'നിങ്ങള്‍ക്ക് ഒരു വലിയ വീട് വാങ്ങാന്‍ കഴിഞ്ഞേക്കാം; പക്ഷേ, സംസ്‌കാരം തീര്‍ച്ചയായും വാങ്ങാന്‍ കഴിയില്ല; ഒരു ദിവസം നിങ്ങള്‍ സഹാനുഭൂതിക്ക് വേണ്ടിയും ഒരു വീട് പണിയും എന്ന് പ്രതീക്ഷിക്കുന്നു; ആ കളിയില്‍ വിജയികള്‍ സ്‌നേഹം തിരഞ്ഞെടുത്ത ആ രണ്ട് യുവതികളാണ്'; എ കെ ഫൈസലിന്റെ പ്രതികരണത്തില്‍ ആദിലയെയും നൂറയെയും പിന്തുണച്ച് ചിന്നു ചാന്ദിനി
എ കെ ഫൈസലിന്റെ പ്രതികരണത്തില്‍ ആദിലയെയും നൂറയെയും പിന്തുണച്ച് ചിന്നു ചാന്ദിനി
കൊച്ചി: മലബാര്‍ ഗ്രൂപ് സഹസ്ഥാപകനും കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എ കെ ഫൈസലിന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളായിരുന്ന ലെസ്ബിയന്‍ കപ്പിള്‍സ് ആദിലയും നൂറയും പങ്കെടുത്തതിനെക്കുറിച്ചുള്ള പ്രതികരണം ചര്‍ച്ചയാകുന്നതിനിടെ വിഷയത്തില്‍ വിമര്‍ശനവുമായി നടി ചിന്നു ചാന്ദിനി.
ആഡംബര ബ്രാന്‍ഡുകള്‍ക്ക് ധാര്‍മ്മികത കുറവാണെന്നുള്ളത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. നിങ്ങള്‍ക്ക് ഒരു വലിയ വീട് വാങ്ങാന്‍ കഴിഞ്ഞേക്കാം. പക്ഷേ, സംസ്‌കാരം തീര്‍ച്ചയായും വാങ്ങാന്‍ കഴിയില്ല. അതുകൊണ്ട്, പുതിയ വീടിന് അഭിനന്ദനങ്ങള്‍. ഒരു ദിവസം നിങ്ങള്‍ സഹാനുഭൂതിക്ക് വേണ്ടിയും ഒരു വീട് പണിയും എന്ന് പ്രതീക്ഷിക്കുന്നു.
കാരണം, ഭയമില്ലാതെ സ്‌നേഹിക്കുന്നതാണ് യഥാര്‍ത്ഥ ശക്തി, പരസ്യമായി വെറുക്കുന്നത് യഥാര്‍ത്ഥ ബലഹീനതയാണ്. ആ കളിയില്‍, വിജയികള്‍ ആരാണെന്ന് വ്യക്തമാണ്, അത് ധനികനോ അയാളുടെ കമ്പനിയോ അല്ല, സ്‌നേഹം തിരഞ്ഞെടുത്ത ആ രണ്ട് യുവതികളാണ്. അതുകൊണ്ട് നിങ്ങളുടെ സ്വര്‍ണ്ണവും വിലകൂടിയ ഷാന്‍ലിയറുകളും വെച്ചോളൂ, പക്ഷേ നിങ്ങളുടെ തത്വങ്ങള്‍ നന്നാക്കൂ. അങ്ങേയറ്റം പ്രശ്നകരമായ ഒരു പ്രസ്താവനയ്ക്ക് നിങ്ങള്‍ പരസ്യമായി ക്ഷമാപണം നടത്തണം എന്നാണ് ചിന്നു ചാന്ദിനി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പ്രതികരിച്ചത്.
താരനിബിഡമായിരുന്നു എ കെ ഫൈസലിന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ്. മന്ത്രി മുഹമ്മദ് റിയാസ്, ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍ ഉള്‍പ്പെടെ നിരവധി മലയാള സിനിമ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബിഗ് ബോസ് സീസണ്‍ 7ലെ മത്സരാര്‍ത്ഥികള്‍ക്കും ചടങ്ങില്‍ ക്ഷണം ലഭിച്ചിരുന്നു. മറ്റ് താരങ്ങള്‍ക്കൊപ്പം ലെസ്ബിയന്‍ കപ്പിള്‍സായ ആദിലയും നൂറയും ഗൃഹപ്രവേശന ചടങ്ങിനെത്തിയിരുന്നു. ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയുള്ള എകെ ഫൈസലിന്റെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയത്.
തന്റെ ഗൃഹപ്രവേശന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തെന്നും ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന തങ്ങളെ സംബന്ധിച്ച് സൗഹൃദങ്ങള്‍ കാത്ത് സൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ രണ്ട് പെണ്‍കുട്ടികള്‍ ഈ പരിപാടിയില്‍ പങ്കെടുത്തത് തന്റെ അറിവോടെ ആയിരുന്നില്ലെന്നും അദ്ദേഹം കുറിച്ചു. ഇതിന് പിന്നാലെ ഫൈസലിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി.
'എന്റെ ഗൃഹപ്രവേശന ചടങ്ങുകളില്‍ സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. ആഗോള തലത്തില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാത്തരം സൗഹൃദങ്ങളും കാത്ത് സൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ എന്റെ പരിപാടിയില്‍ രണ്ട് പെണ്‍കുട്ടികള്‍ പങ്കെടുത്തത് എനിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ല.
പൊതു സമൂഹത്തിന്റെ സദാചാര മൂല്യങ്ങളെ വെല്ലുവിളിച്ചും സ്വന്തം മാതാപിതാക്കളെ തന്നെ ധിക്കരിച്ചും സമൂഹ മാധ്യമത്തില്‍ താറടിച്ചും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതു തലമുറയ്ക്ക് തെറ്റായ സന്ദേശം നല്‍കി എന്ന ആരോപണത്തെ മുഖവിലയ്ക്കെടുക്കുന്നു. മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയും പാടില്ല എന്ന തിരിച്ചറിഞ്ഞ് കൊണ്ട് എന്റെ ആത്മാര്‍ത്ഥമായ ഖേദം അറിയിക്കുകയും സമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു' -എകെ ഫൈസല്‍ കുറിച്ചു.
ഫൈസലിന്റെ ഈ പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും വിവാദമാവുകയും ചെയ്തതിന് പിന്നാലെ അദ്ദേഹം ഫേസ്ബുക്കില്‍ നിന്നും പോസ്റ്റ് നീക്കം ചെയ്തിരുന്നു. ഫൈസലിന്റെ ഈ പ്രതികരണത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.
'ആദിലയ്ക്കോ നൂറയ്ക്കോ വലിഞ്ഞുകയറി സല്‍ക്കാരം സ്വീകരിക്കേണ്ട ആവിശ്യമില്ല. ജോലിയുള്ള അവര്‍ക്ക് കഴിക്കാനുള്ളത് അവര്‍ ഉണ്ടാക്കുന്നുണ്ട്. ഏതൊക്കെയോ വിവരം ഇല്ലാത്തവര്‍ പറഞ്ഞത് കേട്ട് അവര്‍ വിളിക്കാതെ വലിഞ്ഞുകയറി വന്നവരാണെന്ന് പറഞ്ഞത് വളരെ മോശമായിപ്പോയി. വിളിച്ച് വരുത്തി അപമാനിക്കുന്നത് ശുദ്ധ ചെറ്റത്തരം ആണ്. ആ കുട്ടികള്‍ മനസ്സറിഞ്ഞൊന്ന് ശപിച്ചാല്‍ നിങ്ങള്‍ ഉണ്ടാക്കിയ ഈ ചീട്ടുകൊട്ടാരം പാടെ തകരും. ഇന്ന് ചിരിച്ചോണ്ട് വന്ന പ്രമുഖ ബന്ധങ്ങള്‍ അന്ന് കാണുക പോലുമില്ല. ഒന്നുകില്‍ അവരെ ക്ഷണിക്കരുതായിരുന്നു. ഇനി ക്ഷണിച്ചെങ്കില്‍ തന്നെ ഈ വിധത്തില്‍ അപമാനിച്ചത് ശരിയാണോ? കുറെ ക്യാഷ് ഉണ്ടാക്കിയാല്‍ വിവരവും ബോധവും പോകുമോ? ഇതാണോ നിങ്ങളുടെ അന്തസ്സ്?' എന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ വിമര്‍ശനം.
