'ഇസ്രായേലിന് ചുവപ്പ് കാർഡ് കാണിക്കുക, ഗാസയിലെ നരഹത്യ അവസാനിപ്പിക്കുക'; ഇസ്രായേൽ ബാസ്‌കറ്റ്‌ബോൾ ടീമിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ആയിരക്കണക്കിന് ആളുകൾ; കലാപ നിയന്ത്രണ സേനയ്ക്ക് നേരെ കല്ലേറ്; എട്ട് പോലീസുകാർക്ക് പരിക്ക്; യുദ്ധക്കളമായി ബൊളോണിയ

Update: 2025-11-22 16:43 GMT

ബൊളോണിയ: ഇറ്റലിയിലെ ബൊളോണിയ നഗരത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായത് യൂറോപ്പിലെ കായിക വേദികളിൽ അരങ്ങേറിയതിൽവെച്ച് ഏറ്റവും അക്രമാസക്തമായ ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളിൽ ഒന്നാണ്. യൂറോ ലീഗ് ബാസ്‌ക്കറ്റ്‌ബോൾ മത്സരത്തിൽ പങ്കെടുക്കാനെത്തിയ ഇസ്രായേൽ പ്രമുഖ ടീമായ മക്കാബി ടെൽ അവീവിനെതിരെയായിരുന്നു പലസ്തീൻ അനുകൂല പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയത്. ബൊളോണിയയുടെ ഹൃദയഭാഗത്ത് ആരംഭിച്ച സമാധാനപരമായ പ്രകടനം മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് സമീപമെത്തിയതോടെ സംഘർഷമായി.

പോലീസുകാരെ ലക്ഷ്യമാക്കി പ്രതിഷേധക്കാർ റോക്കറ്റുകളും, ഫ്ലെയറുകളും, മറ്റ് സ്ഫോടകവസ്തുക്കളും എറിഞ്ഞു. പ്രതിഷേധക്കാരും കലാപ നിയന്ത്രണ പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് പോലീസുകാർക്ക് പരിക്കേറ്റു. വിർടസ് ബൊളോണ ടീമുമായി വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തിന് മുന്നോടിയായാണ് ആയിരക്കണക്കിന് ഇസ്രായേൽ വിരുദ്ധ പ്രകടനക്കാർ നഗരത്തിൽ തടിച്ചുകൂടിയത്. "സയണിസ്റ്റുകൾ ബൊളോണ വിടുക" എന്ന മുദ്രാവാക്യമുയർത്തി പ്രകടനക്കാർ സ്റ്റേഡിയത്തിലേക്ക് മാർച്ച് ചെയ്തു.

"ഇസ്രായേലിന് ചുവപ്പ് കാർഡ് കാണിക്കുക," "ഗാസയിലെ നരഹത്യ അവസാനിപ്പിക്കുക" തുടങ്ങിയ മുദ്രാവാക്യങ്ങളുമായിട്ടാണ് പ്രക്ഷോഭകർ നഗരത്തിന്റെ പ്രധാന കേന്ദ്രമായ പിയാസ്സ മജിയോറിൽ ഒത്തുകൂടിയത്. ഇസ്രായേലിനെ അന്താരാഷ്ട്ര കായിക വേദികളിൽ നിന്ന് ഉടൻ പുറത്താക്കണമെന്നും, യൂറോ ലീഗ് അടക്കമുള്ള മത്സരങ്ങൾ രാഷ്ട്രീയ ഇടപെടലിന് വേദിയാകരുതെന്നും അവർ ആവശ്യപ്പെട്ടു. വെർതസ് ബൊളോണിയയും മക്കാബി ടെൽ അവീവും തമ്മിലുള്ള മത്സരം നടക്കേണ്ടിയിരുന്ന പാലാഡോസ അരീനയിലേക്ക് നീങ്ങാൻ പ്രക്ഷോഭകർ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്.

സ്റ്റേഡിയത്തിലേക്ക് കടക്കുന്ന വഴികളിലെല്ലാം പോലീസ് ബാരിക്കേഡുകൾ വെച്ച് കനത്ത സുരക്ഷാ വലയം തീർത്തിരുന്നു. സുരക്ഷാഭീഷണികൾ മുൻകൂട്ടി കണ്ടുകൊണ്ട് നഗരത്തിൽ വിപുലമായ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്. ബാരിക്കേഡുകൾ മറികടക്കാൻ സാധിക്കാതെ വന്നതോടെ പ്രക്ഷോഭകർ പോലീസുകാർക്ക് നേരെ കല്ലുകളും, ഇരുമ്പ് ദണ്ഡുകളും, കുപ്പികളും വലിച്ചെറിയാൻ തുടങ്ങുകയും ചെയ്തു. ഇതോടെ, പോലീസ് കണ്ണീർ വാതകവും ജലപീരങ്കികളും പ്രയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. എട്ട് പോലീസുകാർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവുമായി ബന്ധപ്പെട്ട് 15 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തെരുവുകളിലെ താൽക്കാലിക തടസ്സങ്ങൾ നീക്കം ചെയ്യാനും തീയിട്ട വസ്തുക്കൾ അണയ്ക്കാനും അഗ്നിശമന സേനയുടെ സഹായം തേടി. ഗാസയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ ടീമുകൾക്കെതിരെ യൂറോപ്പിൽ വ്യാപകമായി പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിലാണ് ബൊളോണിയയിലെ ഈ സംഭവം. മത്സരത്തിന് സുരക്ഷ നൽകുന്നതിനെക്കുറിച്ച് പ്രാദേശിക ഭരണകൂടവും മേയർ മാത്യോ ലെപോറെയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

കളി മറ്റൊരു വേദിക്കോ, മറ്റൊരു സമയത്തേക്കോ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഇറ്റാലിയൻ ആഭ്യന്തര മന്ത്രാലയം ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു. സർക്കാർ സുരക്ഷ ഉറപ്പുനൽകിയതിനെ തുടർന്നാണ് മത്സരം നിശ്ചയിച്ച പ്രകാരം നടന്നത്. അക്രമം അഴിച്ചുവിട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേൽ ടീമിന്റെ താരങ്ങൾക്കും ഒഫീഷ്യൽസിനും കനത്ത സുരക്ഷാ വലയമാണ് പോലീസ് ഒരുക്കിയിരുന്നത്. നിലവിൽ ബൊളോണിയ നഗരത്തിലെ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.

Tags:    

Similar News