രാവും പകലും ശമ്പളം ഇല്ലാതെ ജോലി ചെയ്ത് കഷ്ടപ്പാട്; എങ്ങും തൊഴിൽ ഇല്ലാതെ വേദനിക്കുന്ന ജനങ്ങൾ; വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ വരെ അടിതെറ്റിയ അവസ്ഥ; എല്ലാം അവസാനിച്ചു എന്ന് കരുതുന്നതിനിടെ..ഇതാ ശുഭ വാർത്ത; ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ 'അടച്ചുപൂട്ടൽ' തീർക്കാൻ അമേരിക്ക; ബിൽ ഉടൻ പാസാക്കുമെന്ന് അധികൃതർ
വാഷിങ്ടൺ: 40 ദിവസമായി തുടരുന്ന യു.എസ്. ഗവൺമെൻ്റ് അടച്ചുപൂട്ടലിന് (ഷട്ട്ഡൗൺ) താൽക്കാലിക വിരാമമിടാൻ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്നതിനുള്ള ബിൽ ഞായറാഴ്ച പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കരാറിലൂടെ പ്രതിസന്ധിക്ക് അറുതി വരുത്താനാകുമെന്നാണ് വിലയിരുത്തൽ.
പുതിയ ധാരണ പ്രകാരം, എട്ട് സെനറ്റർമാർ അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് സൂചന. ഇവരിൽ മൂന്ന് മുൻ ഗവർണർമാരും ഉൾപ്പെടുന്നു. ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ വോട്ട് ചെയ്യുന്ന ഡെമോക്രാറ്റിക് ഗവർണർമാരിൽ സെനറ്റർമാരായ ജെന്നെ ഷാഹീൻ, അൻഗസ് കിങ്, മാഗി ഹാസൻ എന്നിവരുണ്ട്. അടച്ചുപൂട്ടൽ നീങ്ങുന്നതിന് പകരമായി ആരോഗ്യ പദ്ധതികളുമായി ബന്ധപ്പെട്ട് ചില ഇളവുകൾ നൽകാമെന്ന് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഉറപ്പ് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗവൺമെൻ്റ് അടച്ചുപൂട്ടൽ രാജ്യത്തെ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. ഒക്ടോബർ ഒന്നിന് ആരംഭിച്ച അടച്ചിടൽ 38 ദിവസങ്ങൾ പിന്നിട്ടിട്ടും മാറ്റമില്ലാതെ തുടരുകയായിരുന്നു. ഷട്ട്ഡൗൺ കാരണം ലക്ഷക്കണക്കിന് ജീവനക്കാർക്ക് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നു, ഇത് ഏകദേശം ഏഴ് ലക്ഷം പേരെയാണ് ബാധിച്ചത്. കൂടാതെ, 670,000 പേർക്ക് തൊഴിൽ നഷ്ടമാവുകയും ചെയ്തു. ലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് അവശ്യസേവനങ്ങൾ പോലും ലഭ്യമാകാത്ത അവസ്ഥയുണ്ടായി.
പ്രധാനമായും യാത്രാ സംവിധാനങ്ങളെയും ഭക്ഷ്യവിതരണത്തെയും അടച്ചുപൂട്ടൽ സാരമായി ബാധിച്ചു. ജീവനക്കാരുടെ കുറവ് കാരണം ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തു. രാജ്യത്തെ പ്രധാനപ്പെട്ട 40 വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ താളംതെറ്റി. ഇതുകൂടാതെ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണവും മുടങ്ങി. നേരത്തെ, ഷട്ട്ഡൗൺ ആണെങ്കിലും പാവപ്പെട്ട കുടുംബങ്ങൾക്കുള്ള ഭക്ഷ്യവിതരണം കാര്യക്ഷമമായി നടത്തണമെന്ന് യു.എസ്. കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ സപ്ലിമെന്റൽ ന്യൂട്രിഷൻ അസിസ്റ്റന്റ് പ്രോഗ്രാം (SNAP) എന്ന പദ്ധതി നിലച്ചമട്ടായിരുന്നു.
SNAP പദ്ധതിയുടെ ഗുണഭോക്താക്കളായ നാല് കോടി പേർ ഇത് കാരണം വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചു. പദ്ധതി മുടങ്ങിയത് ഗുണഭോക്താക്കളെ മാത്രമല്ല, പദ്ധതിക്കായി സാധനങ്ങൾ സംഭരിച്ചിരുന്ന വാൾമാർട്ട് പോലുള്ള ബഹുരാഷ്ട്ര റീട്ടെയിൽ ശൃംഖലകളെയും ബാധിച്ചു.
ഫെഡറൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതോടെ അവരുടെ വായ്പ തിരിച്ചടവ് ഉൾപ്പെടെയുള്ള സാമ്പത്തിക കാര്യങ്ങളിലും ആശങ്ക ഉടലെടുത്തിരുന്നു. ബാങ്കുകൾക്ക് ഇത് തിരിച്ചടവ് മുടങ്ങുമോ എന്ന ഭയം നിലനിന്നിരുന്നു. ഇതിനൊപ്പം, തൊഴിലില്ലായ്മയിലും വലിയ വർധന രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്നതിനുള്ള ധാരണ പ്രതിസന്ധിക്ക് അയവു വരുത്തുമെങ്കിലും, ഇതിൻ്റെ ദീർഘകാല പ്രത്യാഘാതങ്ങൾ വിലയിരുത്തേണ്ടതുണ്ട്.
