ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്ത് വന്ന വിനോദ സഞ്ചാരികള്‍ പെരുവഴിയില്‍; വിലപ്പെട്ട വസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളില്‍ വലിച്ചെറിയപ്പെട്ട നിലയില്‍; കാറുകള്‍ക്കുള്ളില്‍ കിടന്നുറങ്ങിയവരും നിരവധി; എയര്‍ബിഎന്‍ബിയുടെ എതിരാളിയായ സോണ്ടര്‍ 'പാപ്പരായതോടെ' പണി കിട്ടിയത് അവധിക്കാലം ആഘോഷിക്കാന്‍ യുഎസില്‍ എത്തിയവര്‍ക്ക്
ന്യൂയോര്‍ക്ക്: അവധിക്കാലം ആഘോഷിക്കാന്‍ ദീര്‍ഘദൂര യാത്രകഴിഞ്ഞ് യു എസില്‍ എത്തിയ വിനോദസഞ്ചാരികള്‍ വന്നുപെട്ടത് വന്‍ ചതിക്കുഴിയില്‍. വിനോദസഞ്ചാരികള്‍ക്ക് താമസസൗകര്യം അടക്കം ഒരുക്കുന്ന സോണ്ടര്‍ എന്ന സര്‍വ്വീസ് സ്ഥാപനത്തിന്റെ തകര്‍ച്ച ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ കുഴപ്പത്തിലാക്കി. മാരിയറ്റ് ഹോട്ടലുകളുമായുള്ള കമ്പനിയുടെ കരാര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പല വിനോദസഞ്ചാരികള്‍ക്കും താമസിച്ചിരുന്ന ഹോട്ടലുകളില്‍ നിന്ന് പുറത്തു പോകേണ്ടി വന്നു. പെട്ടെന്നുള്ള ഈ നടപടി ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ എത്തിയവരെ വലച്ചു. പലരുടേയും സാധനങ്ങള്‍ പ്ലാസ്റ്റിക് ബാഗുകളില്‍ നിറച്ചതോ ഇടനാഴികളില്‍ വലിച്ചെറിയപ്പെട്ടതോ ആയ നിലയിലാണ് കണ്ടെത്തിയത്.
ഒരുകാലത്ത് 1 ബില്യണ്‍ ഡോളറിലധികം വിലമതിക്കുകയും എയര്‍ബിഎന്‍ബിയുടെ എതിരാളിയായി വാഴ്ത്തപ്പെടുകയും ചെയ്ത സോണ്ടര്‍, മാരിയറ്റ് ഇന്റര്‍നാഷണലുമായി അതിന്റെ ലൈസന്‍സിംഗ് കരാര്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് ലിക്വിഡേഷനായി അപേക്ഷ നല്‍കിയിരിക്കുകയാണ്. ഇത് കമ്പനിയെ ഉടന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനും നിര്‍ബന്ധിതരാക്കി. സോണ്ടര്‍ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് അപ്പാര്‍ട്ടുമെന്റുകള്‍ ബുക്ക് ചെയ്യാന്‍ സംവിധാനങ്ങള്‍ ഒരുക്കുകയായിരുന്നു. എന്നാല്‍ അതിന്റെ സേവനം എയര്‍ബിഎന്‍ബിയില്‍ നിന്ന് വ്യത്യസ്തമാണ്.
കാരണം സോണ്ടര്‍ പ്രോപ്പര്‍ട്ടികള്‍ പാട്ടത്തിനെടുത്ത് കൈകാര്യം ചെയ്യുന്നു. മാരിയറ്റ് ഹോട്ടലുകളുമായി ഒരു ടൈ-അപ്പ് കരാറും അവര്‍ ഉണ്ടാക്കിയിരുന്നു. ഇത് ലോകമെമ്പാടുമുള്ള 10,500 ഹോട്ടല്‍ മുറികളില്‍ ഒന്ന് ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കിയിരുന്നു.
സോണ്ടറിന്റെ തകര്‍ച്ചയ്ക്ക് ശേഷം അവര്‍ മുഖേന മാരിയറ്റില്‍ മുറികള്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ പെട്ടെന്ന് ്തന്നെ പുറത്ത് പോകേണ്ടി വന്നു. ഞായറാഴ്ച മാരിയറ്റും സോണ്ടറും ഉടന്‍ തന്നെ സ്ഥലം വിടാന്‍ ഉത്തരവിട്ടപ്പോള്‍ വിനോദ സഞ്ചാരികള്‍ ഞെട്ടിപ്പോയിരുന്നു. പലരും കാറുകള്‍ക്കുള്ളില്‍ ഉറങ്ങാന്‍ നിര്‍ബന്ധിതരായി.
പലരും ഇപ്പോള്‍ വലിയ തോതിലുള്ള പ്രതിസന്ധിയാണ് നേരിടുന്നത്. ഇവരില്‍ കോണര്‍ ഹാര്‍ലി എന്ന വിനോദ സഞ്ചാരി പറയുന്നത് താന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ താമസത്തിനായുള്ള മുഴുവന്‍ പണവും അടച്ചിരുന്നു എന്നാണ്. ഇപ്പോള്‍ മറ്റൊരു ഹോട്ടലില്‍ താമസിക്കാനായി
വളരെയധികം പണം ചെലവാക്കേണ്ട വന്നു എന്നും അവര്‍ കുറ്റപ്പെടുത്തുന്നു. മാരിയറ്റിന്റെ കസ്റ്റമര്‍ സര്‍വീസ് ലൈനില്‍ വിളിച്ചപ്പോള്‍ തന്റെ റിസര്‍വേഷന്‍ റദ്ദാക്കി എന്നും വീണ്ടും ഓണ്‍ലൈനില്‍ പോയി മാരിയറ്റില്‍ മറ്റൊരു ബുക്കിംഗ് നടത്താം' എന്നുമാണ് മറുപടി ലഭിച്ചത് എന്നാണ് ഹാര്‍ലി പറയുന്നത്.
ഹില്‍ട്ടന്‍ ഗ്രൂപ്പിന്റെ ഒരു ഹോട്ടലില്‍ കൂടുതല്‍ പണം നല്‍കി തനിക്ക് താമസിക്കേണ്ടി വന്നു എന്നാണ് അവര്‍ വ്യക്തമാക്കിയത്. ഈ മാസം ഇരുപത്തിയെട്ടാം തീയതി ബ്രിട്ടനില്‍ നിന്ന് അമേരിക്കയിലേക്ക് പോകാനിരുന്ന ഒരു കുടുംബത്തിനും ബുക്ക് ചെയ്തിരുന്ന മുറി റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് സോണ്ടര്‍ ഗ്രൂപ്പ് സോണ്ടര്‍ മാരിയറ്റ് ബോണ്‍വോയ് എന്ന പേരില്‍ പുനര്‍നാമകരണം ചെയ്തത്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഇവര്‍ വേര്‍പിരിയുകയായിരുന്നു. പെട്ടെന്ന് ഹോട്ടലുകളില്‍ നിന്ന് താമസം മാറേണ്ടി വന്ന അതിഥികളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്നറിയാതെ കുഴങ്ങുകയാണ് ജീവനക്കാര്‍.
