ഒരു ചിറകിന് തീപിടിച്ചെങ്കിലും ടേക്ക് ഓഫ് ചെയ്യാൻ മാക്സിമം ശ്രമിച്ച പൈലറ്റുമാർ; പാതി ഉയരത്തിൽ പറന്ന് നേരെ ഇടിച്ചുകയറിയത് ജനവാസ മേഖലയിൽ; നിമിഷനേരം കൊണ്ട് ഒരു പ്രദേശത്തെ തന്നെ തീവിഴുങ്ങുന്ന കാഴ്ച; ഉഗ്ര ശബ്ദത്തിൽ തകർന്നുവീണ വിമാനത്തിന് വർഷങ്ങളുടെ പഴക്കമെന്ന് വിവരങ്ങൾ; അന്വേഷണം പ്രഖ്യാപിച്ച് ഏവിയേഷൻ അതോറിറ്റി; കെന്റക്കിയിലെ വിമാനാപകടം നൊമ്പരമാകുമ്പോൾ

Update: 2025-11-05 14:04 GMT

കെന്റക്കി: അമേരിക്കയിലെ കെന്റക്കിയിൽ ലൂയിസ് വില്ലേ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫിനിടെ കാർഗോ വിമാനം തകർന്ന് വീണ് ഏഴ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽപെട്ട വിമാനം ഒരു വ്യവസായ മേഖലയിലേക്ക് ഇടിച്ചിറങ്ങിയതിനെ തുടർന്ന് പ്രദേശത്ത് വലിയ തോതിലുള്ള അഗ്നിബാധയുണ്ടായി. മരണസംഖ്യ ഇനിയും വർധിച്ചേക്കുമെന്ന് അധികൃതർ അറിയിച്ചു.

പ്രാദേശിക സമയം ചൊവ്വാഴ്ച വൈകുന്നേരം 5.15 ഓടെയാണ് മക്ഡൊണൽ ഡഗ്ലസ് എംഡി-11 കാർഗോ വിമാനം അപകടത്തിൽപ്പെട്ടത്. ഹോണോലുലുവിലേക്ക് പുറപ്പെട്ട വിമാനത്തിൽ മൂന്ന് കാബിൻ ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്.

മൂവരും അപകടത്തിൽ മരണപ്പെട്ടതായി കെന്റക്കി ഗവർണർ ആൻഡ്രൂ ഗ്രഹാം ബെഷിയർ സ്ഥിരീകരിച്ചു. വിമാനം തകർന്നുവീണ കെട്ടിടങ്ങളിൽ ജോലി ചെയ്തിരുന്നവരിൽ നിന്നും രണ്ട് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായും ഗവർണർ അറിയിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിൽ അപകടകരമായ കാർഗോയൊന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിമാനം ഇടിച്ചിറങ്ങിയ വ്യവസായ മേഖലയിലുണ്ടായിരുന്ന നിരവധി കെട്ടിടങ്ങൾക്ക് തീപിടിച്ചിട്ടുണ്ട്. ഒരു ചിറകിൽ തീപിടിച്ച നിലയിൽ കെട്ടിടങ്ങളിലേക്ക് ഇടിച്ചുകയറി വിമാനം അഗ്നിഗോളമായി മാറിയതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുമ്പോൾ ഗുരുതരമായി പരിക്കേറ്റ കൂടുതൽ പേരെ കണ്ടെത്താൻ സാധ്യതയുണ്ടെന്നും, അങ്ങനെ കണ്ടെത്തുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഗവർണർ വിശദീകരിച്ചു.

അപകടത്തിൽപ്പെട്ട എംഡി-11 ഫ്രെയ്റ്റർ വിമാനത്തിന് 34 വർഷത്തെ പഴക്കമുണ്ട്. യുപിഎസ് 2006-ലാണ് ഈ വിമാനം സർവ്വീസിന് ഉപയോഗിച്ചു തുടങ്ങിയത്. സുരക്ഷാ വീഴ്ചകളെ തുടർന്ന് ബോയിംഗ് എംഡി-11 വിമാനങ്ങളുടെ നിർമ്മാണം നിർത്തിവെച്ചിരുന്നു. അപകട ദിവസം ലൂയിസ് വില്ലേയിൽ നിന്ന് ബാൾട്ടിമോറിലേക്ക് പോയി തിരിച്ചെത്തിയ ശേഷമാണ് ഈ വിമാനം ഹോണോലുലുവിലേക്ക് പറന്നുയരാൻ തയ്യാറെടുത്തത്.

ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ഏകദേശം 175 അടി ഉയരത്തിൽ പറന്ന വിമാനം 184 നോട്ടിക്കൽ മൈൽ വേഗതയിലെത്തിയ ശേഷം പെട്ടെന്ന് കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ചൊവ്വാഴ്ച രാത്രിയിലെ ലൂയിസ് വില്ലേ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവ്വീസുകളും റദ്ദാക്കി. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അപകടത്തിൻ്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ദുരന്തം കെന്റക്കിയിലെ വ്യവസായ മേഖലക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Tags:    

Similar News