നഗരത്തിലെ കെട്ടിടങ്ങൾ ശക്തമായി കുലുങ്ങി; ഭയന്ന് വിറച്ച് ആളുകൾ പുറത്തേക്ക് ഓടി; 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ജീവൻ നഷ്ടമായത് 8 പേർക്ക്, മുന്നൂറിലധികം പേർക്ക് പരിക്ക്; അയർലൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരം തടസ്സപ്പെട്ടു; മരണസംഖ്യ ഉയരുമെന്ന് ആശങ്ക; വിറങ്ങലിച്ച് ബംഗ്ലാദേശ്

Update: 2025-11-21 16:24 GMT

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രാജ്യത്ത് ഇതുവരെ എട്ട് പേർ മരിച്ചതായും മുന്നൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 10:38 ഓടെയാണ് ഈ പ്രകമ്പനം അനുഭവപ്പെട്ടത്. ധാക്കയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള നർസിംഗ്ഡി ജില്ലയിലെ ഘോരാശാൽ പ്രദേശത്താണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. സമീപകാല ചരിത്രത്തിൽ ധാക്ക നഗരത്തോട് ഏറ്റവും അടുത്ത് രേഖപ്പെടുത്തിയ വലിയ ഭൂചലനങ്ങളിലൊന്നാണിത്.

യുഎസ് ജിയോളജിക്കൽ സർവേയുടെ (USGS) കണക്കനുസരിച്ച് ഭൂചലനം ഏകദേശം 26 സെക്കൻഡ് നീണ്ടുനിന്നു. ഭൂമിക്കടിയിൽ 10 കിലോമീറ്റർ മാത്രം ആഴത്തിൽ ഉണ്ടായ ഈ ചലനം കാരണം ധാക്ക നഗരത്തിൽ കെട്ടിടങ്ങൾ ശക്തമായി കുലുങ്ങി. തലസ്ഥാന നഗരിയിലെ പല കെട്ടിടങ്ങളിൽ നിന്നും ഓഫീസുകളിൽ നിന്നും ജനങ്ങൾ ഭയചകിതരായി പുറത്തേക്ക് ഓടി. പഴയ ധാക്കയിലെ അർമാനിറ്റോളയിൽ കെട്ടിടത്തിന്റെ കൈവരി തകർന്നുവീണ് മൂന്ന് പേർ മരണപ്പെട്ടു. തകർന്ന മതിലുകളും മേൽക്കൂരയുടെ ഭാഗങ്ങളും വീണാണ് മറ്റ് മരണങ്ങൾ സംഭവിച്ചത്.

ധാക്കയോട് ചേർന്നുള്ള പ്രധാന വ്യാവസായിക കേന്ദ്രമായ ഗാസിപ്പൂരിലാണ് പരിക്കേറ്റവരിൽ ഭൂരിഭാഗവും. ഇവിടെയുള്ള വസ്ത്രനിർമ്മാണ ശാലകളിൽ (ഗാർമെന്റ് ഫാക്ടറികൾ) പരിഭ്രാന്തി പരന്നതിനെ തുടർന്ന് തൊഴിലാളികൾ പുറത്തേക്ക് ഓടുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രവേശിപ്പിച്ചു. ഭൂചലനം അനുഭവപ്പെട്ടതിനെത്തുടർന്ന് ആളുകൾ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഇറങ്ങി ഓടുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ധാക്ക നിവാസിയായ ഷാദ്മാൻ സാകിഫ് ഇസ്‌ലാം തൻ്റെ അനുഭവം പങ്കുവെച്ചു: "ചെറിയ തോതിൽ തുടങ്ങി പെട്ടെന്ന് തന്നെ വലിയ കുലുക്കമായി മാറുകയായിരുന്നു. എൻ്റെ കസേരയും മേശയും ഉഗ്രമായി കുലുങ്ങാൻ തുടങ്ങി, എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാനാവാതെ 10-15 സെക്കൻഡ് ഞാൻ അവിടെ കുടുങ്ങിപ്പോയി. എൻ്റെ ജീവിതത്തിൽ ഇതിന് മുമ്പ് ഇങ്ങനെയൊരനുഭവം ഉണ്ടായിട്ടില്ല. ഒരു ബോട്ടിലിരുന്ന് വലിയ തിരമാലകളിലൂടെ സഞ്ചരിക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്."

ഭൂചലനം കൊൽക്കത്ത ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടു. ഈ സമയത്ത് ധാക്കയിൽ നടന്നുകൊണ്ടിരുന്ന ബംഗ്ലാദേശ്-അയർലൻഡ് ടെസ്റ്റ് ക്രിക്കറ്റ് മത്സരം തടസ്സപ്പെട്ടു. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി സർക്കാർ അടിയന്തര സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഭൂകമ്പ സാധ്യത കൂടുതലുള്ള മേഖലയായതിനാൽ, വലിയ ഭൂകമ്പങ്ങൾ നേരിടാൻ രാജ്യത്തെ കെട്ടിടനിർമ്മാണങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

മരണസംഖ്യ ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് രക്ഷാപ്രവർത്തനങ്ങളും നഷ്ടപരിശോധനകളും ഊർജ്ജിതമായി തുടരുകയാണ്. ഇന്ത്യൻ, യുറേഷ്യൻ, ബർമീസ് എന്നീ ടെക്റ്റോണിക് പ്ലേറ്റുകളുടെ അതിർത്തികളോട് അടുത്താണ് ബംഗ്ലാദേശ് സ്ഥിതി ചെയ്യുന്നത്. അതിനാൽത്തന്നെ രാജ്യം ഭൂകമ്പ സാധ്യതയുള്ള മേഖലയാണ്. എങ്കിലും ബംഗ്ലാദേശിൽ ഭൂചലനങ്ങൾ പതിവായി സംഭവിക്കാറില്ല. 2023-ൽ വടക്കുകിഴക്കൻ ബംഗ്ലാദേശിലെ സിൽഹെറ്റിന് സമീപം 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. അതിനു മുൻപ്, 2021-ൽ ഇന്ത്യയുടെയും മ്യാൻമറിൻ്റെയും അതിർത്തിയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രകമ്പനം ചിറ്റഗോങ്ങിലും കോക്‌സ് ബസാറിലും അനുഭവപ്പെട്ടിരുന്നു.

Tags:    

Similar News