന്‍മാസ്റ്റര്‍ മെമുവില്‍ പെണ്‍കുട്ടിയെ വര്‍ക്കലയില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഡ്രൈവര്‍കാബിനിനു തൊട്ടുപിന്നിലെ ബോഗിയില്‍ പെണ്‍കുട്ടിയെ കയറ്റി വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

ഞായറാഴ്ച രാത്രി വര്‍ക്കലയില്‍ പാളത്തിലേക്ക് ചവിട്ടിവീഴ്ത്തപ്പെട്ട ശ്രീക്കുട്ടി (22) തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ തീവ്രപരിചരണവിഭാഗത്തില്‍ അതിഗുരുതരാവസ്ഥയിലാണ്. മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് ശ്രീക്കുട്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ബെംഗളൂരുവില്‍നിന്ന് സംഭവമറിഞ്ഞെത്തിയ അമ്മ പ്രിയദര്‍ശിനി മകള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചിരുന്നു. തിങ്കളാഴ്ച മൊഴിയെടുക്കാന്‍ പോലീസ് ആശുപത്രിയില്‍ എത്തിയെങ്കിലും അതിന് കഴിഞ്ഞില്ല. തലയോട്ടിക്ക് പൊട്ടലും ആഴത്തിലുള്ള ക്ഷതങ്ങളും ശ്രീക്കുട്ടിക്കുണ്ട്. അപകടനില ഇനിയും തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു.

ശ്രീക്കുട്ടിയെ വീഴ്ത്തിയശേഷം കൂട്ടുകാരി അര്‍ച്ചനയെയും കീഴ്‌പ്പെടുത്തി തള്ളിയിടാന്‍ പ്രതി ശ്രമിച്ചെങ്കിലും അവര്‍ ഭാഗ്യത്തിന് രക്ഷപ്പെട്ടു. ആലുവയില്‍ ഭര്‍ത്താവിനെ സന്ദര്‍ശിച്ചശേഷം അര്‍ച്ചനയ്ക്കൊപ്പം മടങ്ങുകയായിരുന്നു ശ്രീക്കുട്ടി. ഞായറാഴ്ച രാത്രി എട്ടര കഴിഞ്ഞ് വര്‍ക്കല ഭാഗത്തുവെച്ചായിരുന്നു അതിക്രമമുണ്ടായത്. തിരുവനന്തപുരം പാലോട് സ്വദേശിനിയാണ് ശ്രീക്കുട്ടി. ശൗചാലയത്തില്‍പ്പോയി മടങ്ങിയ പെണ്‍കുട്ടിയെ തിരുവനന്തപുരം പനച്ചമൂട് വടക്കുംകര വീട്ടില്‍ സുരേഷ് കുമാര്‍ (50) ചവിട്ടി പുറത്തേക്കുവീഴ്ത്തുകയായിരുന്നു.

വാതില്‍ക്കല്‍നിന്ന് മാറാന്‍ പറഞ്ഞതിന്റെ ദേഷ്യത്തിലാണ് ആക്രമിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍, തീവണ്ടിയുടെ വാതില്‍ക്കല്‍വെച്ച് കാര്യമായ വാക്തര്‍ക്കം നടന്നതായി സഹയാത്രികര്‍ പറയുന്നില്ല. മദ്യലഹരിയിലായിരുന്നു തന്റെ പ്രവൃത്തിയെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, ഇടയ്ക്കിടയ്ക്ക് മൊഴി മാറ്റിപ്പറയുന്നുമുണ്ട്. സുരേഷ് കുമാറിന്റെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ തിങ്കളാഴ്ച രാത്രി ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സംസ്ഥാനത്ത് തീവണ്ടിയിലെ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. യുവതിയെ ഗോവിന്ദച്ചാമി തള്ളിയിട്ട് പീഡിപ്പിച്ചുകൊന്ന സംഭവം കേരളത്തില്‍ ചര്‍ച്ചയായതിനുപിന്നാലെ സുരക്ഷ വര്‍ധിപ്പിച്ചുവെന്നുപറയുമ്പോഴും അതിക്രമങ്ങള്‍ തുടരുകയാണ്.


'ഗോവിന്ദച്ചാമിമാര്‍' യാത്ര ചെയ്യുന്ന തീവണ്ടി

2011 ഫെബ്രുവരി 1- എറണാകുളത്തുനിന്ന് ഷൊര്‍ണൂരിലേക്ക് പോകുകയായിരുന്നു തീവണ്ടിയിലെ വനിതാകമ്പാര്‍ട്ടുമെന്റില്‍ വെച്ചാണ് 2011 ഫെബ്രുവരി ഒന്നിന് യുവതിയെ തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമി തള്ളിയിട്ടത്. കൊടുംക്രൂരതയ്ക്ക് ഇരയാകേണ്ടിവന്ന യുവതി ഫെബ്രുവരി ആറിന് മരിച്ചു.

2021 ഏപ്രില്‍ 26 -ഗുരുവായൂര്‍ പുനലൂര്‍ എക്സ്പ്രസില്‍ എറണാകുളത്തിനുസമീപം ഒലിപ്പുറത്തുവച്ച് യുവതി മോഷണത്തിനും അക്രമത്തിനും ഇരയായി. രക്ഷപ്പെടാനായി പുറത്തേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റു.

2023 ഏപ്രില്‍ 2-കോഴിക്കോട് എലത്തൂര്‍ റെയില്‍വേ സ്റ്റേഷനുസമീപം ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസിന്റെ കോച്ചിന് അക്രമി തീയിട്ടത് 2023 ഏപ്രില്‍ 2-ന് രാത്രി. അക്രമത്തില്‍ മൂന്നു യാത്രക്കാര്‍ മരിച്ചു.

2024 ഏപ്രില്‍ 2-എറണാകുളത്തുനിന്ന് പട്‌നയിലേക്ക് പോകുകയായിരുന്ന തീവണ്ടിയിലെ ടിടിഇയെ ടിക്കറ്റ് ചോദിച്ചതിന്റെപേരില്‍ പുറത്തേക്കു തള്ളിയിട്ടു. ടിടിഇ കെ. വിനോദ് തത്ക്ഷണം മരിച്ചു. ഒഡിഷ സ്വദേശിയായിരുന്നു അക്രമി.

2024 മേയ് 15- ബിലാസ്പുര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിലെ ടിടിഇ അരുണ്‍കുമാറിനുനേരേ അക്രമം നടത്തിയത് കോച്ച് വൃത്തിയാക്കാന്‍ നിര്‍ദേശിച്ചതിനായിരുന്നു. ട്രെയിനിലെ ശുചീകരണത്തൊഴിലാളി, ഛത്തീസ്ഗഢ് സ്വദേശിയാണ് പിടിയിലായത്.

2025 ഓഗസ്റ്റ് 8-തൃശ്ശൂര്‍ സ്വദേശിനിയായ അമ്മിണി ജോസിനെ കോഴിക്കോട് കല്ലായിക്കുസമീപം മൊബൈല്‍ ഫോണും പണവും കവര്‍ന്നശേഷം ഇതരസംസ്ഥാനത്തൊഴിലാളി തീവണ്ടിയില്‍നിന്ന് തള്ളിയിട്ടു.

Tags:    

Similar News