പത്താന്‍കോട്ടു നിന്നും ഒരു സര്‍ജന്‍ കൂടി പിടിയില്‍; ജെയ്ഷെ-മുഹമ്മദ് ഭീകര സംഘടനയുമായി ബന്ധമുള്ള നാല് ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ റദ്ദാക്കി; പാക്കിസ്ഥാനും ഭീകര-വിഘടനവാദി ശൃംഖലയ്ക്കും വേണമെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന 'ഒരു ടൈം ബോംബും' സംശയത്തില്‍; വൈറ്റ് കോളര്‍ ടെററിസം തകരുമ്പോള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ കാര്‍ സ്ഫോടനത്തില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ സംശയത്തിന്റെ നിഴലില്‍. ഭീകരബന്ധം ആരോപിച്ച് 2023 നവംബറില്‍ ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ശ്രീനഗറിലെ എസ്എച്ച്എംഎസ് ആശുപത്രിയില്‍ നിന്ന് പുറത്താക്കിയ ഡോക്ടര്‍ നിസാര്‍ ഉള്‍ ഹസ്സനും നിരീക്ഷണത്തിലാണ്. അതിനിടെ ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരു ഡോക്ടര്‍ കൂടി പിടിയിലായി. റയീസ് അഹമ്മദ് എന്ന സര്‍ജനാണ് പിടിയിലായത്.
പത്താന്‍കോട്ടില്‍ നിന്നാണ് സര്‍ജനെ പിടികൂടിയത്. ഇയാള്‍ പലതവണ അല്‍ഫല യൂണിവേഴ്‌സിറ്റിയിലേക്ക് വിളിച്ചതായാണ് വിവരം പുറത്തുവരുന്നത്. ഹരിയാനയില്‍ നൂഹിലടക്കം വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന നടത്തുകയാണ്. ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചനയിലാണ് കേസെടുത്തിരിക്കുന്നത്. എന്‍ഐഎ കേസിന് പുറമേയാണിത്. കസ്റ്റഡിയിലായ മൂന്നു പ്രതികളെ ഹരിയാന പൊലീസ് എന്‍ഐഎക്ക് കൈമാറി. ഇവരെ എന്‍ഐഎ ആസ്ഥാനത്ത് എത്തിച്ചെന്നാണ് വിവരം. ഡോക്ടര്‍മാരായ മുസമ്മില്‍ ,ആദില്‍, ഷഹീദ എന്നിവരെയാണ് ഏജന്‍സി കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്യും. ഇന്നലെ ഇവരുമായി ബന്ധമുള്ള മറ്റൊരു ഡോക്ടറെ യുപിയില്‍ നിന്ന് പിടികൂടിയിരുന്നു. ഇവര്‍ ജോലി ചെയ്തിരുന്ന അല്‍ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് നാലു പേരെ കൂടി ഹരിയാന പോലീസ് കസ്റ്റഡിയിലെടുത്തു.
അതിനിടെ ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെയ്ഷെ-മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ള നാല് ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) റദ്ദാക്കി. ഡോക്ടര്‍മാരായ മുസാഫര്‍ അഹമ്മദ്, അദീല്‍ അഹമ്മദ് റാത്തര്‍, മുസാമില്‍ ഷക്കീല്‍, ഷഹീന്‍ സയീദ് എന്നിവരുടെ ഇന്ത്യന്‍ മെഡിക്കല്‍ രജിസ്റ്റര്‍ (ഐഎംആര്‍), നാഷണല്‍ മെഡിക്കല്‍ രജിസ്റ്റര്‍ (എന്‍എംആര്‍) എന്നിവയാണ് ഉടനടി പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ റദ്ദാക്കിയത്. ഈ ഡോക്ടര്‍മാര്‍ക്ക് ഇനി ഇന്ത്യയില്‍ ഒരിടത്തും ചികിത്സ നടത്താനോ ഏതെങ്കിലും മെഡിക്കല്‍ പദവി വഹിക്കാനോ കഴിയില്ലെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. അതിനിടെ വ്യാപകമായ അക്രമം അഴിച്ചുവിടാനും ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്താനും പാക്കിസ്ഥാനും അതിന്റെ ഭീകര-വിഘടനവാദി ശൃംഖലയ്ക്കും എപ്പോള്‍ വേണമെങ്കിലും വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന 'ഒരു ടൈം ബോംബാണ്' ഹസ്സന്‍ എന്നായിരുന്നു ജമ്മു കശ്മീര്‍ സിഐഡി അന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെ ഹസ്സനെ ഫരീദാബാദിലെ അല്‍-ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ജോലിക്കെടുത്തിരുന്നു. അവിടെ വെച്ച്, അദ്ദേഹത്തിന്റെ കീഴില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന കാര്‍ ബോംബര്‍ എന്ന് ആരോപിക്കപ്പെടുന്ന ഉമര്‍ നബി ഉള്‍പ്പെടെയുള്ള മെഡിക്കല്‍ പ്രൊഫഷണലുകളെ ഹസ്സന്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചതായാണ് സംശയിക്കപ്പെടുന്നത്. കശ്മീരിലെ വിഘടനവാദികള്‍ക്കും ഭീകരര്‍ക്കും പിന്തുണ നല്‍കുകയും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കിടയില്‍ വിഘടനവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത ഹസ്സന്റെ മുന്‍കാല ചരിത്രമാണ് സംശയങ്ങള്‍ക്കിട നല്‍കിയത്. ജെയ്‌ഷെ-മുഹമ്മദ് സംഘത്തിന്റെ സൂത്രധാരനും പ്രേരകനുമായി നിസാര്‍ ഉള്‍ ഹസ്സന്‍ മാറാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
അറസ്റ്റിലായ ഡോക്ടര്‍മാരായ ഡോ. മുസമ്മില്‍, ഡോ. അദീല്‍, ഡോ. ഷഹീന്‍, ഡോ. പര്‍വേസ്, മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉമര്‍ നബി എന്നിവരുടെ സംഘവുമായുള്ള നിസാര്‍ ഉള്‍ ഹസ്സന്റെ ബന്ധം എങ്ങനെയായിരുന്നുവെന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ പരിശോധിച്ച് വരുന്നത്. ഇതിനിടെ ചോദ്യം ചെയ്യലിനായി നിസാര്‍ ഉള്‍ ഹസ്സനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.
