പദ്ധതിയിട്ടത് ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ഡല്‍ഹിയെ തകര്‍ക്കല്‍; രക്തവും വെള്ളവും ഒരുമിച്ചൊഴുകില്ലെന്ന വിശദീകരണം അണിയറയില്‍ തയ്യാറെടുക്കുന്ന തിരിച്ചടിയുടെ ഉഗ്രരൂപം; ഇസ്രയേലിനോട് ഹമാസ് ചെയ്ത ക്രൂരത ഇന്ത്യയോട് ചെയ്യാന്‍ പാക്ക് ഗൂഡാലോചന; എന്‍ഐഎ തെളിവുകള്‍ ചികഞ്ഞെടുക്കുന്നു; വൈറ്റ് കോളര്‍ ഭീകരതയും വേരുപിടിച്ചില്ല
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം നടത്തിയ ഭീകരര്‍ ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലില്‍ നടത്തിയതിന് സമാനമായ ആക്രമണം രാജ്യ തലസ്ഥാനത്ത് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത് അന്വേഷണത്തില്‍ നിര്‍ണ്ണായകം. ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചുള്ള ആക്രമണത്തിനായിരുന്നു ലക്ഷ്യം. ചെറു റോക്കറ്റുകള്‍ നിര്‍മ്മിക്കാനും പദ്ധതിയിട്ടു. ഇതിനിടെയാണ് വൈറ്റ് കോളര്‍ ഭീകരത ജമ്മു കാശ്മീര്‍ പോലീസ് തിരിച്ചറിയുന്നത്. ഇതോടെ എല്ലാം പൊളിഞ്ഞു. വിദേശത്തും ഗൂഡാലോചന നടന്നു. ചാവേര്‍ ആക്രമണം നടത്തിയ ഉമര്‍ ഉന്‍ നബിക്കൊപ്പം പ്രവര്‍ത്തിച്ച രണ്ടാമത്തെ ഭീകരനെ അറസ്റ്റ് ചെയ്തതോടെയാണ് ലക്ഷ്യങ്ങള്‍ വ്യക്തമാകുന്നത്. അതിനിടെ തിരിച്ചടിയുടെ സൂചനകള്‍ ഇന്ത്യ നല്‍കി കഴിഞ്ഞു. അന്വേഷണത്തിലൂടെ പാക്ക് ബന്ധത്തിന് വ്യക്തമായ തെളിവ് ഉറപ്പിച്ചാല്‍ ഉടന്‍ തിരിച്ചടിയുണ്ടാകും. ഇതുവരെ ലഭിച്ച തെളിവുകളിലൂടെ ബന്ധം വ്യക്തമാണ്. ഈ തെളിവുകള്‍ കേന്ദ്ര സര്‍ക്കാരും സൈന്യവും പരിശോധിക്കുകയാണ്.
ഭീകരര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും ഒരേരീതിയില്‍ മറുപടി നല്‍കുമെന്നും ഏതൊരു ഭീകരപ്രവര്‍ത്തനത്തിനെതിരേയും ശക്തമായി പ്രതികരിക്കുമെന്നും കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കിയിട്ടുണ്ട്. പുരോഗതിയും വികസനവുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അത് തടസപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് കരസേനാ മേധാവി വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഭീകരവാദികളോടും അതിനെ പിന്തുണയ്ക്കുന്നവരോടും ഇന്ത്യ സ്വീകരിച്ച നിലപാടും ദ്വിവേദി ആവര്‍ത്തിച്ചു. ഭീകരവാദവും ചര്‍ച്ചയും ഒരിക്കലും ഒരുമിച്ച് മുന്നോട്ടുപോകില്ല. രക്തവും വെള്ളവും ഒരുമിച്ചൊഴുകില്ല. സമാധാനപരമായ പ്രക്രിയയെ ഇന്ത്യ പിന്തുണയ്ക്കുകയും അതിനോട് സഹകരിക്കുകയും ചെയ്യും. ഒന്നിനെയും ഭയപ്പെടാത്ത തരത്തിലേക്ക് ഇന്ത്യ വളര്‍ന്നു. ഇന്ത്യാവിരുദ്ധ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നത് തുടര്‍ന്നാല്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലെ ഇന്ത്യയുടെ പുതിയ രീതി പാക്കിസ്ഥാന് വലിയ വെല്ലുവിളി ഉയര്‍ത്തും. പാക്കിസ്ഥാന്റെ ആണവ നിലപാടുകളെ ഇന്ത്യ യാതൊരു തരത്തിലും ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് പാക്കിസ്ഥാനുള്ള സൂചനയാണ്. ചെങ്കോട്ടയിലെ ഭീകരതയ്ക്ക് പിന്നിലുള്ളവര്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരരാണെന്നും വ്യക്തമായിട്ടുണ്ട്. തുര്‍ക്കിയിലും മാലിദ്വീപിലും ദുബായിലുമെല്ലാം ഗൂഡാലോചനകള്‍ നടന്നു.
ജാസിര്‍ ബിലാല്‍ വാനി എന്ന ഡാനിഷിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഡ്രോണ്‍ ആക്രമണങ്ങളെ കുറിച്ച് വിവരം ലഭിച്ചത്. ആയുധങ്ങളും ബോംബുകളും വഹിക്കാന്‍ ശേഷിയുള്ള തരത്തിലേക്ക് ഭീകരര്‍ക്ക് വേണ്ടി ഡ്രോണുകള്‍ പരിഷ്‌കരിക്കാന്‍ ശ്രമിച്ചിരുന്നു. റോക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചതിനും എന്‍ഐഎ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഡാനിഷ് ആണ് ഭീകരര്‍ക്ക് ഇതിനായി സാങ്കേതിക സഹായം നല്‍കിയിരുന്നത്. ജമ്മുകശ്മീര്‍ സ്വദേശിയായ ഡാനിഷിനെ ശ്രീനഗറില്‍ നിന്നാണ് പിടികൂടിയത്. സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ഉമര്‍ നബി സഞ്ചരിച്ചത് ഇന്ത്യാ ഗേറ്റ് ഉള്‍പ്പെടെയുള്ള ഡല്‍ഹിയിലെ സുരക്ഷ മേഖലയ്ക്കുള്ളിലൂടെയാണ്. 1300ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഡല്‍ഹിക്ക് ഉള്ളില്‍ ഉമര്‍ സഞ്ചരിച്ച വഴികള്‍ പോലീസ് കണ്ടെത്തിയത്. വലിയ ഇന്റലിജന്‍സ് പിഴവുണ്ടായതിന് തെളിവാണ് ഇത്.
ഇന്ത്യ ഗേറ്റ്, റെയില്‍ ഭവന്‍, കര്‍ത്തവ്യപഥ്, ലോദി റോഡ്, ഭാരകംബ റോഡ് തുടങ്ങി രാജ്യത്തിന്റെതന്നെ തന്ത്രപ്രധാനമായ മേഖലയിലൂടെയാണ് ഉമര്‍ സ്‌ഫോടകവസ്തുക്കളുമായി കാറില്‍ സഞ്ചരിച്ചത്. എന്നാല്‍ ഡല്‍ഹിക്കുള്ളില്‍ പ്രവേശിച്ചശേഷം ഒരിടത്തും ഉമറിന്റെ കാര്‍ പോലീസ് പരിശോധന നേരിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. വൈറ്റ് കോളര്‍ ടെററിസത്തെ കുറിച്ച് ഡല്‍ഹി പോലീസിന് ആരും സൂചന നല്‍കിയില്ല. എന്നാല്‍ ഐബി അടക്കമുള്ളവര്‍ക്ക് ഇത് അറിയുകയും ചെയ്യാമായിരുന്നു. ഇത്തരം വീഴ്ച ഒഴിവാക്കിയിരുന്നുവെങ്കില്‍ ചെങ്കോട്ടാ ദുരന്തം ഒഴിവാകുമായിരുന്നു. ഡല്‍ഹിയില്‍ വളരെ തിരക്കേറിയ നിസാമുദ്ദീന്‍, അക്ബര്‍ റോഡ്, സഫ്ദര്‍ജംഗ് ആശുപത്രി, കൊണാട്ട് പ്ലെയ്‌സ്, രാംലീല മൈദാന്‍, ഡല്‍ഹി ഗേറ്റ്, ദരിയ ഗഞ്ച് പോലീസ് സ്റ്റേഷന്‍ എന്നിവ കടന്നാണ് ഉമര്‍ റെഡ് ഫോര്‍ട്ടില്‍ എത്തുന്നത്.
സ്‌ഫോടനം നടന്ന ദിവസം രാവിലെ ബദല്‍പുര്‍ ബോര്‍ഡര്‍ വഴി ഉമര്‍ കാറുമായി ഡല്‍ഹിയില്‍ പ്രവേശിച്ചു. രാവിലെ 9.17നും 9.48നും ഇടയില്‍, നിസാമുദ്ദീന്‍, ഇന്ത്യാ ഗേറ്റ്, അക്ബര്‍ റോഡ്, റെയില്‍ ഭവന്‍, കര്‍ത്തവ്യപഥ്, ലോധി റോഡ്, സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍ എന്നിവയുള്‍പ്പെടെ ഡല്‍ഹിയുടെ ഹൃദയഭാഗത്തുകൂടി കാര്‍ കടന്നുപോയി. ഇടയ്ക്ക് വസീര്‍പൂരിലെ ഒരു ചായക്കടയില്‍ കാര്‍ നിര്‍ത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പിന്നീട് കാര്‍ ഉച്ചയ്ക്ക് 2.04ന് കൊണാട്ട് പ്ലെയ്‌സ് ഔട്ടര്‍ സര്‍ക്കിളും 2.10ന് ഭാരകംബ റോഡും കടന്ന് 2.17ന് രാം ലീല മൈതാനിയിലെത്തി. തുടര്‍ന്ന് മൂന്നരയോടെ ചെങ്കോട്ടയ്ക്ക് സമീപം കാര്‍ പാര്‍ക്ക് ചെയ്തു. 6.23ന് പാര്‍ക്കിംഗ് സ്ഥലത്തുനിന്ന് പുറത്തിറങ്ങിയ കാര്‍ പതുക്കെ നീങ്ങി 6.52ന് പൊട്ടിത്തെറിക്കുകയായിരുന്നു.
