ഉന്നത വിദ്യാഭ്യാസം നേടിയ വൈറ്റ് കോളര്‍ ഭീകരസംഘം; പ്രഫഷനലുകളും വിദ്യാര്‍ഥികളും മുന്‍നിരയില്‍; പ്രത്യേക ആശയവിനിമയ ചാനലുകള്‍; ഫണ്ട് കണ്ടെത്തുന്നത് ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ മറവില്‍; പാക്ക് ഭീകര സംഘടനകളുമായി അടുത്തബന്ധം; വന്‍ ഭീകരാക്രമണ പദ്ധതി പൊളിച്ച് രാജ്യവ്യാപക പരിശോധന; ഏഴ് പേര്‍ അറസ്റ്റില്‍; സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു
ചണ്ഡീഗഢ്: രാജ്യത്തെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ട് വൈറ്റ് കോളര്‍ ഭീകര സംഘം ഒരുക്കങ്ങള്‍ നടത്തിയതായും ഇവര്‍ വന്‍ തോതില്‍ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിച്ചതായും ജമ്മുകശ്മീര്‍ പൊലീസ്. ഫരീദാബാദില്‍ നടന്ന അറസ്റ്റുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുവരുന്ന വലിയ ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നിരവധി അറസ്റ്റുകള്‍ക്ക് ഈ നടപടി കാരണമായി. പ്രഫഷനലുകളും വിദ്യാര്‍ഥികളും ഉള്‍പ്പെട്ട സംഘമാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. ഇവര്‍ വിദേശത്തുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ജമ്മുകശ്മീര്‍ പൊലീസ് പറയുന്നു. ഇവര്‍ക്കായി പ്രത്യേക ആശയവിനിമയ ചാനലുകളും ഉണ്ട്. ജീവകാരുണ്യ, സാമൂഹിക പ്രവര്‍ത്തനങ്ങളുടെ മറവിലാണ് ഇവര്‍ ഫണ്ട് സ്വരൂപിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.
ഭീകരാക്രമണത്തിന് തയ്യാറെടുക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി കനത്ത പരിശോധനയാണ് നടക്കുന്നത്. പരിശോധനയില്‍ ഏഴുപേര്‍ അറസ്റ്റിലായതായി ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് പിടിയിലായത്. വൈറ്റ് കോളര്‍ ഭീകര സംഘമാണ് പിടിയിലായതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഉന്നത വിദ്യാഭ്യാസം ഉള്ളവരെയടക്കം അംഗങ്ങളാക്കിയുള്ള ഭീകര സംഘമാണിത്. ഭീകര പ്രവര്‍ത്തനത്തിന് ഇവര്‍ പണം കണ്ടെത്തിയതായും സംഘത്തില്‍ കൂടുതല്‍ പേരെ അംഗങ്ങളാക്കിയിരുന്നതായും ജമ്മു കശ്മീര്‍ പറഞ്ഞു. പാകിസ്ഥാനിലുള്ള ഭീകര സംഘങ്ങളുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ട്. പരിശോധനയില്‍ 2900 കിലോ സ്‌ഫോടക വസ്തുക്കളും പിടികൂടിയതായും പൊലീസ് അറിയിച്ചു.
ജമ്മു കശ്മീര്‍ പൊലീസിന്റെയും ഹരിയാന പൊലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് ഡോക്ടര്‍മാരില്‍ നിന്ന് 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, റൈഫിള്‍, വലിയ ആയുധശേഖരം എന്നിവ പിടികൂടിയിരുന്നു. സംഭവത്തില്‍ ഹരിയാനയിലെ അല്‍ഫലാഹ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ മുസമ്മില്‍ ഷക്കീലിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തു. ഡോക്ടര്‍ വാടകക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് രാസവസ്തുക്കള്‍ കണ്ടെടുത്തത്. അതേ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാറില്‍ നിന്ന് തോക്കും കണ്ടെത്തി. വിശദമായി ചോദ്യം ചെയ്യുന്നതിനായി ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വനിതാ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് കാര്‍ പിടിച്ചെടുത്തു. സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് അമോണിയം നൈട്രേറ്റ്.
മറ്റൊരു ഡോക്ടറായ ഡോ. അദീല്‍ അഹ്‌മദ് റാത്തറെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച നിര്‍ണായക സൂചനകളുടെ അടിസ്ഥാനത്തിലാണ് മുസമ്മിലിന്റെ വാടക വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തിയത്. ഇവരുടെ ശൃംഖലയില്‍ പെട്ടയാളെന്ന് സംശയിക്കുന്ന മറ്റൊരു ഡോക്ടര്‍ക്കായി ഫരീദാബാദിലും പരിസരത്തും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മുസമ്മിലുമായി പതിവായി ബന്ധപ്പെട്ടിരുന്ന പള്ളി ഇമാം ഇഷ്തിയാഖിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തോക്കുകള്‍, വെടിയുണ്ടകള്‍, വലിയ സ്യൂട്ട്‌കേസുകള്‍, സ്‌ഫോടക വസ്തുക്കള്‍, ബാറ്ററികള്‍ അടങ്ങിയ 20 ടൈമറുകള്‍, 24 റിമോട്ട് കണ്‍ട്രോളുകള്‍, അഞ്ച് കിലോഗ്രാം ഹെവി മെറ്റല്‍, വാക്കി-ടോക്കി സെറ്റുകള്‍, ഇലക്ട്രിക് വയറിങ്, നിരോധിത വസ്തുക്കള്‍ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ക്ക് അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഡോ. അദീല്‍ അഹമ്മദ് റാത്തറിന്റെ ലോക്കറില്‍ നിന്ന് എകെ-47 റൈഫിള്‍ അന്വേഷണസംഘം കണ്ടെടുത്തിരുന്നു.
ഫരീദാബാദിലെ ധോജ് പ്രദേശത്ത് ഡോക്ടര്‍ മുസമ്മില്‍ വീട് വാടകക്കെടുത്തതെന്നും അവിടെയാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഏകദേശം 15 ദിവസം മുമ്പ് എത്തിച്ച രാസവസ്തു എട്ട് വലുതും നാല് ചെറുതുമായ സ്യൂട്ട്‌കേസുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു. കശ്മീര്‍ താഴ്വരയിലെ ഡോ. റാത്തറിന്റെ ഒരു ലോക്കറില്‍ നിന്ന് പൊലീസ് നേരത്തെ ഒരു എ.കെ-47 തോക്കും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു. ആയുധ നിയമത്തിലെ സെക്ഷന്‍ 7, 25, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ (യു.എ.പി.എ) സെക്ഷന്‍ 13, 28, 38, 39 എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
