കൊണ്ടുനടക്കാവുന്ന ആയുധ സംവിധാനം; ലക്ഷ്യം ലോക്ക് ചെയ്ത് തോളില്‍ നിന്ന് വിക്ഷേപിക്കാം; അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സേനയ്ക്ക് കരുത്തേകാന്‍ ടാങ്ക് വേധ ജാവലിന്‍ മിസൈലുകള്‍; ഇന്ത്യക്ക് 826 കോടി രൂപയുടെ ആയുധം നല്‍കാന്‍ അമേരിക്ക
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഇന്ത്യയ്ക്കുള്ള 92.8 മില്യണ്‍ ഡോളറിന്റെ (ഏകദേശം 826 കോടി രൂപ) ആയുധവില്‍പ്പനയ്ക്ക് യുഎസിന്റെ അംഗീകാരം. ജാവലിന്‍ മിസൈലുകള്‍, എക്സ്‌കാലിബര്‍ പ്രൊജക്ടൈല്‍സ് തുടങ്ങിയവ അടക്കമുള്ള ആയുധങ്ങള്‍ വില്‍ക്കാനുള്ള കരാറിനാണ് അംഗീകാരമായത്. ഇതുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട എല്ലാ സര്‍ട്ടിഫിക്കേഷനുകളും നല്‍കിയതായി ഡിഫന്‍സ് സെക്യൂരിറ്റി കോ-ഓപ്പറേഷന്‍ ഏജന്‍സി(ഡിഎസ്സിഎ) യുഎസ് കോണ്‍ഗ്രസിനെ അറിയിച്ചു. ഇന്ത്യയുമായുള്ള നിര്‍ദിഷ്ട ആയുധവില്‍പ്പന യുഎസും ഇന്ത്യയുമായുള്ള തന്ത്രപ്രധാനബന്ധത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും ഡിഎസ്സിഎ പറഞ്ഞു.
ടാങ്ക് വേധ മിസൈലായ ജാവലിന്‍ എഫ്ജിഎം-148 മിസൈല്‍, 25 ജാവലിന്‍ ലൈറ്റ് വൈറ്റ് കമാന്‍ഡ് ലോഞ്ച് യൂണിറ്റുകള്‍ എന്നിവയാണ് 45.7 മില്യണ്‍ ഡോളറിന്റെ ആദ്യ പാക്കേജിലുള്ളത്. ഇതിനൊപ്പം സാങ്കേതിക സഹായങ്ങളടക്കമുള്ള അനുബന്ധസേവനങ്ങളും ഉള്‍പ്പെടുന്നു. എക്സ്‌കാലിബര്‍ പ്രൊജക്ടൈലുകളും ഇതുമായി ബന്ധപ്പെട്ട അനുബന്ധ ഉപകരണങ്ങളും അടങ്ങിയതാണ് രണ്ടാമത്തെ പാക്കേജ്. ഇതിന് ഏകദേശം 47.1 മില്യണ്‍ ഡോളര്‍ വിലവരുമെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു. ഇന്തോ-പസഫിക്, ദക്ഷിണേഷ്യന്‍ മേഖലയിലെ സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്ന പ്രധാന ശക്തിയാണ് ഇന്ത്യയെന്ന് വാഷിങ്ടണ്‍ അഭിപ്രായപ്പെട്ടു.
തങ്ങളുടെ പ്രധാന പ്രതിരോധ പങ്കാളികളായ ഇന്ത്യയുടെ സുരക്ഷാസന്നാഹങ്ങള്‍ ഇത് ശക്തിപ്പെടുത്തുമെന്നും പ്രസ്താവന തുടര്‍ന്നു. ആയുധവ്യാപാരം സംബന്ധിച്ച് യു.എസ് കോണ്‍ഗ്രസിനെ ധരിപ്പിക്കാനുള്ള സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ പ്രതിരോധ സുരക്ഷ സഹകരണ ഏജന്‍സി പൂര്‍ത്തിയാക്കി. യു.എസ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്താനും അമേരിക്കയുടെ വിദേശനയങ്ങള്‍ക്കും ദേശീയ സുരക്ഷ പരിഗണനകള്‍ക്കും കരുത്തു പകരാനും വില്‍പന കാരണമാകുമെന്ന് ഏജന്‍സി അഭിപ്രായപ്പെട്ടു. 216 എക്‌സ്‌കാലിബര്‍ പ്രൊജക്ടൈലുകളാണ് ഇന്ത്യ ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടുണ്ട്. ചില പ്രതിരോധ അനുബന്ധ ഉപകരണങ്ങളും ഇടപാടില്‍ ഉള്‍പ്പെടും.
നിര്‍ദിഷ്ട ആയുധവില്‍പ്പന നിലവിലെയും ഭാവിയിലെയും ഭീഷണികളെ നേരിടാനും പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഇന്ത്യയെ സഹായിക്കുമെന്ന് ഡിഎസ്സിഎ പറഞ്ഞു. പുതിയ ആയുധങ്ങളും സേവനങ്ങളും സേനകളില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യയ്ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും ഡിഎസ്സിഎ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് മാര്‍ക്ക്-1എ യുദ്ധവിമാനങ്ങള്‍ക്ക് ശക്തി പകരുന്നതിനായി 113 GE-F404 എഞ്ചിനുകള്‍ക്കായി, യു.എസ് ഭീമനായ ജനറല്‍ ഇലക്ട്രിക്കുമായി ഈ മാസം ആദ്യം ഇന്ത്യ ഒരു ബില്യണ്‍ ഡോളറിലധികം (8,900 കോടി രൂപ) കരാറില്‍ ഒപ്പുവച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ കരാര്‍.
ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഒരു ആധുനിക ടാങ്ക് വിരുദ്ധ ഗൈഡഡ് മിസൈല്‍ സംവിധാനമാണ് ജാവലിന്‍ മിസൈല്‍ സംവിധാനം. പ്രൊജക്റ്റുചെയ്ത് എല്ലാ ഭീഷണി കവചങ്ങളെയും പരാജയപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന കൊണ്ടുനടക്കാവുന്ന ആയുധ സംവിധാനമാണിത്. ഇത് വിക്ഷേപിക്കുന്നതിന് മുമ്പ് ഒരു ലക്ഷ്യം ലോക്ക് ചെയ്യാന്‍ കഴിയും. തോളില്‍ നിന്ന് വിക്ഷേപിക്കാവുന്നതും വെടിയുതിര്‍ക്കാന്‍ കഴിയുന്നതുമായ ഒരു ആയുധമാണ്.
