'മോളൊന്ന് എഴുന്നേറ്റുകണ്ടാല്‍ മതി, ചികിത്സാ സഹായം വെറുംവാക്കായി'; ഒടുവില്‍ ആ കുടുംബത്തിന് കൈത്താങ്ങായി കോടതിവിധി; വടകരയില്‍ കാറിടിച്ച് ഒന്‍പതുവയസുകാരി കോമയിലായ അപകടത്തില്‍ ദൃഷാനയ്ക്ക് 1.15 കോടി നഷ്ടപരിഹരം; തുക ഇന്‍ഷൂറന്‍ കമ്പനി നല്‍കണമെന്ന് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ കോടതി

Update: 2025-11-18 12:53 GMT

കോഴിക്കോട്: വടകരയില്‍ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോമയില്‍ കഴിയുന്ന ദൃഷാനയ്ക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. വടകര എംഎസിടി കോടതിയാണ് കേസ് തീര്‍പ്പാക്കിയത്. തുക ഇന്‍ഷൂറന്‍ കമ്പനി നല്‍കണമെന്നും മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലാണ് കേസില്‍ നിര്‍ണ്ണായകമായത്

അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും ആശ്വാസമാണ് കോടതി വിധി. ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍, സംഭവം നടന്ന് പത്ത് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തുകയും വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ നാട്ടിലെത്തിക്കുകയും ചെയ്തത് വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഏഴ് മാസമായിട്ടും കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് തുക ലഭിച്ചിരുന്നില്ല. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുന്ന ദൃഷാനയുടെ തുടര്‍ചികിത്സയ്ക്ക് പാവപ്പെട്ട മാതാപിതാക്കള്‍ വലിയ സാമ്പത്തിക പ്രയാസമാണ് നേരിടുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 ന് രാത്രിയാണ് വടകര ചോറോട് വെച്ച് ദൃഷാനയെയും മുത്തശ്ശി ബേബിയേയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. അപകടത്തില്‍ ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോമ സ്ഥിതിയില്‍ കഴിയുന്ന ദൃഷാനയുടെ ദുരിത ജീവിതത്തെക്കുറിച്ചും ഇടിച്ചിട്ട കാര്‍ കണ്ടെത്താത്ത പൊലീസ് അനാസ്ഥയെക്കുറിച്ചും നിരന്തരം ചെയ്ത വാര്‍ത്തകളെത്തുടര്‍ന്നായിരുന്നു ഹൈക്കോടതി സ്വമേധയാ കേസെടുത്തതും പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതും.

കുടുംബത്തിന് അല്‍പമെങ്കിലും ആശ്വാസം നല്‍കുന്നതാണ് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണലിന്റെ വിധി. അദാലത്തിലാണ് പ്രശ്നം തീര്‍പ്പാക്കിയത്. 2024 ഫെബ്രുവരി 17നാണ് അപകടം ഉണ്ടായത്. ആറ് മാസത്തിലേറെക്കാലം പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇടിച്ചിട്ട വാഹനം കണ്ടെത്താത്തതിനാല്‍ ഇന്‍ഷൂറന്‍സ് തുക കിട്ടാത്ത അവസ്ഥയായിരുന്നു. ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍, സംഭവം നടന്ന് പത്ത് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തുകയും വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതി പുറമേരി സ്വദേശി ഷെജീലിനെ നാട്ടിലെത്തിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അപകടത്തില്‍ തലശ്ശേരി മനേക്കര പുത്തലത്ത് ബേബി( 68) സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പേരക്കുട്ടി ദൃഷാന(9) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു. ബസ് ഇറങ്ങി ദേശീയപാത കുറുകെ കടക്കുമ്പോള്‍ ഷെജീലും കുടുംബവും സഞ്ചരിച്ച കാര്‍ വന്നിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ കാര്‍ മീത്തലങ്ങാടിയിലെ ബന്ധു വീട്ടിലേക്കു മാറ്റിയാണ് പൊലീസിന്റെ കണ്ണില്‍ നിന്നു രക്ഷപ്പെട്ടത്. അസാധാരണമായ അന്വേഷണത്തിനൊടുവില്‍ ഇടിച്ചിട്ട കാര്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.

''അമ്മ മരിച്ചിട്ടും മോള് കിടപ്പിലായിട്ടും വര്‍ഷം ഒന്നാകാറായി. മെഡിക്കല്‍ കോളേജിലെ ചികിത്സകൊണ്ട് പുരോഗതിയൊന്നും കാണുന്നില്ല. മോളൊന്ന് എഴുന്നേറ്റു കണ്ടാല്‍ മതിയായിരുന്നു'' ദൃഷാനയുടെ അമ്മ സ്മിതയുടെ വാക്കുകള്‍ കേരളത്തിന്റെ നൊമ്പരമായിരുന്നു. ഷജീലിനെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍വെച്ച് എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്ത വിവരം പുറത്തുവന്നപ്പോള്‍ അതെങ്കിലും ഉണ്ടായല്ലോയെന്നാണ് കുടുംബം പറഞ്ഞത്. വാഹനാപകടങ്ങള്‍ കാരണം മരണം, പരിക്ക് സംഭവിക്കുന്ന സാഹചര്യങ്ങളില്‍ കാര്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ലഭിക്കുന്ന തുകമാത്രമാണ് സര്‍ക്കാരില്‍നിന്ന് ദൃഷാനയുടെ കുടുംബത്തിന് ലഭിച്ചത്. ''ആവശ്യമായ ചികിത്സ കിട്ടുന്നില്ല. സര്‍ക്കാരില്‍നിന്ന് ഔദ്യോഗികമായി ഇതുവരെ ആരും വിളിച്ചിട്ടുപോലുമില്ല, എല്ലാം വെറുംവാക്കായി, കുടുംബം കടത്തിലാണ്.'' -ദൃഷാനയുടെ അമ്മാവന്‍ സ്മിജിത്ത് പറഞ്ഞു. ഒടുവില്‍ കുടുംബത്തിന് ആശ്വാസമാകുകയാണ് കോടതി വിധി

Tags:    

Similar News