റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് ട്രംപ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ അതിവേഗ നീക്കവുമായി ഇന്ത്യ; യു.എസ്, മധ്യേഷ്യ എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ ക്രൂഡ് വാങ്ങാന്‍ നീക്കം; ജാംനഗറിലെ റിഫൈനറിയില്‍ പരമാവധി ക്രൂഡ് ഓയില്‍ സംഭരിച്ചതിന് പിന്നാലെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി അവസാനിപ്പിച്ചെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്; ഉപരോധം ബാധകമാകാത്ത സ്ഥാപനങ്ങളെ സമീപിക്കാനും നീക്കം

Update: 2025-11-21 05:52 GMT

ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണക്കമ്പനി കമ്പനികള്‍ക്കുള്ള യു.എസ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ മധ്യേഷ്യയിലെ വിതരണക്കാര്‍ വഴിയും യുഎസ്, പശ്ചിമാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നും കൂടുതല്‍ ക്രൂഡ് ഇറക്കുമതി ചെയ്യാനുള്ള അതിവേഗ നീക്കത്തില്‍ ഇന്ത്യയിലെ എണ്ണ സംസ്‌കരണശാലകള്‍. തത്സമയ ഡാറ്റ വിശകലന സ്ഥാപനമായ കെപ്ലറിന്റെ കണക്കുപ്രകാരം നവംബര്‍ 18വരെ റഷ്യയില്‍നിന്ന് പ്രതിദിനം 19 ലക്ഷം ബാരാലായിരുന്നു ഇറക്കുമതി ചെയ്തത്. നയാരയുടെ വാഡിനാര്‍ റിഫൈനറി ഒഴികെയുള്ളവ റഷ്യന്‍ എണ്ണ ഭീമന്മാരായ റോസ്നെഫ്റ്റ്, ലൂക്കോയില്‍ എന്നിവരുമായി നിലവിലെ ധാരണ പ്രകാരം ഇടപാട് നടത്താന്‍ സാധ്യതയില്ലെന്ന് ആഗോള തത്സമയ ഡാറ്റ അനലിസ്റ്റുകള്‍ പറയുന്നു.

അതേ സമയം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായി അവസാനിപ്പിച്ചെന്ന് വ്യക്തമാക്കി ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് രംഗത്ത് വന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്‌കരണശാലയാണ് റിലയന്‍സിന് കീഴില്‍ ഗുജറാത്തിലെ ജാംനഗറിലുള്ളത്. റിലയന്‍സിന്റെ ജാം നഗറിലുള്ള റിഫൈനറിയില്‍ ഇനിമുതല്‍ റഷ്യന്‍ എണ്ണയ്ക്കുപകരം ഗള്‍ഫ് മേഖലയില്‍ നിന്നുംമറ്റുമുള്ള ബദല്‍ എണ്ണയായിരിക്കും ഉപയോഗിക്കുക. യൂറോപ്പ്, യുഎസ്, മറ്റ് ചില രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ഊന്നിയാണ് റിഫൈനറിയുടെ പ്രവര്‍ത്തനം. നവംബര്‍ 20നകം തന്നെ റഷ്യന്‍ എണ്ണയുടെ ഇറക്കുമതി അവസാനിപ്പിച്ചെന്നും ഡിസംബര്‍ ഒന്നുമുതല്‍ ജാംനഗറില്‍ നിന്നുള്ള കയറ്റുമതി പൂര്‍ണമായും റഷ്യന്‍ ഇതര എണ്ണയുടേതാകുമെന്നും റിലയന്‍സ് അധികൃതര്‍ പറഞ്ഞു.

ട്രംപിന്റെ ഉപരോധത്തിന്റെ സമയപരിധി നവംബര്‍ 21ന് തുടങ്ങാനിരിക്കെ വന്‍തോതില്‍ റഷ്യന്‍ ക്രൂഡ് ഇറക്കുമതി പരാമാവധിയായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ നവംബര്‍ 21നുശേഷം ഇറക്കുമതിയില്‍ കുറവുണ്ടായേക്കാമെന്നാണ് വിലിയിരുത്തല്‍. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 35-38 ശതമാനവും റഷ്യയില്‍നിന്നാണ്. ഇതില്‍ പകുതിയിലധികം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ മുതലാകും ഇക്കാര്യം പ്രതിഫലിക്കുക. കമ്പനികളെയും അവയുടെ ഓഹരികളുള്ള ഉപസ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് യുഎസിന്റെ നീക്കം. അതുകൊണ്ടുതന്നെ ഉപരോധം ബാധകമാകാത്ത സ്ഥാപനങ്ങളോ ഇടനിലക്കാരോ വിതരണം ചെയ്യുന്ന ക്രൂഡ് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് വാങ്ങാന്‍ കഴിയും.

റഷ്യന്‍ ക്രൂഡിന്റെ കുറവ് നികത്താന്‍ ഇറാഖ്, സൗദി, യു.എ.ഇ, കുവൈത്ത് എന്നിവരെ ഇന്ത്യ സമീപിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള പ്രധാന ക്രൂഡ് വിതരണക്കാരില്‍ ഇപ്പോള്‍ യുഎസുമുണ്ട്. കെപ്ലറിന്റെ കണക്കു പ്രകാരം നവംബര്‍ 18 വരെ പ്രതിദിനം ശരാശരി 5,94,000 ബാരലാണ് യുഎസില്‍ നിന്നെത്തിയത്. ബ്രസീല്‍, കൊളംബിയ തുടങ്ങി തെക്കേ അമേരിക്കന്‍ വിതരണക്കാരില്‍നിന്ന് ക്രൂഡ് വാങ്ങുന്നതും വര്‍ധിപ്പിച്ചു. നൈജീരിയ, ഘാന എന്നിവിടങ്ങളില്‍നിന്നും ക്രൂഡ് സംഭരിക്കുന്നുണ്ട്.

അതേ സമയം റിയലയന്‍സിന്റെ ജാംനഗറിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് (സെസ്) പ്രതിദിനം 14 ലക്ഷം ബാരല്‍ സംസ്‌കരണശേഷിയുള്ള റിലയന്‍സിന്റെ റിഫൈനറി. ഇതു പൂര്‍ണമായും കയറ്റുമതിക്കുള്ളതാണ്. ഒപ്പം, ആഭ്യന്തര വിപണിയിലെ വിതരണം ലക്ഷ്യമിട്ടുള്ള പ്ലാന്റും പ്രവര്‍ത്തിക്കുന്നുണ്ട്. യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ ചട്ടങ്ങളെ എന്നും പാലിച്ചിട്ടുള്ള ചരിത്രമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിനുള്ളതെന്നും റഷ്യന്‍ എണ്ണയുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനൊപ്പം കമ്പനി നില്‍ക്കുമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലേക്ക് ഏറ്റവുമധികം റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആയിരുന്നു. യുഎസ് പ്രസിഡന്റ് ട്രംപ് റഷ്യന്‍ എണ്ണക്കമ്പനികളായ ലൂക്കോയില്‍, റോസ്‌നെഫ്റ്റ് എന്നിവയ്ക്ക് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ പൊതുമേഖയില്‍ നിന്ന് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ ഇറക്കുമതി അവസാനിപ്പിച്ചിട്ടുണ്ട്. നേരത്തേയുള്ള കരാര്‍ പ്രകാരമുള്ള എണ്ണമാത്രമാണ് നിലവില്‍ എത്തുന്നത്.

റോസ്‌നെഫ്റ്റുമായി റിലയന്‍സിന് പ്രതിദിനം 5 ലക്ഷം ബാരല്‍ വീതം എണ്ണ ഇറക്കുമതി ചെയ്യാന്‍ കരാര്‍ ഉണ്ടായിരുന്നു. ഉപരോധ പശ്ചാത്തലത്തില്‍ കരാര്‍ അനുസരിച്ചുള്ള ഇറക്കുമതിയും നടത്തില്ലെന്ന് റിലയന്‍സ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ സംസ്‌കരിച്ച് പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം തുടങ്ങിയ ഉപോല്‍പന്നങ്ങളാക്കി കയറ്റുമതി ചെയ്യുകയാണ് ജാംനഗര്‍ റിഫൈനറിയിലൂടെ റിലയന്‍സ് നടത്തുന്നത്.

Similar News